ടീച്ചറെ ചവിട്ടിപ്പുറത്താക്കുമെന്ന് അഴീക്കോട് പറഞ്ഞു!

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2012 (01:48 IST)
PRO
PRO
മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം ഇപ്പോള്‍ സുകുമാര്‍ അഴീക്കോടിന്റെ പ്രണയമാണ്. താനുമായുള്ള അഴീക്കോടിന്റെ പ്രണയവുമായി ബന്ധപ്പെട്ട ഒരു പുസ്തകം തന്നെ വിലാസിനി ടീച്ചര്‍ തയ്യാറാക്കിക്കഴിഞ്ഞു. അതിലെ ഒരു അധ്യായം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍, അഴീക്കോടിന്റെ സന്തത സഹചാരിയായിരുന്ന സുരേഷ് പറയുന്നത് മറ്റൊരു കഥയാണ്. അഴീക്കോടിന് പ്രണയം ഉണ്ടായിരുന്നത് മാധവിക്കുട്ടിയുമായിട്ടാണ് എന്നാണ് സുരേഷിന്റെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ പുതിയൊരു വെളിപ്പെടുത്തല്‍ കൂടി പുറത്ത് വന്നിരിക്കുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അഴീക്കോടിന്റെ ജീവചരിത്രം എഴുതാന്‍ സഹായിച്ചയാളുമായ പോള്‍ മണലിലാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.

വിലാസിനി ടീച്ചര്‍ എഴുതിവിടുന്ന പ്രണയകഥകളെല്ലാം പച്ചക്കള്ളമാണെന്നാണ് പോള്‍ മണലില്‍ പറയുന്നത്. വിലാസിനി ടീച്ചറെ ‘പെണ്ണുകാണാന്‍’ പോയ കഥ സത്യമാണെങ്കിലും ബാക്കിയെല്ലാം കല്ലുവച്ച നുണകളാണെത്രെ. കാരണം, വിലാസിനി ടീച്ചറുടെ നാട്ടില്‍ നിന്ന് ടീച്ചറെ പറ്റി ചില ഗുരുതരമായ ആരോപണങ്ങളും അത്‌ സംബന്ധിച്ചുള്ള വിവരങ്ങളും അടങ്ങിയ കത്ത്‌ ലഭിച്ചതിനെ തുടര്‍ന്ന് 1968-ല്‍ തന്നെ വിലാസിനി ടീച്ചറെ എന്നന്നേക്കുമായി അഴീക്കോട് മറന്നിരുന്നുവെത്രെ. ഒരു പ്രശസ്ത മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് പോള്‍ മണലില്‍ ഈ വിവാദവിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

ആശുപത്രിയില്‍ കിടന്നിരുന്ന അഴീക്കോടിനെ കാണാന്‍ അണിഞ്ഞൊരുങ്ങി പൂവുമായി വിലാസിനി ടീച്ചര്‍ വന്ന സംഭവം ആസൂത്രിതമായിരുന്നു എന്നും പോള്‍ എഴുതുന്നു. അഴീക്കോടിന്റെ രോഗക്കിടക്കയ്ക്ക്‌ അരികില്‍ നിന്ന ചിലര്‍ തന്നെ ഈ ‘റിയാലിറ്റി ഷോ’യ്ക്ക് ഒത്താശ ചെയ്തുവെന്നത്‌ തന്നെ വിഷമിപ്പിച്ചുവെന്നും പോള്‍ മണലില്‍ പറയുന്നു‌. എന്തായാലും, വിലാസിനി ടീച്ചറെ പിന്തുടര്‍ന്ന മാധ്യമങ്ങള്‍ അഴീക്കോടിന്റെ പ്രണയകഥ പൊടിപ്പും തൊങ്ങലും വച്ച് ഊതിപ്പെരുപ്പിച്ച് വലിയ സംഭവമാക്കി. ഇതറിഞ്ഞപ്പൊള്‍ അഴീക്കോട് പൊട്ടിത്തെറിച്ചുവെത്രെ.

‘ഇനിയും എന്നെ കാണാന്‍ വന്നാല്‍ അവളെ ഞാന്‍ ചവിട്ടി പുറത്താക്കും. ഞാന്‍ ചവിട്ടി പുറത്താക്കിയില്ലെങ്കില്‍ നഴ്സ് അത് ചെയ്യണം’ എന്ന് അഴീക്കോട് പറഞ്ഞതായിട്ടാണ് പോള്‍ മണലില്‍ വെളിപ്പെടുത്തുന്നത്. തന്നെ സന്ദര്‍ശിക്കാന്‍ എത്തിയവര്‍ക്ക്‌ നന്ദി അറിയിച്ച്‌ അഴീക്കോട്‌ പുറപ്പെടുവിച്ച പ്രസ്താവനയിലും ഇക്കാര്യം അഴീക്കോട് പറഞ്ഞിരുന്നുവെത്രെ. ‘ഒരു സ്ത്രീ തന്നെ സന്ദര്‍ശിച്ച ശേഷം സത്യവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു നടക്കുന്നതായി അറിയാന്‍ കഴിഞ്ഞു. അസത്യങ്ങള്‍ നിറംപിടിപ്പിച്ച്‌ ആവര്‍ത്തിച്ചാല്‍ സത്യമാകില്ലെന്ന്‌ അവരെയും അവരെ ചട്ടുകമാക്കുന്നവരെയും ഞാന്‍ ഓര്‍മിപ്പിച്ചു കൊള്ളുന്നു’ എന്നാണ് പ്രസ്താവനയില്‍ ഉണ്ടായിരുന്നതെത്രെ.

പ്രശസ്ത കഥാകൃത്തായ വി‌ആര്‍ സുധീഷാണ് വിലാസിനി ടീച്ചറുടെ ഭഗ്നപ്രണയത്തെ പറ്റി മാലോകരെ അറിയിച്ചത്. മാതൃഭൂമിയിലെ പംക്തിയായ ‘മധുരച്ചൂരലി’ലാണ് തന്റെ പഴയ അധ്യാപികയുടെ തകര്‍ന്ന പ്രണയത്തെ പറ്റി സുധീഷ് എഴുതിയത്. സാഹിത്യകാരനായ കോവിലന്റെ മൃതദേഹം തൃശൂര്‍ സാഹിത്യ അക്കാദമി ഹോളില്‍ പൊതുപ്രദര്‍ശനത്തിന് വച്ചപ്പോള്‍ ഈ ലേഖനത്തെ ചൊല്ലി സുകുമാര്‍ അഴീക്കോടും സുധീഷും ഉടക്കിയത് വാര്‍ത്തയായിരുന്നു. വിലാസിനി ടീച്ചറുടെ ഓര്‍മകള്‍ക്ക് സുധീഷ് നല്‍‌കിയ കാവ്യഭാവനയാണോ ‘പ്രണയക്കഥ’ ആയി മാറിയത് എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം!

( ചിത്രത്തിന് കടപ്പാട് - യൂട്യൂബില്‍ ഇന്ത്യാവിഷന്‍ ടിവി അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ)