പാരിജാതം വിടരുന്ന പ്രണയകാലം....

Webdunia
FILEFILE
അപൂര്‍വ്വ പുഷ്പങ്ങളില്‍ ഒന്നാണ് പാരിജാതം. ശരീരത്തില്‍ പ്രണയത്തിനായി തുടിക്കുന്ന ഞരമ്പുകളുണ്ടെങ്കില്‍ അവയെ ത്രസിപ്പിക്കുന്ന സുഗന്ധമാണ് അതിന്. അതുക്കൊണ്ടാണല്ലോ ഇന്ദ്രനുമായി യുദ്ധം ചെയ്യേണ്ടിവന്നിട്ടും ശ്രീകൃഷ്ണന്‍ സത്യഭാമയ്ക്കു വേണ്ടി പരിജാതത്തെ ദേവലോകത്ത് നിന്ന് ഭൂമിയില്‍ എത്തിച്ചത്.

താന്‍ പ്രണയിക്കുന്ന ആള്‍ക്ക് തിരിച്ചും ഇഷ്ടമാണെന്നറിയുന്ന നിമിഷം അവന്‍/അവള്‍ അറിയുന്നത് പാരിജാതത്തിന്‍റെ സുഗന്ധത്തെയാണ്.യുഗങ്ങള്‍ മാറിവരുമ്പോഴും അനശ്വരമായി നിലനില്‍ക്കുന്നതാണ് പ്രണയം. കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിടുമ്പോള്‍ മനസില്‍ കുളിര്‍ മഴയായി പെയ്തിറങ്ങുന്നത് ഇഷ്ടഭാജനത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമായിരിക്കും.

പ്രണയിക്കാന്‍ കൊതിക്കാത്ത ആളുകള്‍ കുറവായിരിക്കും. തനിക്കായ് ദൈവം സൃഷ്ട്ടിച്ച ഇണയെ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുമെന്ന പ്രതീക്ഷയിലായിരിക്കും ഏവരും. മഹത്തായ ഈ പ്രതിഭാസത്തിന്‍റെ അതിന്‍റെ ആരംഭം എങ്ങനെയായിരിക്കും.

FILEFILE
പ്രണയത്തിന്‍റെ തുടക്കത്തെ രണ്ടായി തരംതിരിച്ചാലോ,

1. “ആദ്യമായി നിന്നെ കണ്ടമാത്രയില്‍ പ്രണയിച്ചുപോയി പ്രിയേ.... ” ഇത് ഒരു തുടക്കം

2. “മെല്ലെ മെല്ലെ നീയെന്‍ മനസില്‍ കൂട് കൂ‍ട്ടി പ്രിയേ...” ഇങ്ങനേയും ആവാം തുടക്കം

ഒന്നുകൂടി വിശദമാക്കാം

തുടക്കം ഒന്ന്

‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ’ ആണ് ആദ്യത്തേത്. ഒരാളെ ആദ്യം കാണുന്ന നിമിഷം ഹൃദയത്തില്‍ ഒരു കൊളുത്തല്‍. ജന്മാന്തരങ്ങളായി നിന്നെ ഞാന്‍ തേടുകയായിരുന്നു എന്ന തോന്നല്‍. ഒരു നിമിഷത്തിന്‍റെ ആയിരത്തില്‍ ഒരംശം മതി ഈ ചിന്തകള്‍ ഭരണസിരാകേന്ദ്രമായ തലച്ചോറില്‍ രൂപപ്പെടാന്‍. പിന്നെ ഒരു മാരത്തോണ്‍ ഓട്ടമാണ്, അവള്‍/അവന്‍ ആരാണ്, പേരെന്ത്, എന്തു ചെയ്യുന്നു, വീടെവിടെ......ഇങ്ങനെ ഉയരുന്ന ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനായി.

പിന്നീടങ്ങോട്ടുള്ള നീക്കങ്ങളാണ് പ്രധാനം. ചിലര്‍ തൊട്ടടുത്ത നിമിഷത്തില്‍ തന്നെ മനസുതുറക്കും. ഫലമോ “ അയാം നോട്ട് ഇന്‍ററസ്റ്റഡ് ” എന്ന ഉത്തരം. നിരാശയോടെ മടക്കം. എന്നാല്‍ ചിലര്‍ വളരെ ബുദ്ധിപ്പൂര്‍വ്വം നീങ്ങുന്നു. ആദ്യം ഒരു ഔദ്യോഗിക പരിചയപ്പെടല്‍ ചടങ്ങ്. ഇതും രണ്ട് തരമുണ്ട്. മറ്റുള്ളവരോട് സംസാരിക്കുന്നതിനിടയില്‍ ഒട്ടും ശ്രദ്ധിക്കാത്ത രീതിയില്‍ ഒരു പേര് ചോദിക്കല്‍. മനസ്സിലുള്ളത് ആരും അറിയരുതല്ലോ. സുഹൃത്തുക്കള്‍ വഴിയും ഇത് സാദ്ധ്യമാണ്. അല്ലെങ്കില്‍ മനസ്സിലിരിപ്പ് മനസിലാവണ്ടവര്‍ക്ക് മനസിലാവുന്ന തരത്തിലും പേര് ചോദിക്കാം

