ഒരിക്കലും ക്ഷയിക്കാത്ത ഐശ്വര്യവുമായി അക്ഷയ തൃതീയ!

Webdunia
ചൊവ്വ, 17 ഏപ്രില്‍ 2018 (17:09 IST)
സത്യയുഗത്തിലെ പ്രഥമ ദിവസമായിരുന്നു അക്ഷയതൃതീയ. വൈശാഖ മാസത്തിലെ ശുക്ളപക്ഷ തൃതീയയാണ് ഇത്. ബലഭദ്രന്‍റെ ജന്മദിനമാണന്ന്. അക്ഷയതൃതീയയില്‍ ചെയ്യുന്ന ദാനകര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കാത്ത ഒന്നായിരിക്കും. ശുഭകാര്യങ്ങള്‍ക്ക് ഇത് ധന്യമായ ദിവസമത്രേ. 
 
അക്ഷയതൃതീയ ദിവസം സൂര്യന്‍ അതിന്‍റെ പൂര്‍ണ്ണപ്രഭയില്‍ നില്‍ക്കുന്നു. ജ്യോതിഷ ശാസ്ത്രപ്രകാരം ചന്ദ്രനും അതിന്‍റെ ഏറ്റവും ഉത്തമമായ സ്ഥാനത്താണ് ഈ ദിവസം നില്‍ക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒരു പ്രധാന വിശേഷദിനമാണിത്. വൈശാഖം ഗുരുവായൂരില്‍ പുണ്യമാസമായാണ് ആചരിക്കുന്നത്. 
 
നമ്പൂതിരി കുടുംബങ്ങളിലെ വിധവകളായ അന്തര്‍ജനങ്ങള്‍ പണം, കുട, വിശറി തുടങ്ങി എന്തെങ്കിലും ദാനം ചെയ്തശേഷമേ ഈ ദിവസം ജലപാനം ചെയ്യുകയുള്ളൂ. വിശേഷമായ എല്ലാ കാര്യങ്ങളും ആരംഭിക്കാന്‍ ഏറ്റവും നല്ല ദിവസമാണ് അക്ഷയതൃതീയ. 
 
അക്ഷയ തൃതീയയുടെ പുതിയ മുഖം ആഭരണ കമ്പനികളുടെ പരസ്യമാണ്. അക്ഷയതൃതീയ ജ്വല്ലറിക്കാര്‍ തങ്ങള്‍ക്ക് ലാഭം നേടാനുള്ള ഏറ്റവും പുതിയ മാര്‍ഗമായി ഉപയോഗിച്ചുവരുന്നു. അക്ഷയതൃതീയ ദിവസത്തില്‍ സ്വര്‍ണം വാങ്ങുന്നത് സര്‍വ്വൈശ്വര്യത്തിനും കാരണമാകുമെന്നൊരു വിശ്വാസം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ഒരു പരിധിവരെ ജ്വല്ലറിക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 
 
വൈശാഖ മാസത്തിന്‍റെ മൂന്നാം നാളില്‍ വരുന്ന അക്ഷയ തൃതീയ ജപഹോമ പിതൃതര്‍പ്പണര്‍ത്തിന് പറ്റിയ ദിനമാണ്. ഗംഗാസ്നാനം, യവനഹോമം, യവഭക്ഷണം തുടങ്ങിയവയ്ക്കും ശ്രേഷ്ഠമായി വിലയിരുത്തുന്നു. അക്ഷയ തൃതീയയില്‍ ചെയ്യുന്ന ദാന ധര്‍മ്മങ്ങള്‍ക്ക് ശാശ്വതമായ ഫല സിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. 
 
മുഹൂര്‍ത്തങ്ങള്‍ രണ്ടു വിധമാണ്. പഞ്ചാംഗ സിദ്ധവും സ്വയം സിദ്ധവും. ജീവിതത്തിലെ ധന്യ സംഭവങ്ങള്‍ക്ക് മുഹൂര്‍ത്തം കുറിക്കുന്നത് പഞ്ചാംഗം നോക്കിയാണ്. ആ ദിവസങ്ങള്‍ പഞ്ചാംഗ സിദ്ധമാണ്. എന്നാല്‍ അക്ഷയ തൃതീയ, വിജയ ദശമി, പുതുവര്‍ഷാരംഭദിനമായ യുഗാദി തുടങ്ങിയ ദിവസങ്ങളും ബലിപഞ്ചമിയുടെ ആദ്യ പകുതിദിനവും സ്വയംസിദ്ധമാണെന്നും ആ ദിനങ്ങളില്‍ ശുഭകാര്യങ്ങള്‍ ചെയ്യാന്‍ പഞ്ചാംഗം നോക്കേണ്ടെന്നുമാണ് ഹിന്ദുക്കള്‍ക്കിടയിലെ വിശ്വാസം. 
 
