മൊബൈല്‍ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും ഉപയോഗം വര്‍ദ്ധിച്ചതോടെ നേരിട്ട് പരിചയമില്ലാത്തവരുമായുള്ള സൗഹൃദങ്ങളും വര്‍ദ്ധിച്ചു. ഇതിനിടെ പാശ്ചാത്യരുടെ സൗഹൃദങ്ങളിലെ പതിവായിരുന്ന ഡേറ്റിംഗ് നമുക്കിടയിലും സുപരിചിതമായി. ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടാല്ലാത്തവരുമായും ചാറ്റിംഗും പിന്നെ ഡേറ്റിംഗും നമ്മുടെ നാട്ടിലും ഇപ്പോള്‍ പതിവാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇതെല്ലാം ചീറ്റിംഗിലായിരിക്കും അവസാനിക്കുക.
ഒന്നും ചിന്തിക്കാതെ എടുത്തുചാടിയുള്ള അന്ധമായ ഡേറ്റിംഗ് വളരെ അപകടകരമാണ്. ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്ത ഒരാളുമായി ഡേറ്റിംഗ് ചെയ്യാനൊരുങ്ങുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മള്‍ ഡേറ്റിംഗ് നടത്തുന്ന ആളെ സുഹൃത്തുക്കള്‍ വഴിയോ ഫോണ്‍വഴിയോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ മുന്‍പേ കണാന്‍ ശ്രമിക്കണം. നമ്മള്‍ തെരഞ്ഞെടുത്ത വ്യക്തി എല്ലാ അര്‍ത്ഥത്തിലും നമുക്ക് ചേര്‍ന്നയാളാണോ എന്ന് കണ്ടെത്തുന്നതിന് ഡേറ്റിംഗ് സഹായിക്കും. അതിനാല്‍ സംസാരം വളരെ ചെറിയകാര്യങ്ങളില്‍ നിന്നും തുടങ്ങി വ്യക്തിയുടെ സ്വഭാവം, ഇഷ്ടം, കുടുംബ പശ്ചാത്തലം എന്നിവ വ്യക്തമാകുന്ന തരത്തിലായിരിക്കണം.
പരസ്പരം വിശ്വസ്തരായിരിക്കണം എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. അത് ഡേറ്റിംഗ് തുടങ്ങുന്നതിന് മുമ്പേ തന്നെ സംസാരിച്ച് ഉറപ്പുവരുത്തുകയും വേണം. പരസ്പരം കണ്ടുമുട്ടാന്‍ തെരഞ്ഞെടുക്കേണ്ടത് ഏതെങ്കിലും പൊതുഇടങ്ങള്‍ ആയിരിക്കണം. റസ്റ്റോറന്റുകള്‍, പാര്‍ക്ക്, ബീച്ച് അങ്ങനെ എപ്പോഴും തിരക്ക് ഉണ്ടാകുന്ന ഇടങ്ങളാണ് ഡേറ്റിംഗിന് നല്ലത്. സ്വകാര്യ ഇടങ്ങളിലേക്കോ, ഹോട്ടല്‍ മുറി, റിസോര്‍ട്ട്, ഫ്ലാറ്റ്, അപാര്‍ട്‌മെന്റ് തുടങ്ങിയ സ്ഥലങ്ങള്‍ ഒരിക്കലും ഡേറ്റിംഗിനായി തെരഞ്ഞെടുക്കരുത്.
ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കില്‍ ബില്‍ രണ്ടായി തന്നെ കൊടുക്കാന്‍ ശ്രദ്ധിക്കുക. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അമിതമായ ചെലവിനോ കടപ്പാടിനോ ഇടവരുത്താതിരിക്കുന്നത് ഗുണം ചെയ്യും. ആദ്യമായി കാണുന്നയാളെ ഒരിക്കലും സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്താതിരിക്കുക. പൊതു ഇടങ്ങളാണ് ഏറ്റവും നല്ലത്. തിരിച്ചു താമസസ്ഥലത്തേക്ക് എത്താന്‍ സ്വന്തം വാഹന സൗകര്യവും ഉറപ്പുവരുത്തിരിക്കണം. ഒരിക്കലും ആദ്യ കൂടിക്കാഴ്ചയില്‍ വ്യക്തിപരമായ വിവരങ്ങള്‍ കൂടുതലായി കൈമാറാതിരിക്കുക. സ്വാഭാവികമായ പെരുമാറ്റം തന്നെയാണ് ഏത് ബന്ധത്തിനും എപ്പോഴും ഗുണം ചെയ്യുക. അതിഭാവുകത്വവും നാടകീയതയും നടത്താതിരിക്കുക.