തുടര്‍ന്ന് കൈക്കൊള്ളേണ്ട നടപടികള്‍: വീണ്ടും കണ്ടുമുട്ടാന്‍ പറ്റുന്ന സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുക. കൂട്ടുകാരെ മനസ്സറിയാന്‍ നിയോഗിക്കുക. ഈ ചടങ്ങ് സ്വയം നടത്തണമെങ്കില്‍ സഭാകമ്പം തീരെ പാടില്ല. വേദികളില്‍ എത്ര പയറ്റി തെളിഞ്ഞവനാണെങ്കിലും പ്രണയമറിയിക്കല്‍ നിമിഷത്തെ മറികടക്കുമ്പോഴേക്കും ഒന്ന് വിയര്‍ത്ത് കുളിച്ചിരിക്കും.(പിന്നെ ഒരു കാര്യം ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം പ്രണയത്തില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നവര്‍ക്ക് മാത്രമാണ് ബാധകം.)

FILEFILE
തുടക്കം രണ്ട്

പലപ്പോഴും വളരെ സ്വാഭാവികമായ പരിചയപ്പെടലോടെയാവാം തുടക്കം. നല്ല സുഹൃത്തുക്കള്‍. പരസ്പരം എല്ലാം തുറന്നു പറയുന്ന ബന്ധമായി അത് വളരുന്നു. അപ്പോഴൊന്നും ഇരുവരും പ്രണയത്തേക്കുറിച്ച് ചിന്തിക്കുന്നതേയുണ്ടാവില്ല. പിന്നീട് എപ്പഴോ അവരില്‍ ഒരാളുടെ ചിലപ്പോള്‍ ഇരുവരുടേയും മനസ് സൌഹൃദത്തിനും പ്രണയത്തിനും ഇടയിലുള്ള നേര്‍ത്ത അതിവരമ്പുകള്‍ ഭേദിക്കുന്നു.

പക്ഷെ അവര്‍ക്ക് തന്നെ അതിനെ അംഗീകരിക്കാന്‍ കഴിഞ്ഞെന്നുവരില്ല. താന്‍ അങ്ങനെ ചിന്തിക്കുക പോലും അരുത്, തന്‍റെ മനസില്‍ ഇങ്ങനെയൊരു വിചാരം ഉണ്ടെന്നറിഞ്ഞാല്‍ സുഹൃത്ത് എന്തു കരുതും, “ഛെ...വിശ്വസിക്കാന്‍ കൊള്ളാത്തവന്‍” ഇങ്ങനെ പോകും ആശങ്കകള്‍. ഈ ആശയക്കുഴപ്പത്തെ മറിക്കടന്ന് ചിലര്‍ക്ക് മാത്രമേ പ്രണയ സാഫല്യം ഉണടാവാറൊള്ളു. ധൈര്യസമേതം മനസുതുറക്കുമ്പോള്‍ ‘ ഞാനും ഇതു പറയാന്‍ കൊതിച്ചിരുന്നു ’ എന്ന മറുപടി കേട്ടാല്‍ ഏത് മനുഷ്യനാണ് കോരിത്തരിച്ച് പോവാത്തത്. ഇവിടെയും മുമ്പ് സൂചിപ്പിച്ച സഭാകമ്പത്തിന് റോളുണ്ട് കേട്ടോ.

അതെസമയം‘ നിന്നില്‍ നിന്ന് ഞാന്‍ ഇതു പ്രതീക്ഷിച്ചിരുന്നില്ല ’ എന്ന ഉത്തരം ആരേയും തകര്‍ത്തുകളയും. പക്ഷെ ഈ ഉത്തരം “ അന്ന് നീയതു പറഞ്ഞപ്പോള്‍ എനിക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാനയില്ല പക്ഷെ പിന്നീട് എനിക്ക് മനസിലായി ഞാനും നിന്നെ...” എന്നായി മാറാനും സാദ്ധ്യത ഏറെയാണ്. അങ്ങനെ ഒരു പ്രണയം കൂടി ജനിക്കുന്നു.

ഏത് പുലിയേയും പൂച്ചക്കുട്ടിയാക്കുന്ന പ്രണയത്തിന്‍റെ വിഭിന്ന തരത്തിലുള്ള ആരംഭങ്ങളേയാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ കോളേജ് കാമ്പസുകളില്‍ ആദ്യമായി പ്രണയമറിയിക്കുമ്പോള്‍ വിയര്‍ത്തു പോകുന്ന കാമുകീകാമുകന്മാരുണ്ടോ.

200 സി സി ബൈക്കും മൊബൈല്‍ ഫോണുമയി നടക്കുന്ന യൊ യൊ യുവത്വത്തിന് പ്രണയം ഒരു അലങ്കാരം മാത്രമാണ്. കൂടെ കറങ്ങാന്‍, പോപ്കോണുകള്‍ കൊറിച്ചുക്കൊണ്ട് സിനിമ കാണാന്‍, സുഹൃത്തുക്കള്‍ക്ക് മുന്നില്‍ അഹങ്കരിക്കാന്‍ അങ്ങനെ പലതിനുമായി ഒരു കൂട്ട് അത്രമാത്രം.

ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവര്‍ക്ക് പാരിജാതപുഷ്പങ്ങള്‍ സമര്‍പ്പിക്കുന്നു.