പ്രണയം തുറന്ന് പറയുക

IFMPRO
അനുഭവിച്ചറിയാം എന്നാല്‍ വിവരിക്കാനറിയില്ല. ചിലപ്പോള്‍ ശാരീരികമായ ആകര്‍ഷണമാകാം. ചിലപ്പോള്‍ മാനസീകവും. പ്രണയത്തെ കുറിച്ച് അനുഭവസ്ഥരുടെ ഭാഷ്യം ഇതാണ്. പ്രണയിക്കുമ്പോള്‍ രണ്ട് പേര്‍ മനസ്സു കൊണ്ട് അടുത്തുവരിക ആണെന്നും ഭ്രാന്തമായ പ്രണയം മാനസീക വിഭ്രാന്തിയിലേക്ക് നയിച്ചേക്കാമെന്നും മന:ശ്ശാസ്ത്ര വിദഗ്ദര്‍ പറയുന്നു. എങ്ങനെ നല്ല പ്രണയത്തെ തിരിച്ചറിയാമെന്നാണ് ചിലരുടെ ശങ്ക. എന്തായാലും പ്രണയം തുറന്ന് പറയണമെന്ന് മാത്രം.

പ്രകടിപ്പിക്കലില്ലാത്ത സ്നേഹത്തില്‍ അര്‍ത്ഥമില്ല. അരവിന്ദന്‍റെയും അനിതയുടേയും ബോളീവുഡ് സിനിമയുടെ കഥയ്‌ക്ക് തുല്യമായ അനുഭവം ഇതു സാക്‍ഷ്യപ്പെടുത്തുന്നു. അരവിന്ദനും അനിതയും ബി എസ് സിയ്‌ക്ക് ഒരുമിച്ചു പഠിച്ചവരാണ്. ഏകദേശം ഒരു കിലോമീറ്റര്‍ അകലത്തിലായിരുന്നു ഇരുവരുടെയും വീടുകളും. അതുകൊണ്ട് തന്നെ നല്ല അയല്‍ക്കാര്‍ ആയതിനാല്‍ അവര്‍ക്കിടയില്‍ നല്ല സൌഹൃദവും ഡിഗ്രി കാലത്ത് നിലനിന്നിരുന്നു.

ബി എസ് സി പഠനം കഴിഞ്ഞപ്പോള്‍ രണ്ടു പേരും ഏതാണ്ട് രണ്ട് വഴിക്കായി. തൊഴില്‍ തേടി അരവിന്ദന്‍ ദൂരെ നഗരത്തിലേക്കും അനിത വീട്ടിലും. എന്നാല്‍ പഠിക്കാന്‍ കുറെക്കൂടി സമര്‍ത്ഥയായിരുന്ന അനിത ഉപരി പഠനം തേടി വന്നതും അതേ നഗരത്തിലേക്ക് തന്നെ. സൌഹൃദം വീണ്ടും. ഇതിനിടയിലാണ് അരവിന്ദന്‍ അനിതയുടെ സുഹൃത്ത് രാധികയെ പരിചയപ്പെടുന്നതും. അനിതയായിരുന്നു ഇരുവരെയും പരിചയപ്പെടുത്തിയത്.

പരിചയപ്പെട്ടപ്പോള്‍ മുതല്‍ രാധികയോട് അരവിന്ദന് തോന്നിയ പ്രണയം ദിവസം പോകെപ്പോകെയുള്ള കണ്ടുമുട്ടലില്‍ കലശലായി. അല്പം അന്തര്‍മുഖനായിരുന്ന അരവിന്ദന് പക്ഷേ ഇക്കാര്യം രാധികയോട് പറയാന്‍ ഭയം. അതിന് അയാള്‍ കണ്ടെത്തിയ ഉപായം രാധികയെ ഫോണില്‍ ബന്ധപ്പെടുക എന്നതായിരുന്നു. സൌഹൃദത്തിന്‍റെ തുടക്ക കാലത്ത് അരവിന്ദനുമായി നന്നായി സംസാരിച്ചിരുന്ന രാധിക ദിവസങ്ങള്‍ പിന്നിട്ടതോടെ പതിയെ അകന്നു നിന്നു.

