ശബരിമല അയ്യപ്പന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാട് ഏത് എന്ന് ചോദിച്ചാല്‍ കുഴഞ്ഞു പോവുകയേയുള്ളു. കാരണം, ഭക്തര്‍ സമര്‍പ്പിക്കുന്നത് എന്തും നിറഞ്ഞ മനസ്സോടെ സ്വീകരിച്ച് അതിന്‍റെ എത്രയോ ഇരട്ടി തിരിച്ചുനല്‍കുന്ന ഭഗവാനാണ് അയ്യപ്പന്‍.
എങ്കിലും ത്രിമധുരമായിരിക്കും ഭഗവാന് ഏറ്റവും ഇഷ്ടം എന്ന് അനുമാനിക്കേണ്ടിവരും. കാരണം പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യം നേദിച്ചത് ത്രിമധുരമായിരുന്നു. മറ്റൊന്ന് രാവിലെ നിര്‍മ്മാല്യത്തിനു ശേഷം ആദ്യം നേദിക്കുന്നതും ത്രിമധുരമാണ്. അതിനു ശേഷമേ നെയ്യഭിഷേകം തുടങ്ങാറുള്ളു.
ത്രിമധുരം, പഞ്ചാമൃതം, അപ്പം, എള്ളുണ്ട, പാനകം, ഇളനീര്‍, താമ്പൂലം, പഴം, പായസം എന്നിവയെല്ലാം ശബരിഗിരിനാഥന് ഇഷ്ടപ്പെട്ട വഴിപാടുകളാണ്.
നെയ്യഭിഷേകം, പുഷ്പാഞ്ജലി, നീരാജനം, പാലഭിഷേകം, പനിനീരഭിഷേകം, ചന്ദനം ചാര്‍ത്തല്‍, അരവണ നിവേദ്യം എന്നിവയിലും ഭഗവാന്‍ സംപ്രീതനാവുന്നു. അഭീഷ്ട സിദ്ധിക്കും ദോഷനിവാരണത്തിനും ആണ് ഇവ നടത്താറുള്ളത്. അവിടത്തെ കാല്‍ക്കല്‍ ആഭരണങ്ങളും നാണയങ്ങളും ആള്‍ രൂപങ്ങളും ഭക്തര്‍ സമര്‍പ്പിക്കുന്നു.
സഹസ്രനാമാര്‍ച്ചനയും ലക്ഷാര്‍ച്ചനയും ശബരിഗിരീശന് സന്തുഷ്ടി ഏകുന്നു. പൂമാലകളും പുഷ്പാര്‍ച്ചനയും ഏറെ ഇഷ്ടമാണ്. ഭക്തര്‍ ചെന്നു കാണുന്നത് ഭഗവാന് ഇഷ്ടമാണ്. വഴിപാടൊന്നും നടത്തിയില്ലെങ്കിലും ശബരീശനെ ചെന്നു കാണുക എന്നത് ഭക്തര്‍ക്ക് ആത്മ നിര്‍വൃതിയാണ്. എങ്കിലും സ്വന്തം ധനസ്ഥിതിക്ക് അനുസരിച്ച് വഴിപാടുകള്‍ നടത്താവുന്നതാണ്.