പ്രണയസംഗീതത്തിന്‍റെ നിശബ്ദകാലം

Webdunia
ബുധന്‍, 13 ഫെബ്രുവരി 2013 (20:51 IST)
PRO
പ്രണയത്തിന്റെ വസന്തം ജീവിതത്തെ ഒരിക്കലെങ്കിലും തൊട്ടുരുമ്മി പോവാത്തവര്‍ ആരുണ്ടാവും? കാണുമ്പോള്‍ കണ്ടുതീരാതെ പറഞ്ഞു തുടങ്ങിയാല്‍ പറഞ്ഞുതീരാതെ മുട്ടിയുരുമ്മി നടക്കുമ്പോള്‍ പാതകള്‍ക്കു നീളം കൂടിയെങ്കില്‍ എന്ന് ഉള്ളില്‍ ആഗ്രഹിക്കാത്ത ഏത്ര കമിതാക്കളുണ്ട്? അതേ, പ്രണയത്തിന്റെ മാധുര്യവും വേദനയും ഹൃദയത്തിന്റെ ഇഴയടുപ്പവും പ്രേമത്തിന്റെ മാസ്മരിക സ്പര്‍ശത്തെ അറിഞ്ഞവര്‍ക്ക് ഒരിക്കലും മറക്കാനാവില്ല. പ്രണയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ അവയ്ക്ക് മൌനത്തിന്റെ സാമീപ്യത്തിലും സംസാരിക്കാനാവും. നീ എന്ത് ആഗ്രഹിക്കുന്നു എന്ന്പറയാതെ അറിയുന്ന, നിന്റെ വികാരങ്ങള്‍ എന്റേതാണെന്ന തിരിച്ചറിവ്. അത് അറിഞ്ഞു തുടങ്ങുമ്പോള്‍ പ്രണയത്തിന്റെ അര്‍ത്ഥതലങ്ങള്‍ നിങ്ങള്‍ തേടിത്തുടങ്ങും. ഇത്തരമൊരു പ്രണയസംഗീതത്തിന്റെ തന്ത്രികളാണ് സംഗീത സംവിധായകന്‍ എം ജയചന്ദ്രനും ഭാര്യ പ്രിയയും.

പ്രണയത്തിന്റെ കാലഘട്ടങ്ങളിലൊന്നില്‍ പോലും താന്‍ പ്രിയയോട് മനസു തുറന്നു സംസാരിച്ചതായി ജയചന്ദ്രന് ഓര്‍മയില്ല. എന്നാല്‍ എം ബി ശ്രീനിവാസന്റെ ക്വയറില്‍ പാടിയിരുന്ന ആ കാലം ഇപ്പോഴും കണ്‍‌മുന്നിലുണ്ട്. പരസ്പരം കണ്ണുകള്‍ കൂട്ടിമുട്ടുമ്പോള്‍ ഒരു ചിരി. പലപ്പോഴും അതില്‍ ഒതുങ്ങിയിരുന്ന സൌഹൃദം എങ്ങനെയാണ് പ്രണയമായി മാറിയതെന്ന് ഇരുവര്‍ക്കും അറിയില്ല. പ്രണയം തങ്ങളെ കീഴടക്കിയെന്ന് അവര്‍ അറിഞ്ഞത്, ഇനി പിരിയാനാവില്ലെന്നുള്ള ബോധ്യം മനസില്‍ ഉറച്ചപ്പോഴാണ്.

“ഒരു പ്രണയം വിരഹമായി മാറിയ കാലം. ഇനി ജീവിതത്തില്‍ മറ്റൊരു പെണ്‍കുട്ടിയില്ലെന്നു തീരുമാനിച്ചിരുന്നു. അപ്പോഴാണ് പ്രിയ ജീവിതത്തിലേക്ക് കടന്നു വരുന്നത്. എന്റെ പ്രാണപ്രേയസി ഇതാണെന്ന് ഞാന്‍ അപ്പോഴാണ് തിരിച്ചറിഞ്ഞത്. പ്രണയം അങ്ങനെയാണ്. നമ്മുടെ ആളെ കണ്ടെത്തി കഴിയുമ്പോള്‍ ഹൃദയം അതു നമ്മളെ ബോധ്യപ്പെടുത്താന്‍ പ്രയത്നിച്ചുകൊണ്ടിരിക്കും” - ജയചന്ദ്രന്‍ പറയുന്നു.

അങ്ങനെ തിരിച്ചറിവുണ്ടായ വേളയിലാണ് പ്രിയയോടുള്ള സ്നേഹം വീട്ടില്‍ പറയുന്നത്. വിവാഹത്തിനുശേഷമാണ് തങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങിയതെന്ന് പറയുമ്പോള്‍ ഓര്‍മ്മകളുടെ മധുരം ജയചന്ദ്രന്റെ മുഖത്തുണ്ട്. ഇപ്പോഴും ഒരു ഗാനം ചിട്ടപ്പെടുത്തിയാല്‍ ആദ്യ ശ്രോതാവ് പ്രിയയാണ്. പ്രിയ ഓ കെ പറഞ്ഞാല്‍ ഹിറ്റെന്ന് പറയും ജയചന്ദ്രന്‍. സംഗീതപ്രേമികളുടെ ജയചന്ദ്രന്‍ പ്രിയയുടെ കുട്ടേട്ടനാണ്.

ഈ സ്നേഹവും പ്രാര്‍ഥനയുമാണ് കരിയറിലും തുണയായത്. 1995ലാണ് ജയചന്ദ്രന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ‘ചന്ത’ പുറത്തിറങ്ങുന്നത്. അന്നുമുതല്‍ ഇന്നുവരെ സംഗീതസംവിധാനം ചെയ്ത എല്ലാ സിനിമകളിലെയും ഗാനം ആദ്യം കേട്ടതിന്റെ ക്രെഡിറ്റ് പ്രിയയ്ക്കാണ്. പ്രണയഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ പ്രിയയെ ഓര്‍മ്മിച്ചാണോ ചെയ്യാറെന്ന് വെറുതെ അദ്ദേഹത്തോട് ചോദിച്ചു, നുണക്കുഴി നിറഞ്ഞ മുഖത്ത് ചിരി വിടര്‍ന്നു.

“വ്യത്യസ്തമായ പ്രണയാനുഭവങ്ങളാണ് ഗാനങ്ങളായി പുറത്തുവരുന്നത്. ഒരു പൂവിന്റെ സൌന്ദര്യം ആസ്വദിക്കുന്നതു പോലെ. വ്യക്തികള്‍ മാറുന്നതിന് അനുസരിച്ച് വൈവിധ്യതലം കൈവരും അതിന്. ചിലപ്പോള്‍ ഒരു പ്രണയഗാനം ചിട്ടപ്പെടുത്താനിരിക്കുമ്പോള്‍ യാത്രക്കിടെ കണ്ടുമുട്ടിയ അപരിചിതയായ ഒരു പെണ്‍കുട്ടിയെ ഓര്‍മ്മ വരും. അതാകും ആ ഗാനത്തിലെ പ്രണയതലം”. പ്രണയത്തിന്റെ ഓര്‍മ്മയില്‍ ജയചന്ദ്രന്‍ മൂളിത്തുടങ്ങി - ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍‍’...