PROPRO
പിന്നീട് അരവിന്ദന്‍ വിളിക്കുമ്പോഴെല്ലാം രാധിക ഫോണ്‍ അനിതയ്‌ക്ക് കൈമാറും. വീട്ടിലെയും നാട്ടിലെയും കാര്യങ്ങളെല്ലാം അരവിന്ദനോട് അനിത പറയും. അരവിന്ദന് യഥാര്‍ത്ഥത്തില്‍ അനിത സംസാരിക്കുമ്പോള്‍ മുഷിവ് അനുഭവപ്പെടും. പ്രണയം വെളിപ്പെടുത്തുക എന്ന ഉദ്ദേശത്തില്‍ വൈകിട്ട് വിളിക്കാം എന്ന് ഒരിക്കല്‍ പകല്‍ വിളിച്ചു പറഞ്ഞ അരവിന്ദന്‍ അന്ന് വൈകിട്ടു വിളിക്കുമ്പോഴും ഫോണെടുത്തത് അനിതയായിരുന്നു.

തന്നോടെന്തെങ്കിലും പറയാനുണ്ടോ എന്ന അനിത ചോദിച്ചപ്പോള്‍ അരവിന്ദന്‍ മടിച്ച് മടിച്ച് കാര്യം പറഞ്ഞു. താന്‍ രാധികയെ സ്നേഹിക്കുന്നു എന്ന്. മറുപുറത്ത് പെട്ടെന്ന് സന്തോഷം നിലച്ചതായി അരവിന്ദനു തോന്നി. ഫോണ്‍ വയ്‌ക്കുന്ന ശബ്ദവും. അരവിന്ദന്‍ വീണ്ടും വിളിച്ചപ്പോള്‍ ഇനി വിളിക്കരുതെന്ന കര്‍ശനമായ ശാസന അനിത നല്‍കി.

അരവിന്ദന്‍ ആകെ തകര്‍ന്നു. അടുത്ത ദിവസം ശക്തി സംഭരിച്ച് രാധികയെ വിളിച്ചെങ്കിലും അരവിന്ദനോട് സംസാരിക്കാന്‍ ഇഷ്ടപ്പെടാതെ രാധിക കൂട്ടുകാരിക്ക് ഫോണ്‍ കൈമാറിയതേയുള്ളൂ. സ്വന്തം നമ്പര്‍ കാണുമ്പോള്‍ ഫോണ്‍ എടുക്കില്ല എന്നു മനസ്സിലാക്കിയ അരവിന്ദന്‍ മറ്റൊരു ഫോണില്‍ നിന്നും രാധികയെ വിളിച്ചു. എന്നാല്‍ അരവിന്ദനെ തകര്‍ക്കുന്ന വിധത്തിലായിരുന്നു രാധികയുടെ മറുപടി. ഒടുവില്‍ എല്ലാവരും പരസ്പരം പിണങ്ങുന്നതില്‍ കാര്യം അവസാനിച്ചു.

സത്യത്തില്‍ അരവിന്ദനും അനിതയ്‌ക്കും രാധികയ്‌ക്കും ഇടയില്‍ സംഭവിച്ചതെന്താണ്? ആരും ആരുടെയും പ്രണയം വെളിപ്പെടുത്തിയില്ല എന്നതു തന്നെ. അനിത ഒപ്പം പഠിച്ചിരുന്ന കാലത്ത് തന്നെ അരവിന്ദനെ പ്രണയിച്ചിരുന്നു. എന്നാല്‍ അവള്‍ അതൊരിക്കലും പറഞ്ഞില്ല. അതുകൊണ്ട് തന്നെ അരവിന്ദന്‍ തിരിച്ചറിഞ്ഞില്ല.

പരിചയപ്പെട്ടതു മുതല്‍ അരവിന്ദനെ പ്രണയിച്ച രാധികയാകട്ടെ സുഹൃത്തിനും പ്രണയം അരവിന്ദനോടാണെന്ന് അറിഞ്ഞതോടെ വെളിപ്പെടുത്താനിരുന്ന പ്രണയം വിട്ടുകളഞ്ഞു. അരവിന്ദനാകട്ടെ നല്ലവളും ആദ്യകാലം മുതല്‍ തന്നെ പ്രണയിച്ചിരുന്നവളുമായ അനിതയുടെ മനസ്സ് ഒരിക്കലും കാണാനുമായില്ല.അരവിന്ദന്‍ നിങ്ങളില്‍ ഒരാളാണ്. അരവിന്ദന് സംഭവിച്ചത് നിങ്ങള്‍ക്ക് സംഭവിക്കരുത്. പ്രണയം പറയേണ്ടപ്പോള്‍ തന്നെ പറയുക.