അമേരിക്കന്‍ പൗരത്വം: പരീക്ഷയില്‍ പരിഷ്കരണം

തിങ്കള്‍, 15 ഒക്‌ടോബര്‍ 2007 (17:37 IST)
.
അമേരിക്കന്‍ അഥവാ യുഎസ്‌ പൗരത്വം ലഭിക്കാനുള്ള പരീക്ഷയില്‍ നിരവധി മാറ്റങ്ങള്‍ ഉള്ളതായി സൂചന. 2007 സെപ്റ്റംബര്‍ 27 ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ യു എസ്‌ സിറ്റിസണ്‍ഷിപ്പ് ആന്‍റ് എമിഗ്രേഷന്‍ സര്‍വീസസ്‌ അറിയിച്ചതാണീ വിവരം.

അമേരിക്കന്‍ പൗരത്വം നല്‍കുന്നതിനു വേണ്ടി യു.എസ്‌ സിറ്റിസണ്‍ഷിപ്‌ ആന്‍ഡ്‌ എമിഗ്രേഷന്‍ സര്‍വീസസ്‌ നടത്തുന്ന യോഗ്യതാ പരീക്ഷയില്‍ പ്രധാനമായും പരീക്ഷാ ചോദ്യ രീതിയാണ്‌ പരിഷ്കരിക്കുന്നുന്നതെന്നറിയുന്നു.

പുതിയ നിയമ വ്യവസ്ഥ പ്രകാരം 2008 ഒക്ടോബര്‍ ഒന്നിനു ശേഷം അമേരിക്കന്‍ പൗരത്വത്തിന്‌ അപേക്ഷിക്കുന്ന എല്ലാവരും പുതിയ രീതിയിലുളള പരീക്ഷ എഴുതണം.

അതേ സമയം 2008 ഒക്‌ടോബര്‍ ഒന്നിനു മുമ്പ്‌ അപേക്ഷിച്ചവര്‍ക്ക്‌ 2008 ഒക്ടോബര്‍ ഒന്നിനു ശേഷമാണു കൂടിക്കാഴ്ചയ്ക്കു വിളിക്കുന്നതെങ്കില്‍ 2009 ഒക്ടോബര്‍ ഒന്ന് വരെ പുതിയ രീതിയോ പഴയ രീതിയോ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും എന്നതാണ്‌ പ്രത്യേകത.

എന്നാല്‍ 2008 ഒക്ടോബര്‍ ഒന്നിന്‌ മുമ്പായി അപേക്ഷിക്കുകയും ഈ തീയതിക്കു മുമ്പായി ഇന്‍റര്‍ര്‍വ്യൂവിന്‌ വിളിക്കുകയും ചെയ്‌താല്‍ അങ്ങനെയുളളവര്‍ക്ക് നിലവിലുള്ള ടെസ്റ്റ്‌ മതിയാകും.

2009 ശേഷമാണു ഇന്‍റര്‍വ്യൂ എങ്കില്‍ എന്ന്‌ അപേക്ഷിച്ചാലും പുതിയ ടെസ്റ്റ്‌ തന്നെ എഴുതണം എന്നായിരിക്കുകയാണിപ്പോള്‍.

പുതിയ അറിയിപ്പു വന്നതിനു ശേഷം, അതായത്‌ 2007 സെപ്തംബര്‍ 27 നു ശേഷം, കൃത്യം ഒരു വര്‍ഷം പുതിയ ചോദ്യങ്ങളുമായി പരിചയപ്പെടുന്നതിനും അപേക്ഷകര്‍ക്കു സൗകര്യം ലഭിക്കും.

ഇതോടൊപ്പം മറ്റൊരു പ്രധാന കാര്യം ഒരു വിദേശ രാജ്യത്തുനിന്നും അമേരിക്കയില്‍ കുടിയേറി ഇവിടെ സ്ഥിരതാമസമാക്കിയ ഒരാള്‍ അമേരിക്കന്‍ പൗരനാകണമെങ്കില്‍ നാച്ചുറലൈസേഷന്‍ എന്ന പ്രക്രിയ പൂര്‍ത്തിയാക്കിയിരിക്കണം. വിദേശ കുടിയേറ്റക്കാര്‍ക്കു നല്‍കുന്നതില്‍ വച്ചേറ്റവും മഹത്തായ ദാനമാണു അമേരിക്കന്‍ പൗരത്വം എന്നാണ് അധികൃതര്‍ കണക്കാക്കിയിരിക്കുന്നത്‌.


ഒരാള്‍ അമേരിക്കന്‍ പൗരനാകുന്നത് നിലവിലെ നടപടി ക്രമങ്ങള്‍ അനുസരിച്ച്‌ രണ്ടു രീതിയിലാണ്‌ ‌. ഒന്ന്‌ ജനനത്തിലൂടെയും മറ്റൊന്ന് നാച്ചുറലൈസേഷനിലൂടെയും.

അമേരിക്കന്‍ പൗരത്വം നേടാന്‍ ഒരു വിദേശി പ്രധാനമായും എന്തെല്ലാം ചെയ്യണം എന്ന്‌ താഴെപ്പറയുന്നു. :

* പതിനെട്ടു വയസ്സു പൂര്‍ത്തിയായതും നിയമാനുസൃതം അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ്‌ ലഭിച്ചയാളും ആയിരിക്കണം അപേക്ഷകന്‍.

* നല്ല പൗരനായി അമേരിക്കയില്‍ ഏറ്റവും കുറഞ്ഞത്‌ അഞ്ചു വര്‍ഷമെങ്കിലും താമസിച്ചിരിക്കണം. (അതേ സമയം ഒരു അമേരിക്കന്‍ പൗരനെ വിവാഹം ചെയ്‌തു ഒന്നിച്ചു ജീവിക്കുകയാണെങ്കില്‍ മൂന്നു വര്‍ഷം മതിയാകും എന്ന ഇളവുണ്ട്‌).

