വാലന്‍റയിന്‍സ് ഡേ

ഫെബ്രുവരി 14 വാലന്‍റയിന്‍ ദിനം. പ്രണയികള്‍ക്ക് ആശംസകള്‍ കൈമാറാന്‍ ഒരു ദിനം കൂടി. വാലന്‍റയിന്‍ മാസത്തിന്‍റെ ഓര്‍മ്മയില്‍ ചില പ്രണയചിന്തകള്‍.

പ്രണയം; ഒരു കവിതപോലെ മനോഹരമാണ്. നമ്മുടെ യാത്രക്കിടയില്‍ ആകാശം ഭൂമിയെ കണ്ടുമുട്ടുന്നിടത്തുവച്ചാണ് പ്രണയം മൊട്ടിടുന്നത്. സ്നേഹിക്കുക, സ്നേഹിക്കപ്പെടുക എന്നതൊക്കെ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്.

സ്നേഹമില്ലാത്ത ഒരു ലോകം സങ്കല്പിക്കാന്‍ പോലും കഴിയുന്നതല്ല. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്തവരുണ്ടാകുമോ ? ഉണ്ടാകുവാനിടയില്ല. വറ്റാത്ത കാല്പനിക മനസുകളില്‍ എല്ലായ്പ്പോഴും പ്രണയത്തിന്‍റെ സപ്തവര്‍ണ്ണങ്ങള്‍.

ഓരോ മനുഷ്യജീവിയും അനന്തകോടി സഹജീവികള്‍ക്കിടയില്‍ നിന്ന് ഒരു നിയോഗം പോലെ, ഒരു വെളിപാടുപോലെ സ്വന്തം ഇണയെ കണ്ടെത്തുന്നു.

ലോകത്തെങ്ങുമുള്ള പ്രണയികള്‍ക്കായി ഒരുദിവസം. ഫെബ്രുവരി 14. സ്നേഹത്തിന്‍റെ ദിനം. ലോകമെങ്ങും ആഘോഷപൂര്‍വ്വം വരവേല്‍ക്കുന്ന ഈ ദിനത്തില്‍ സ്നേഹിക്കുന്ന ആര്‍ക്കും സമ്മാനങ്ങള്‍ കൈമാറാം. പ്രണയം പരസ്പരം അറിയിക്കാം.

ഇണയെ കണ്ടെത്താം. ഈയൊരു ദിനം സ്നേഹിക്കുന്നവര്‍ക്കുവേണ്ടി മാത്രമുള്ളതാണ്. അതിലുപരി സ്നേഹിച്ചു മതിതീരാത്തവര്‍ക്കുവേണ്ടിയാണ്. നേര്‍ത്ത തുന്പിച്ചിറകുപോലുള്ള പ്രണയത്തിന്‍റെ ഓര്‍മ്മകള്‍ ഹൃദയത്തില്‍ അണയാതെ സൂക്ഷിക്കുന്നവര്‍ക്കുവേണ്ടിയുള്ള ദിനമാണ് വാലന്‍റയിന്‍സ് ദിനം.

വിദേശരാജ്യങ്ങളില്‍ ഫെബ്രുവരി 14 പ്രണയദിനമായി ആഘോഷിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ ആഘോഷം ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ വളരെ മുന്‍പുതന്നെ വിപുലമായ പ്രചാരം നേടിയിരുന്നു.


പിന്നെയും വര്‍ഷങ്ങള്‍വേണ്ടിവന്നു പ്രണയദിനം കേരളത്തിന്‍റെ അതിര്‍ത്തി കടന്നുവരാന്‍. പാശ്ഛാത്യമായ എന്തിനേയും ഇരുകൈയും നീട്ടി സ്വാഗതം ചെയ്യാന്‍ മടിക്കാത്ത മലയാളിക്ക്, മലയാളയുവത്വത്തിന് ഇപ്പോള്‍ ഫെബ്രുവരി 14 ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു ദിനമാണ്. കേരളത്തിലെ മിക്ക കാന്പസുകളിലും വാലന്‍റയിന്‍സ് ദിനം ആഘോഷിക്കപ്പെടുന്നു.

പ്രണയം കൈമാറാന്‍ ഏതേതെല്ലാം വഴികള്‍. മയൂരവും മഴമേഘവുമൊക്കെ സന്ദേശവും കൊണ്ടു പറന്ന കാലം മാറി. തപാല്‍ വകുപ്പ് പ്രണയികള്‍ക്ക് ചെയ്തപോലുള്ള ഉപകാരം മറ്റാരും ചെയ്തിട്ടുണ്ടാകില്ല. കൊറിയറും സ്പീഡ്പോസ്റ്റും വന്നെങ്കിലും തപാല്‍ പ്രണയത്തിന് പ്രചാരം കുറഞ്ഞില്ല.

പ്രണയലേഖനങ്ങളുടെ പുഷ്കരകാലം കഴിഞ്ഞത് ടെലഫോണ്‍ ജനകീയമായതോടെയാണ്. എന്തൊക്കെ മാറ്റങ്ങള്‍ ചുറ്റുമുണ്ടായാലും ഫെബ്രുവരി 14-ന് പ്രണയികള്‍ പ്രണയത്തിന്‍റെ പുത്തന്‍ സമവാക്യങ്ങള്‍ ആശംസാകാര്‍ഡിലൂടെ കൈമാറാന്‍ ഇന്നും മറക്കാറില്ല.

"എന്‍റെ ലില്ലിച്ചെടിയില്‍ പൂത്ത പൂവ് നിന്‍റെ ഓര്‍മ്മയ്ക്ക് ഞാനിറുക്കുന്നില്ല' എന്ന തലക്കെട്ടോടെ ഹൃദയത്തിന്‍റെ ചിഹ്നമുള്ള മനോഹരമായ ഒരു പ്രണയ സന്ദേശം കൈയില്‍ക്കിട്ടുന്ന ആരുടെ ഹൃദയത്തിലാണ് ഒരു തൂവല്‍സ്പര്‍ശമുണ്ടാകാത്തത്.

"നമ്മുടെ പ്രണയം പഴയ പുസ്തകത്താളിലെ ഇരട്ടിക്കാത്ത മയില്‍പ്പീലിയാകുന്നു !' എന്ന് ഹൃദയത്തിന്‍റെ ഭാഷയിലെഴുതിയ ഒരു സന്ദേശം കൈയില്‍ക്കിട്ടുന്ന ഏതു പ്രണയിനിയുടെ ഹൃദയമാണ് തരളിതമാകാത്തത് .

നമ്മെ സ്നേഹിക്കാനും നമ്മളെ സ്നേഹിക്കാനും ഒരാള്‍ ഇവിടെ കൂടെയുണ്ടെന്ന ഒരു ആശ്വാസമാണ് പ്രണയസന്ദേശങ്ങള്‍ കൊണ്ടുവരുന്നത്.

വെബ്ദുനിയ വായിക്കുക