പ്രണയം കോളര്‍ ട്യൂണായി ഒഴുകുമ്പോള്‍

വെള്ളി, 29 ജനുവരി 2010 (14:16 IST)
PRO
ഒത്തിരി മോഹിച്ചതായിരുന്നു ഗോകുല്‍ അവളെ. അവള്‍ മീന്‍സ് അഞ്ജലി. കഴിഞ്ഞദിവസം അഞ്ജലിയുടെ കൂട്ടുകാരി മായയെ കണ്ടപ്പോഴാണ് അറിയുന്നത് അവളുടെ കല്യാണം കഴിഞ്ഞെന്ന്. പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല. വിളിച്ചു കസ്റ്റമര്‍ കെയറിലേക്ക്, കോളര്‍ ട്യൂണും അസൈന്‍ ചെയ്തു. ‘കാത്തു വെച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി, അയ്യോ കാക്കച്ചി കൊത്തി പോയി’.

ഇപ്പോള്‍ പ്രണയം പറയുന്നതും തകരുന്നതും പ്രണയ നൈരാശ്യത്തില്‍ നടക്കുന്നതുമെല്ലാം കോളര്‍ ട്യൂണ്‍ അസൈന്‍ ചെയ്താണ്. കാലത്തിനനുസരിച്ച് മാറാന്‍ ഇത്രയും പ്രഗല്‍ഭമായ യൌവനം മലയാളി നാട്ടിലല്ലാതെ വേറെ എവിടെയും ഉണ്ടാകില്ല. മനസ്സില്‍ ആരോടെങ്കിലും പ്രണയം തോന്നിയാല്‍ അത് പറയാന്‍, പറയാന്‍ വിചാരിച്ച പ്രണയം പറയാന്‍ പറ്റാതെ പോയാല്‍, ആരോടാണ് പ്രണയം കക്ഷി വേറെ ആരെയെങ്കിലും പ്രണയിച്ചാല്‍, പ്രണയപങ്കാളിയുമായി പിരിഞ്ഞാല്‍, കാമുകിയുടെ കല്യാണം കഴിഞ്ഞാല്‍...കുഞ്ഞുണ്ടായാലും അപ്പൂപ്പന്‍ മരിച്ചാലും വെള്ളമടിക്കുന്ന അതേ സ്പിരിറ്റാണ് ഇക്കാര്യത്തില്‍ കോളര്‍ ട്യൂണ്‍ അസൈന്‍ ചെയ്യുന്നതില്‍ മലയാളിക്ക്.

ഇഷ്ടമാണെന്ന് ഒരു വിധം ധൈര്യം സംഭരിച്ച് ചിന്നുവിനോട് പറഞ്ഞൊപ്പിച്ചു. മറുപടി ആലോചിച്ചു പറയാമെന്നാണ് അവള്‍ പറഞ്ഞത്. ‘വീട്ടില്‍ വന്ന് ആലോചിക്കൂ’ എന്ന് പറയാന്‍ വേണ്ടി ചിന്നു നന്ദൂനെ വിളിച്ചപ്പോള്‍ ‘കാത്തിരിപ്പൂ കണ്മണി...’ എന്നാണ് കേട്ടത്. പിന്നെ രണ്ടിലൊന്നാലോചിച്ചില്ല, നന്ദു ഫോണ്‍ അറ്റന്‍ഡ് ചെയ്തതും ‘ഇഷ്ടമാണ്, വീട്ടില്‍ വന്ന് ആലോചിക്കൂ’ എന്നു പറഞ്ഞ് ഫോണ്‍ വെച്ചു.