ഈ ദിനം ലക്ഷ്മി വരദാനത്തിനായി സ്വര്‍ണം ഉള്‍പ്പടെയുള്ള ദ്രവ്യങ്ങള്‍ വാങ്ങാന്‍ പറ്റിയ ദിനമാണെന്ന് പൊതുവെ കരുതപ്പെടുന്നു. ചിലര്‍ ഈ ദിവസം ബലരാമജയന്തിയായി കണക്കാക്കുന്നു. ഭൂമിയില്‍ ദുഷ്ടരാജക്കന്മാര്‍ വര്‍ധിച്ചപ്പോള്‍ ഭൂമിദേവി പശുവിന്‍റെ രൂപത്തില്‍ മഹാവിഷ്ണുവിനെ സമീപിച്ചു സങ്കടം പറഞ്ഞു. ദുഷ്ടന്മാരെ നിഗ്രഹിക്കാമെന്ന് ഭൂമിദേവിക്കു നല്‍കിയ ഉറപ്പിന്മേല്‍ മഹാവിഷ്ണു വസുദേവ പുത്രന്മാരായ ശ്രീകൃഷ്ണനും ബലരാമനുമായി പിറന്ന് ദുഷ്ടനിഗ്രഹം വരുത്താമെന്നു സമ്മതിച്ചു.
 
ബലരാമനായി പിറന്ന ദിനമായിട്ടാണ് അക്ഷയതൃതീയ ദിനത്തെ വിശ്വസിച്ചു പോരുന്നത്. ഇതു പരശുരാമന്‍റെ ജനനദിനമാണെന്നുള്ളതാണ് മറ്റൊരു വിശ്വാസം. പരശുരാമ ജയന്തിയായി കരുതുന്ന ഈ ദിനം സമൃദ്ധിയുടെ പ്രതീകമായി വിശ്വസിച്ചു പോരുന്നു. ക്ഷയിക്കാത്ത തിഥിയെന്നു കരുതുന്ന ഈ ദിനം കൃതായുഗത്തിന്‍റെ ആരംഭമാണ്. ദ്രൗപദിക്കു കൃഷ്ണന്‍ നല്‍കിയ അക്ഷയപാത്രത്തിന്‍റെ ഫലമാണ് അക്ഷയതൃതീയ ദിനത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക്. അന്നു ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഐശ്വര്യ ലക്ഷ്മിയും ധനലക്ഷ്മിയും തുടങ്ങി അഷ്ടലക്ഷ്മിമാരുടെ പുണ്യവുമുണ്ടാകും.
 
സത്യയുഗത്തില്‍ ചതുര്‍വിധ പുരുഷാ‍ര്‍ഥങ്ങളായ ധര്‍മം, അര്‍ഥം, കാമം, മോക്ഷം തുടങ്ങിയ നിഷ്ഠയോടെ അനുഷ്ഠിച്ചവരായിരുന്നു ഉണ്ടായിരുന്നത് എന്നാണ് വിശ്വാസം. അതിനാല്‍ തന്നെ അന്ന് ധര്‍മ്മം അതിന്റെ എല്ലാ പ്രഭാവത്തൊടും കൂടി ജ്വലിച്ചു നിന്നിരുന്നതായി പറയപ്പെടുന്നു. ഈ യുഗത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് അക്ഷയതൃതീയ. 
 
ഈ ദിനത്തില്‍ പ്രകൃതി പോലും ഒരുങ്ങി നില്‍ക്കുന്നതായി ജ്യോതിഷ പണ്ഡിതര്‍ പറയുന്നു. അക്ഷയ തൃതീയ ദിവസം സൂര്യന്‍ അതിന്റെ പൂര്‍ണ പ്രഭയില്‍ നില്‍ക്കുന്നു. ജ്യോതിഷപ്രകാരം ചന്ദ്രനും അതിന്റെ ഏറ്റവും ഉത്തമമായ സ്‌ഥാനത്താണ്‌ ഈ ദിവസം നില്‍ക്കുന്നത്‌. അതിനാല്‍ തന്നെ ഉത്തമമായ ഈ ദിനം ചെയ്യുന്ന ദാന കര്‍മ്മങ്ങളുടെ ഫലം ദിനത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ അനന്തവുമായിരിക്കും.

പുനര്‍ജന്മങ്ങളിലും മരണാനന്തര ജീവിതത്തിലും ഭാരതീയര്‍ക്ക് വിശേഷ പരമായ വീക്ഷണം പണ്ടുമുതല്‍ തന്നെയുണ്ട്. അതനുസരിച്ച് ചെയ്യുന്ന പുണ്യപാപങ്ങളുടെ ഫലം അനുഭവിച്ചേ മതിയാകൂ. അക്ഷയതൃതീയ നാളില്‍ ചെയ്യുന്ന ഏത് പുണ്യകര്‍മ്മങ്ങളുടെയും ഫലം അനന്തമാണെന്ന് വിശ്വാസികള്‍ പറയുന്നു. ഈ ദിനം സ്വര്‍ണം വാങ്ങുന്നതിന്റെ സവിശേഷത ഒന്ന്‌ വേറെതന്നെ എന്ന്‌ വിശ്വസിക്കുന്നവര്‍ ധാരാളമാണിപ്പോള്‍‍. അന്ന് എന്തു വാങ്ങിയാലും അത് ഇരട്ടിക്കുമെന്ന വിശ്വാസവും പ്രബലപ്പെട്ടു വരികയാണ്.
 
എന്നാല്‍ ഇതിനെ പറ്റി ശരിയായ ധാരണ ആര്‍ക്കും ഇല്ലാത്തത് അക്ഷയ തൃതീയ എന്നാല്‍ സ്വര്‍ണം വാങ്ങാനുള്ള ദിവസമാക്കി മാറ്റാന്‍ ജ്വല്ലറിക്കാര്‍ക്ക് വഴിയൊരുക്കി എന്നതാണ് സത്യം.

അനുബന്ധ വാര്‍ത്തകള്‍

Next Article