ഏതാണ്ട് ഇരുപത് കൊല്ലമായി കേരളത്തിലെ സാധാരണക്കാരന്റെ പ്രധാന ഭക്ഷ്യവസ്തുവായി മാറിയ "ചിക്കന്‍' തത്ക്കാലം വിടപറയുകയാണ്. മീനിനോടാണിപ്പോള് പ്രിയം. ഇന്ത്യയിലും പക്ഷിപ്പനിയെത്തി എന്ന വാര്‍ത്തയാണ് പൊടുന്നനെയുള്ള ഈ മാറ്റത്തിന് കാരണം.
കേരളീയര്‍ പണ്ടും കോഴി കഴിച്ചിരുന്നു. പക്ഷെ അത് വല്ലപ്പോഴുമുള്ള വിശേഷ ദിവസങ്ങളില്‍ മാത്രമുള്ള വിഭവമായിരുന്നു. കൊല്ലത്തില്‍ അഞ്ചോ പത്തോ ദിവസം, സാമ്പത്തികശേഷിയുള്ളവര്‍ മാസത്തില്‍ രണ്ടോ മൂന്നോ ദിവസം മാത്രമായിരുന്നു കോഴി ഭക്ഷണമാക്കിയിരുന്നത്.
ബ്രോയ്ലര്‍ കോഴികള്‍ വന്നതോടെ നാടന്‍ കോഴികള്‍ ഇറച്ചിക്കോഴികള്‍ അല്ലാതായി. കോഴിയെ കൊന്ന് തൊലിയുരിച്ച് വെട്ടി കഷ്ണങ്ങളാക്കി കൊടുക്കുന്ന കടകള്‍ വന്നതോടെ എന്നും എപ്പോഴും കോഴി കഴിക്കാമെന്ന അവസ്ഥ വന്നു.
മീന്‍ പോലെ കോഴിയും എതാണ്ടൊരു നിത്യോപയോഗ വസ്തുവായി. തമിഴ്നാട്ടില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങള്‍ വരികയും കേരളത്തിലവയെ തീറ്റികൊടുത്ത് പോറ്റി വലുതാക്കുകയും ചെയ്യുന്നത് വലിയൊരു ബിസിനസായി മാറി.
തട്ടുകടകളുടെ വരവോടെ കോഴിവിഭവങ്ങള്‍ക്ക് പ്രിയമേറി. അതോടെ കോഴി എന്ന വാക്ക് മലയാളി മറുന്നു. ചില ആളുകളെ വിശേഷിപ്പിക്കാന്‍ പോന്ന പദം മാത്രമായി അതു മാറി.
ചില്ലിചിക്കന്, ചിക്കന്‍ ഫ്രൈ, ചിക്കന്‍ 65, ചിക്കന്‍ മഞ്ചൂരിയന്, ചിക്കന്‍ സ്റ്റൂ, ചിക്കന്‍ മസാല എന്നിങ്ങനെ നൂറായിരം പേരുകളില്‍ കോഴികളെ മലയാളി ശാപ്പിട്ടു പോന്നു. കേരളത്തിലെ സന്ധ്യകള്‍ക്ക് ചിക്കന്‍ ഫ്രൈയുടെ മണമായിരുന്നു.
കോഴിയാണന്റെ ജാതകപക്ഷി എന്നെഴുതിയ കരൂര്‍ ശശിയും കോഴികള്‍ക്ക് വേണ്ടിയും സര്‍വ്വ പക്ഷിമൃഗാദികള്‍ക്കും വൃക്ഷലതാധികള്‍ക്കും വേണ്ടിയും കവിതകളിലൂടെ യഥേഷ്ടം കണ്ണീരൊഴുക്കിയ സുഗതകുമാരിയും ചിക്കന്‍ ഇഷ്ടവിഭവമാക്കി മാറ്റി.
അങ്ങനെ ചിക്കന്‍ വിപ്ളവം കേരളത്തില്‍ തകര്‍ത്തു മറിയുമ്പോഴാണ് ഇടിത്തീ പോലെ വാര്‍ത്ത വരുന്നത് ഇന്ത്യയിലും പക്ഷിപ്പനി. മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും അതിര്‍ത്തി പ്രദേശങ്ങളില്‍ കോഴികള്‍ ചത്തൊടുങ്ങുന്നു.
മുമ്പൊരിക്കല്‍ - പത്ത് പന്ത്രണ്ട് കൊല്ല് മുമ്പ് - കേരളത്തില്‍ മീനുകള്‍ ചത്തുപൊങ്ങിയപ്പോഴും, സുനാമി വന്ന് കടല്മീനുകള് മനുഷ്യ മാംസം കഴിച്ചുവെന്ന ആശങ്കയുണ്ടായപ്പോഴും മലയാളി മീനിനെയും വെറുത്തിരുന്നു.
എല്ലാം താത്ക്കാലികം മാത്രം. കോഴിയുടെ ശുക്രദശ വരാതിരിക്കില്ല; വീണ്ടും വീണ്ടും.