ഓണ്‍ലൈനില്‍ പ്രണയിക്കുമ്പോള്‍...

PROPRO
ബന്ധങ്ങള്‍ വളരുകയാണ് കമ്പ്യൂട്ടറിന് അപ്പുറത്തേക്കും ഇപ്പുറത്തേക്കും. അപകടസാധ്യതകളും. സാമൂഹ്യസൈറ്റുകളില്‍ സന്തോഷവും സൌഹൃദവും പങ്കിടുന്ന നിങ്ങള്‍ ഓണ്‍ലൈനില്‍ സ്മാര്‍ട്ടായിക്കൊള്ളൂ. ഒപ്പം തന്നെ അതിന്‍റെ അപകട സാധ്യതകളും തിരിച്ചറിയണമെന്ന് മാത്രം. ഓണ്‍ലൈന്‍ വഞ്ചനയുടെയും ചതിയുടേയും ഒട്ടേറെ സംഭവങ്ങളുണ്ട്.

അവള്‍ക്ക് നിറം കറുപ്പായിരുന്നു. അവന്‍റെ നിറം അവള്‍ക്ക് അറിയുമായിരുന്നില്ലെങ്കിലും അവളുടെ സ്വപ്‌നങ്ങളില്‍ അയാള്‍ കരുത്തനും ബുദ്ധിമാനുമായിരുന്നു. ഈ അപകര്‍ഷത മൂലമാണ് അവന്‍ ഫോട്ടോ ചോദിച്ചപ്പോള്‍ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമാസുന്ദരിയുടെ ചിത്രം തന്നെ സാമൂഹ്യസൈറ്റിന്‍റെ പ്രൊഫൈലില്‍ അവള്‍ ഉപയോഗിച്ചത്.

സുന്ദരിയുടെ ചിത്രം കണ്ടതോടെ അവളുടെ മെയിലില്‍ എന്നും എത്താറുള്ള അവന്‍ കൂടുതല്‍ വാചാലനായി. അവനും അയച്ചു അവള്‍ക്ക് പരിചിതനല്ലാത്ത ഒരു മോഡലിന്‍റെ ചിത്രം. ബുദ്ധിമതിയായിരുന്ന അവള്‍ അവന്‍റെ ചോദ്യങ്ങള്‍ക്ക് ശ്രദ്ധയോടെയാണ് ഉത്തരം നല്‍കിയിരുന്നത്. ഫലിതം നിറഞ്ഞ അവന്‍റെ സംസാരങ്ങള്‍ അവളെ സന്തോഷിപ്പിച്ചു.

കാലം ചെല്ലുന്തോറും താന്‍ പതിയെ പ്രണയത്തില്‍ അകപ്പെട്ടോ എന്ന സംശയം അവള്‍ക്ക് തോന്നി. സമാന സംശയത്തിനു മറുപടി തേടുകയായിരുന്നു അവനും. അമേരിക്കയില്‍ എവിടെയോ ആയിരുന്നെന്ന് പരിചയപ്പെടുത്തിയിരുന്ന അവന്‍ ഭീരുവയിരുന്നില്ല. പ്രണയം വെളിപ്പെടുത്തുകയും വിവാഹ വാഗ്ദാനവും മുന്നോട്ട് വയ്ക്കുകയും ചെയ്തു.

PROPRO
ചാറ്റിംഗിന്‍റെ രസം കയറും തോറും അജ്ഞാത സുന്ദരനെ താന്‍ പ്രണയിക്കുന്നതായി അവള്‍ മനസ്സിലാക്കി. ഒപ്പം സ്വപ്നം നെയ്യാനും ആരംഭിച്ചു. നാളുകള്‍ക്ക് ശേഷം കമ്പ്യൂട്ടറിനപ്പുറം ഇരിക്കുന്ന അവളെ കാണുവാന്‍ അയാള്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ അവള്‍ക്ക് ആധിയായി. ആദ്യത്തെ കുറെ തവണ ഒഴിവ് കഴിവുകള്‍ പറഞ്ഞ് അവള്‍ രക്ഷപ്പെട്ടെങ്കിലും തൊട്ടടുത്ത മാസം ഇന്ത്യയില്‍ എത്തുമെന്ന് മെയില്‍ ചെയ്ത അയാളെ കൂടുതല്‍ അവഗണിക്കാനായില്ല.

ഒടുവില്‍ അവള്‍ മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയും പരസ്പരം പരിചയപ്പെടാന്‍ അടയാളങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണയും അവള്‍ അല്പം അതിബുദ്ധി കാട്ടി. സുന്ദരിയായ കൂട്ടുകാരിയെ തന്നെ തന്ത്രപരമായി അവള്‍ അടയാളവേഷം വേഷം ധരിപ്പിച്ചു. ഇരുവരും പദ്ധതിയിട്ടിരുന്ന പാര്‍ക്കിലെ മരത്തിന് അരികിലേക്ക് നടക്കുമ്പോള്‍ തനിക്ക് പറഞ്ഞ അടയാള വേഷം ധരിച്ച് ഒരാള്‍ നില്‍ക്കുന്നത് അവള്‍ ദൂരെ നിന്നും കണ്ടു.

പുറംകാഴ്ചയില്‍ തന്നെ പരിചയം തോന്നിപ്പിച്ച അയാള്‍ പെട്ടെന്ന് തിരിഞ്ഞപ്പോള്‍ അവള്‍ ഞെട്ടിപ്പോയി. അവള്‍ പറഞ്ഞ അടയാള വേഷവും ധരിച്ച് നില്‍ക്കുന്നത് അവളുടെ ഇരട്ട സഹോദരനായിരുന്നു. ആള്‍ വന്നില്ലെന്ന് കള്ളം പറഞ്ഞ് പാര്‍ക്കിലെ കെട്ടിടത്തിനു പിന്നിലേക്ക് കൂട്ടുകാരിയെ മാറ്റി നിര്‍ത്തിയ അവള്‍ തിരിഞ്ഞു നടക്കുമ്പോള്‍ വിറയ്ക്കുകയും വിയര്‍ക്കുകയും ആയിരുന്നു. അതിനു ശേഷം ഒരിക്കലും ആ മെയില്‍ അവള്‍ തുറന്നിട്ടില്ല.