ഇത്തരം സിറ്റുവേഷനുകളെ നേരിടാന്‍ മുറ്റ് പാട്ടുകള്‍ ഇനിയും ഉണ്ട്. ‘പാടാം നമുക്ക് പാടാം പാടാം വീണ്ടുമൊരു പ്രേമഗാനം’, ‘പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍’, ‘ഇഷ്ടമാണ് ഇഷ്ടമാണ് എനിക്കു നിന്‍ മുഖം’, ‘എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു’, ‘കരളേ നിന്‍ കൈ പിടിച്ചാല്‍’, ‘ആരോ വിരല്‍ മീട്ടി മനസ്സിന്‍ മണ്‍വീണയില്‍‘, ‘ആയിരം കണ്ണുമായി കത്തിരിപ്പൂ നിന്നെ ഞാന്‍’, ‘എന്തിനു വേരൊരു സൂര്യോദയം നിയെന്‍ പൊന്നുഷസ്സന്ധ്യയല്ലേ’, ‘ആരെയും ഭാവഗായകനാക്കും ആത്മസൌന്ദര്യമാണു നീ’, ‘അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി’, ‘ഒരു ചെമ്പനീര്‍ പൂവിറുത്ത് ഞാനോമലേ’, ‘മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി’, ‘അനുരാഗവിലോചനനായി അതിലേറെ മോഹിതനായി’, ‘ഒരു നറുപുഷ്പമായി എന്‍ നേര്‍ക്കു നീളുന്ന മിഴിമുന ആരുടേതാവാം’, ’ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായി നീ വന്നു’, ‘റതുഭേദ കല്പന ചാരുത നല്‍കിയ പ്രിയ പാരിതോഷികം പോലെ’, ... പാട്ടുകള്‍ നിലയ്ക്കുന്നില്ല.

സൈറയും റാമും നല്ല സുഹൃത്തുക്കളായിരുന്നു. അത്യാവശ്യം ഒരു ബുദ്ധിജീവി സ്റ്റൈല്‍ ആണ് ഇരുവര്‍ക്കും. പരസ്പരം ഇഷ്ടമാണ്, പക്ഷേ പറയാന്‍ വയ്യ. രണ്ടും കല്പിച്ച് സൈറ പാട്ട് അസൈന്‍ ചെയ്തു, ‘ആരാദ്യം പറയും ആരാദ്യം പറയും’. പുതുതായി ഇട്ട കോളര്‍ ട്യൂണ്‍ കേട്ടു നോക്കൂ എന്നു പറയാന്‍ റാമിനെ വിളിച്ചപ്പോള്‍ കേട്ടതും ഇതേ ട്യൂണ്‍. കാര്യം പറായതെ കാര്യത്തിലേക്ക് കടക്കാന്‍ കോളര്‍ ട്യൂണ്‍ ഇരുവര്‍ക്കും ഹെല്‍പ്പായി.

അടുത്ത പേജില്‍ വായിക്കുക - ‘പ്രണയ പ്രശ്നങ്ങളില്‍’ രക്ഷയാകുന്ന കോളര്‍ ട്യൂണ്‍

PRO
നിസ്സാര പ്രശ്നമായിരുന്നു, പക്ഷേ അത് ജീവനെ പറഞ്ഞ് മനസ്സിലാക്കാന്‍ കാവ്യയ്ക്ക് പറ്റിയില്ല. വെട്ടൊന്ന്, മുറി രണ്ട് സ്റ്റൈലില്‍ എല്ലാ ബന്ധവും അവസാനിപ്പിച്ച് ജീവന്‍ നടന്നു പോയി. അവസാനമായി ഒരു ബൈ പറയാന്‍ അവന്‍ വിളിച്ചപ്പോള്‍ കേട്ടതിത്, ‘എന്‍ ജീവനെ എങ്ങാണു നീ ഇനി എന്നു കാണും വീണ്ടും’. ഫോണെടുത്തപ്പോള്‍ ‘നാളെ പാര്‍ക്കിലെ നമ്മുടെ സ്ഥിരം സ്ഥലത്തെത്തണം’ എന്നാണ് അവന്‍ പറഞ്ഞത്.

മനസ്സില്‍ ഫറായോട് മാധവിന് പ്രണയമുണ്ടായിരുന്നു. അവള്‍ക്ക് തിരിച്ചുമുണ്ടായിരുന്നു. രണ്ടുപേരും പരസ്പരം പറഞ്ഞില്ല. ഒരു ദിവസം അവളുടെ വിവാഹ നിശ്ചയ വാര്‍ത്തയാണ് മാധവ് കേട്ടത്. പരസ്പരം പ്രണയം അറിഞ്ഞെങ്കിലും തുറന്നു പറയാതിരുന്ന ഒറ്റ കാരണത്തില്‍ അവളെ അവന് നഷ്ടമാകുകയാണ്. നഷ്ടപ്രണയം മാധവ് ഫോണിലേക്ക് അസൈന്‍ ചെയ്തത് ഇങ്ങനെ, ‘ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ എന്തിനു നീയെന്നെ വിട്ടകന്നു’.

