അസറുദ്ദീന്‍ വിവാഹ മോചനത്തിലേക്ക്?

Webdunia
വെള്ളി, 23 ജൂലൈ 2010 (18:27 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എം പിയുമായ മുഹമ്മദ് അസറുദ്ദീന്‍ വീണ്ടും വിവാഹമോചനത്തിലേക്ക്. നിലവിലെ ഭാര്യ സംഗീത ബിജ്‌ലാനിയെ ഉടന്‍ ഉപേക്ഷിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പതിനാല് വര്‍ഷം നീണ്ട അസറുദ്ദീന്റെ രണ്ടാം വിവാഹ ജീവിതവും അവസാനിക്കുകയാണ്.

അസറുദ്ദീന്‍ പുതിയ വധുവായി ബാഡ്മിന്റന്‍ താരമായ ജ്വാല ഗുത്തയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്. ഇരുപത്തിയാറുകാരിയായ ഗുത്ത ബാന്‍ഡ്മിന്റന്‍ മിക്സഡ് ഡബിള്‍സ് ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണ്. അസറുദ്ദീനെയും ഗുത്തയെയും ചില ഹോട്ടലുകളില്‍ ഒന്നിച്ച് കണ്ടതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബാഡ്മിന്റന്‍ താരം ചേതന്‍ ആനന്ദിന്റെ ഭാര്യ കൂടിയാണ് ഗുത്ത.

ഗുത്ത പരിശീലിക്കുന്ന പുല്ലേല ഗോപീചന്ദിന്റെ സ്ഥാപനത്തില്‍ അസറുദ്ദീന്‍ എത്താറുണ്ടെന്നും അവര്‍ ഒന്നിച്ചാണ് പോകാറെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആന്ദ്രാപ്രദേശ് ബാഡ്മിന്റന്‍ അസോസിയേഷന്‍ വക്താവാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം, ഇത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ആര്‍ക്കും എന്തും സംസാരിക്കുകയും എഴുതാമെന്നും അസറുദ്ദീന്‍ പറഞ്ഞു.