ഈ കഥ ഓണ്‍ലൈന്‍ ബന്ധങ്ങളുടെ അപാകതയെ ചൂണ്ടിക്കാട്ടുന്നുണ്ടാകാം. സ്വന്തം കണ്ണുകള്‍ക്ക് അപ്പുറത്താണ് ഓണ്‍ലൈന്‍ വഴി വരുന്നവര്‍ എന്നത് എല്ലായ്‌പ്പോഴും ഓര്‍മ്മിക്കുക. ദൈനംദിന ജീവിതത്തില്‍ കമ്പ്യൂട്ടറിനു പുറത്ത് ഓഫ് ലൈനില്‍ നിങ്ങള്‍ കണ്ടു മുട്ടുന്നവര്‍ക്കൊപ്പമല്ല ഒരിക്കലും ഓണ്‍ലൈനില്‍ പരിചയിക്കുന്നവര്‍.

ഓണ്‍ലൈന്‍ പ്രണയത്തിലും സൌഹൃദത്തിലും ഏര്‍പ്പെടുമ്പോള്‍ ചില സുരക്ഷിതത്വം എടുക്കണമെന്ന് മാത്രം. ഒന്നാമതായി സാമൂഹ്യ സൈറ്റുകളില്‍ ഏര്‍പ്പെടുമ്പോള്‍ നിങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യമെന്ന് തോന്നുന്നത് മാത്രം തെരഞ്ഞെടുത്ത് ജോയിന്‍ ചെയ്യുക. നിങ്ങളോട് പെരുമാറുന്നതു പോലെ തന്നെ ഓണ്‍ ലൈന്‍ വഴി എതിരാളിയോടും പെരുമാറുക.

പരിചിതവും സ്വഭാവികവുമായുള്ള ബന്ധങ്ങളില്‍ കാട്ടുന്നതു പോലെ നിങ്ങളുടെ ഗുണങ്ങളും ദൌര്‍ബല്യങ്ങളും നെറ്റിലൂടെ പരിചയപ്പെടുന്ന സുഹൃത്തിനു നല്‍കേണ്ടതില്ല. പുറത്തെ സൌഹൃദം പരിഗണിക്കുന്നതു പോലെ നെറ്റ് സൌഹൃദങ്ങളെ പരിഗണിക്കേണ്ടതില്ല. നിങ്ങളുടെ ആത്‌മാര്‍ത്ഥതയും സ്നേഹവും ദൃശ്യത്തിന് പുറത്തുള്ള സുഹൃത്ത് പരിഗണിക്കുമെന്ന് കരുതണ്ട. നെറ്റില്‍ എത്തുന്ന സഹൃദങ്ങളില്‍ കള്ളത്തരങ്ങളും ഏറുമെന്ന കാര്യം ഓര്‍മ്മിക്കുക.

ഓണ്‍ ലൈന്‍ ഐ ഡിയില്‍ നല്‍കുന്ന തെറ്റായ വിവരങ്ങളുടെ പിന്നാലെ പോകാതിരിക്കുക. 60 ശതമാനത്തില്‍ അധികം ആള്‍ക്കാരും നെറ്റില്‍ തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെന്ന് മറക്കാതിരിക്കുക. ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് ഒരാളുടെ ചിത്രം മുഴുവനായി ലഭിക്കില്ല. ശാരീരിക സാന്നിദ്ധ്യം, സാമൂഹ്യ പശ്ചാത്തലം, ദൈനം ദിന ജീവിതത്തിലെ പരിചയം എന്നിവയ്‌ക്ക് അപ്പുറത്താണ് ഓണ്‍ ലൈന്‍ ബന്ധങ്ങള്‍ എന്ന് തിരിച്ചറിയുക.

ചാറ്റിങ്ങില്‍ ഏര്‍പ്പെടുമ്പോള്‍ വികാരപരമായി പോകാതെ മനസ്സിനെ തടുത്തു നിര്‍ത്തുക. ഓഫ് ലൈനിലെ നിങ്ങളുടെ ബന്ധത്തേക്കാള്‍ സ്വഭാവത്തിലും ഗുണത്തിലും വ്യത്യസ്തമായിരിക്കും ഓണ്‍ലൈന്‍ ബന്ധങ്ങള്‍. ഓണ്‍ലൈന്‍ ബന്ധങ്ങളില്‍ വംശം, പ്രായം, പുരുഷനോ/സ്ത്രീയോ, വൈകല്യമോ ഒക്കെ നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാന്‍ ഇടയുണ്ട്.

ഓണ്‍ലൈനില്‍ നിങ്ങളുടെ എതിരാളി ബുദ്ധിമാനെങ്കില്‍ നീണ്ട സമയം നെറ്റില്‍ ചെലവഴിക്കുന്നതിലൂടെ നിങ്ങളെ നന്നായി മനസ്സിലാക്കിയേക്കാനും തെറ്റായ പാതയിലേക്ക് നയിച്ചേക്കാനും മതി. അവസാനമായി ഒന്ന് കൂടി ഓണ്‍ലൈന്‍ ബന്ധത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ ഓഫ് ലൈനിലെ നിങ്ങളുടെ സൌഹൃദത്തിനു നേരെ ഒന്നു തിരിഞ്ഞു നോക്കുക തന്നെ വേണം.