അഭിലാഷിന്‍റെയും മരിയയുടെയും പ്രണയത്തിന് അഞ്ചു വര്‍ഷത്തെ ആയുസ്സുണ്ടായിരുന്നു. പക്ഷേ മതം ഇരുവര്‍ക്കും വിലങ്ങു തടിയായി. മരിയയുടെ വീട്ടുകാര്‍ മറ്റൊരാളുമായി അവളുടെ കല്യാണം ഉറപ്പിച്ചപ്പോള്‍ ‘പ്രണയ സന്ധ്യയൊരു വിണ്‍സൂര്യന്‍റെ വിരഹമറിയുന്നുവോ’ എന്നായി അഭിലാഷിന്‍റെ കോളര്‍ ട്യൂണ്‍. അത്രയും കാലം ‘പൊന്നുഷസ്സിന്നും നീരാടുവാന്‍ വരുമോ’ എന്നതായിരുന്നു അഭിയുടെ കോളര്‍ ട്യൂണ്‍.

നിരാശ പ്രണയത്തിന് അസൈന്‍ ചെയ്യാന്‍ നിരവധി പാട്ടുകള്‍ വേറെയുമുണ്ട്. ‘ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്ത് കാണാം’, ‘താനേ പൂവിട്ട മോഹം മോഹം വിതുമ്പും നേരം’, ‘വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ’, ‘വരുവാനില്ലാരുമീ ഒരുനാളുമീവഴിക്കറിയാം അതെന്നാലുമെന്നും’, ‘സിന്ദൂര സന്ധ്യേ പറയൂ’, ‘പോകാതെ കരിയിലക്കാറ്റേ’, ‘പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ’, ‘ഒരു രാത്രി കൂടി വിട വാങ്ങവേ’, ‘നിലാവേ മായുമോ കിനാവിന്‍ നോവുമായി’, ‘മറക്കുമോ നീയെന്‍റെ മൌന ഗാനം ഒരുനാളും നിലയ്ക്കാത്ത വേണുഗാനം’, ‘മണ്‍ വീണയില്‍ മഴ ശ്രുതിയുണര്‍ത്തി മറവികളെന്തിനോ ഹരിതമായി’, ‘മനസിന്‍ മണി ചിമിഴില്‍ പനിനീര്‍ തുള്ളി പോല്‍’, ‘ഇന്നുമെന്‍റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുന്ചിരിച്ചു’, ‘അരികില്‍ നീയുണ്ടായിരുന്നെങ്കില്‍’, ‘ആത്മാവിന്‍ പുസ്തകതാളില്‍ ഒരു മയില്‍ പീലി പിടഞ്ഞു’, ‘വിടപറയുകയാണോ ചിരിയുടെ വെണ്‍പ്രാവുകള്‍’...പ്രണയനൈരാശ്യവും മലയാളിയുടെ ലോകത്തില്‍ സംഗീതസാന്ദ്രമാണ്.

ഇനി പിറകെ നടക്കുന്ന പയ്യനെ ഇഷ്ടപ്പെട്ടില്ലെന്ന് നേരിട്ട് പറയാന്‍ വയ്യേ. ഒട്ടും മടിക്കണ്ട ‘ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ’ അസൈന്‍ ചെയ്തിടൂ. പൂവാലശല്യം ഉടന്‍ തന്നെ അവസാനിച്ചോളും. എങ്കിലും പ്രണയം ഒഴുകുകയാണ്... കോളര്‍ ട്യൂണുകളില്‍ നിന്ന് കോളര്‍ ട്യൂണുകളിലേക്ക്...നിലയ്ക്കാത്ത പ്രവാഹമായി.

വെബ്ദുനിയ വായിക്കുക