* മറ്റൊരു പ്രധാന വ്യവസ്ഥ ഈ അഞ്ചു വര്‍ഷ കാലയളവില്‍ ഒരു കൊല്ലത്തില്‍ കൂടുതല്‍ കാലം അമേരിക്കയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പാടില്ല. ഏറ്റവും കുറഞ്ഞത്‌ 30 മാസമെങ്കിലും അമേരിക്കയില്‍ താമസിച്ചിരിക്കണം. (അതേ സമയം അമേരിക്കന്‍ പൗരന്‍റെ ജീവിതപങ്കാളിക്ക്‌ മൂന്നു വര്‍ഷത്തില്‍ 18 മാസം മതിയാകും എന്ന ഇളവുണ്ട്‌).

* അമേരിക്കന്‍ പൌരത്വത്തിന് അപേക്ഷിക്കുന്നതിനു മുമ്പ്‌ ആ സംസ്ഥാനത്തോ, അല്ലെങ്കില്‍ ഒരു യുഎസ്‌ ഡിസ്ര്ടിക്‌ടിലോ ഏറ്റവും കുറഞ്ഞത്‌ മൂന്നു മാസമെങ്കിലും താമസിച്ചിരിക്കണം.

* അമേരിക്കന്‍ ഭരണ ഘടനയുടെ മൗലീകതത്വങ്ങളോടും ആദര്‍ശങ്ങളോടും കൂറു പുലര്‍ത്തിയിരിക്കണം എന്ന് നിര്‍ബ്ബന്ധമാണ്.

* മറ്റൊരു പ്രധാന വ്യവസ്ഥ ഇംഗീഷ്‌ ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും നന്നായി കഴിയണം. കൂടാതെ അമേരിക്കന്‍ ചരിത്രം, സര്‍ക്കാര്‍, അവിടത്തെ പൗരാവകാശങ്ങള്‍, പൗരധര്‍മ്മം എന്നിവയെ കുറിച്ചും മികച്ച അടിസ്ഥാന അറിവുണ്ടായിരിക്കണം.

* മറ്റൊരു പ്രധാന വ്യവസ്ഥ അമേരിക്കയോടു കൂറുപുലര്‍ത്തുന്നതായുളള സത്യപ്രതിജ്ഞ എടുത്തിരിക്കണം.


പുതുക്കിയ നിയമം അനുസരിച്ച് നാച്ചുറലൈസേഷന്‍ ടെസ്റ്റിന് രണ്ടു വിഭാഗങ്ങളാണുളളത്‌.

ഇതില്‍ ആദ്യത്തേതില്‍ അമേരിക്കന്‍ ചരിത്രം, അമേരിക്കന്‍ സര്‍ക്കാര്‍‌, പൗരബോധം എന്നിവ ഉള്‍ക്കൊളളുന്ന സിവിക്സ്‌ വിഭാഗം ഉണ്ടായിരിക്കും.

രണ്ടാമത്തതില്‍ ഇംഗീഷില്‍ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിവു പരിശോധിക്കുന്നതിനുള്ള ഇംഗീഷ്‌ ടെസ്റ്റ്‌. ഇതില്‍ സിവിക്സ്‌ വിഭാഗം ചോദ്യങ്ങളാണു നവീകരിക്കുന്നത്‌.

ഒന്നാം വിഭാഗം പരീക്ഷ ജയിക്കണമെങ്കില്‍ നാച്ചുറലൈസേഷന്‍ ടെസ്റ്റിന്‍റെ കൂടിക്കാഴ്ചാ വേളയില്‍ നേരത്തെ തന്നിരിക്കുന്ന 100 ചോദ്യങ്ങളും ലിസ്റ്റില്‍ നിന്നും ചോദിക്കുന്ന 10 ചോദ്യങ്ങളില്‍ ആറെണ്ണത്തിനെങ്കിലും ശരിയുത്തരം നല്‍കിയിരിക്കണം എന്നാണ്‌ പ്രധാന നിബന്ധന.

യു.എസിലെ പ്രധാനപ്പെട്ട 10 കേന്ദ്രങ്ങളില്‍ വച്ച്‌ നാലു മാസംകൊണ്ടു 6000 സിറ്റിസണ്‍ഷിപ്‌ അപേക്ഷകരില്‍ 142 ചോദ്യങ്ങളുളള ഒരു മാതൃക പരീക്ഷിച്ചിരുന്നു. അതിനു ശേഷം അതില്‍നിന്നു കിട്ടിയ ഉത്തരങ്ങളും പ്രതികരണങ്ങളും താരതമ്യ പഠനം നടത്തിയാണ്‌ 100 ചോദ്യങ്ങളായി ചുരുക്കിയത്‌. ഈ പുതുക്കിയ മാതൃക ഡയറക്‌ടര്‍ എമിലിയോ ഗോണ്‍സാലസാണ്‌ പുറത്തിറക്കിയത്‌.

വിവിധ രംഗങ്ങളിലുള്ളവര്‍ ചേര്‍ന്ന്‌ തയ്യാറാക്കിയ ഈ പരീക്ഷ അമേരിക്കക്കാരായി ഒന്നാക്കി നിര്‍ത്തുന്ന അടിസ്ഥാന പൗരബോധവും മൂല്യങ്ങളും പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും പ്രചോദനമാകുമെന്ന്‌ അമേരിക്കന്‍ അധികൃതര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക