ഫസ്റ്റ് സൈറ്റ് ലൗ; ഹൃദയം മാത്രമല്ല തലച്ചോറും പറയുന്നു, അവൾ നിനക്കുള്ളതാണ്!

അപര്‍ണ ഷാ
തിങ്കള്‍, 6 ഫെബ്രുവരി 2017 (15:11 IST)
ലോകത്ത് ഏറ്റവും കൂടുതൽ രചിക്കപ്പെട്ടിരിക്കുന്നത് പ്രണയത്തെ കുറിച്ചാ‌ണ്. പ്രണയം പലതരത്തിലുണ്ടല്ലോ? അതിലൊന്നാണ് ലൗ അറ്റ് ഫസ്റ്റ് സൈറ്റ്. ഈ വാക്കുകളിൽ തന്നെയുണ്ട് ആ പ്രണയം പറയുന്നതെന്താണെന്ന്. കണ്ണുകളാൽ പ്രണയിച്ചു. കണ്ണുകളിൽ നോക്കിയാൽ അറിയാം ഒരാൾക്ക് മറ്റൊരാളോടുള്ള പ്രണയം. പ്രണയം ഹൃദയവുമായി അല്ലെങ്കില്‍ മനസ്സുമായി ബന്ധപ്പെട്ടതാണെന്നാണ് പൊതുവേയുള്ള വിശ്വാസം. അനുഭവമാണല്ലോ പലപ്പോഴും വിശ്വാസമായി മാറുന്നത്.
 
ആദ്യകാഴ്ചയിലെ പ്രണയം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരിക എതെങ്കിലും ഒരു സിനിമയായിരിക്കും എന്നുറപ്പാണ്. പൊതുവെ മലയാള സിനിമകളിൽ ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊരു വിഷയം കുറവാണ്. ഇല്ലെന്ന് പറയാൻ കഴിയില്ല. എന്നാൽ അന്യഭാഷാ ചിത്രങ്ങളുടെ കാര്യമെടുത്താൽ പ്രത്യേകിച്ച് തമിഴ്, എല്ലാം ആദ്യകാഴ്ചയിലെ പ്രണയമാണ്.
 
ഊരും പേരും അറിയാതെയാണ് അവരിൽ ഒരാൾ പ്രണയത്തിൽ വീഴുന്നത്. ഒരുപക്ഷേ അവൻ പോലും അറിയാതെ. 'അവൻ' എന്ന് പറയാൻ കാരണമുണ്ട് പൊതുവെ 'ലൗ അറ്റ് ഫസ്റ്റ് സൈറ്റ്' ആൺകുട്ടികൾക്കാണല്ലോ തോന്നുക. അതല്ല, പെൺകുട്ടിയ്ക്കാണ് തോന്നുന്നതെങ്കിൽ ഉറപ്പായും അവൾ മറ്റൊരു 'പൂജ' ആയിരിക്കും. പൂജയെ മനസ്സിലായില്ലെ? ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ കഥാപാത്രം. ഗിരിയുടെ പിന്നാലെ പൂജ നടന്നത് പോലെ നടന്ന്, സ്നേഹിക്കുന്നുവെന്ന് ഇങ്ങോട്ട് പറയിപ്പിക്കണം. പെൺകുട്ടികൾ അക്കാര്യത്തിൽ പുറകോട്ട് തന്നെയാണ്.
 
ആദ്യ പ്രണയത്തിന്റെ കാൽപ്പനിക ച്ഛായയിൽ പൂത്തുലഞ്ഞു നിൽക്കുമ്പോൾ തേടുന്നത് അവളെയായിരിക്കും. അവന്റെ കണ്ണുകളിൽ ആദ്യം നിറയുന്നത് അവളുടെ മുഖമാണ്... തന്റെ സ്വപ്നങ്ങളിലെ രാജകുമാരി അവളാണെന്ന് അവന് തോന്നാം. താൻ വർണിച്ച് കൊണ്ടിരുന്ന സൗന്ദര്യം (ഓരോരുത്തർക്കും അവരുടേതായ കാഴ്ചപ്പാടുകളിൽ) അവളുടേതായിരുന്നുവെന്ന് അവന് തോന്നാം... ഇങ്ങനെയൊരു തോന്നൽ ഉണ്ടായാൽ മത്രം മതി. അവൻ അവളെ പ്രണയിച്ചു തുടങ്ങിയെന്ന് അർത്ഥം. അവൻ പോലും അറിയാതെ... അതാണ് പ്രണയം.
 
എന്തുകൊണ്ടാണ് ഒരാൾക്ക് ആദ്യകാഴ്ചയിൽ തന്നെ മറ്റൊരാളെ ഇഷ്ടപ്പെടുന്നത് എന്ന് ചോദിച്ചാൽ ഒരുത്തരമേ ഉള്ളു. ഫസ്റ്റ് ഇമ്പ്രഷൻ ഈസ് ദ ബെസ്റ്റ്. പക്ഷേ സയൻസിന് ഇക്കാര്യത്തിൽ പറയാനുള്ളത് മറ്റൊന്നാണ്. ഒരു വ്യക്തിയില്‍ പ്രണയം ജനിക്കുമ്പോള്‍ തലച്ചോറിലെ പന്ത്രണ്ട് കേന്ദ്രങ്ങളാണ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതത്രേ. ഇവയെല്ലാം പ്രവര്‍ത്തിച്ചാണ് ഡോപാമൈന്‍, ഓക്‌സിടോസിന്‍, അഡ്രിനാലിന്‍, വാസോപ്രഷന്‍ എന്നീ രാസവസ്തുക്കള്‍ അടങ്ങിയ യൂഫോറിയ പുറത്തുവിടുന്നത്.
 
ഇതാണ് പ്രണയം എന്ന വികാരത്തെ ഉദ്ദീപിക്കുന്നത്. ഇവയുടെ പ്രവര്‍ത്തനം മാനസികാവസ്ഥ, ശാരീരികാവസ്ഥ എന്നിവയില്‍ വ്യത്യാസമുണ്ടാക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രണയത്തിന്റെ അത് പ്രധാനമായ കാര്യങ്ങളൊക്കെ സംഭവിക്കുന്നത് തലച്ചോറിലാണ്. പിന്നീട് അതിന്റെ അനുരണനങ്ങള്‍ ഹൃദയത്തിലും സംഭവിക്കുന്നു. 
 
പലരുടെയും ഇഷ്ടങ്ങൾ പലതാണ്. എന്തുകൊണ്ടാണ് ഒരാൾക്ക് ഒരു പെൺകുട്ടിയെ കാണുമ്പോൾ തന്നെ പ്രണയം തോന്നുന്നതെന്ന് ചോദിച്ചാൽ... അവളുടെ മിഴികളാകാം (കണ്ണുകൾ കാന്തമായിട്ട് തോന്നാം), അവളുടെ മുടിയിഴകളാകാം, പുഞ്ചിരിയാകാം, ശശീരമാകം, വസ്ത്രധാരണമാകാം. ഇതിൽ ഏതാണെന്ന് ആർക്കും വ്യക്തമായി പറയാൻ കഴിയില്ല. കാരണം, എല്ലാ പുരുഷന്മാ‌രും ഒരുപോലെ അല്ലല്ലോ.
 
കാഴ്ചയിൽ തന്നെ മനസ്സിൽ ഉടക്കുമെങ്കിലും ചിലർ അത് കാര്യമാക്കില്ല. എന്നാൽ, കണ്ണടയ്ക്കുമ്പോൾ മുന്നിൽ വരുന്നത് ഒരിക്കൽ മാത്രം കണ്ട ആ മുഖമാണെങ്കിൽ ഉറപ്പിച്ചോ നിങ്ങ‌ൾ പ്രണയമെന്ന രോഗത്തിന് പിടിപെട്ടു കഴിഞ്ഞു. തനിക്ക് അവളോടുള്ളത് പ്രണയമാണോ എന്ന് തിരിച്ചറിയാനും വഴികളുണ്ട്. 
 
കാണുമ്പോൾ മിടിപ്പുകൾ നിലതെറ്റി തുടങ്ങും... ഉള്ളിൽ നിന്നും ഉയർന്നു വന്ന ഒരു ആന്തൽ ഹൃദയ ധമനികളെ അകാരണമായി ആധി പിടിപ്പിക്കും... തലച്ചോറിൽ ആരൊക്കെയോ ചേർന്ന് നൃത്തം നടത്തുന്നത് പോലെ തോന്നും... ചിലപ്പോൾ തീരെ ഭാരമില്ലാത്ത അപ്പൂപ്പൻതാടി കണക്കെ കാറ്റിൽ ഉയർന്നു പറക്കുന്നത് പോലെ അനുഭവപ്പെടും... ഇതും ഇതിലധികവും വികാരങ്ങള നെഞ്ചിലടക്കി അവൾക്ക് മുന്നിലൂടെ ഒരു ചരിഞ്ഞ നോട്ടം നോക്കി നടക്കാൻ ആഗ്രഹിക്കും... അവളെ സ്വന്തമാക്കാൻ ആഗ്രഹിക്കും, ഹൃദയം മത്രമല്ല തലച്ചോറും പറയും '' വിട്ടുകളയരുത്, അവൾ നിനക്കുള്ളതാണ്''.
Next Article