തമിഴകത്തിന് ഡിസംബര്‍ ഇത്തവണയും കണ്ണീരിന്റേത് ആയിരുന്നു. മുഖ്യമന്ത്രി ജയലളിതയുടെ മരണം തമിഴ്മക്കള്‍ക്ക് ഏല്പിച്ച ആഘാതം ചെറുതായിരുന്നില്ല. ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നരയോടെയാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം ഔദ്യോഗികമായി അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചത്. ആ രാത്രിയില്‍ തന്നെ ഒ പനീര്‍ സെല്‍വം മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തു.
പനിയും നിര്‍ജ്ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ 22ന് ആയിരുന്നു ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുഖ്യമന്ത്രി മരിച്ചതായുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞെങ്കിലും അധികൃതര്‍ അത് തള്ളിക്കളഞ്ഞു. മുഖ്യമന്ത്രി സുഖമായി വരുന്നതായും ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലേക്ക് പോകാമെന്നും ആശുപത്രി നവംബര്‍ അവസാനത്തോടെ വ്യക്തമാക്കി. അമ്മ സുഖമായി വരുന്നെന്ന വാര്‍ത്ത തമിഴ്മക്കളില്‍ പ്രതീക്ഷകള്‍ ഉണര്‍ത്തിയപ്പോഴാണ് ഡിസംബര്‍ നാലാം തിയതി ഹൃദയാഘാതം സംഭവിച്ചെന്നും ആരോഗ്യനില അതീവഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചത്.
മുഖ്യമന്ത്രിക്ക് ഹൃദയാഘാതം വന്നെന്ന വാര്‍ത്തയെ തുടര്‍ന്ന് അവര്‍ മരിച്ചെന്ന രീതിയിലുള്ള അഭ്യൂഹങ്ങളും പരന്നു. എന്നാല്‍, മരണവാര്‍ത്ത നിഷേധിച്ച ആശുപത്രി അധികൃതര്‍ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് സാധ്യമാകുന്ന എല്ലാ വിദഗ്ധ ചികിത്സകളും നല്കുകയാണെന്നും അറിയിച്ചു. വൈകുന്നേരത്തോടെ ചില തമിഴ് വാര്‍ത്താചാനലുകള്‍ മുഖ്യമന്ത്രി മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തെങ്കിലും ആശുപത്രി വാര്‍ത്ത നിഷേധിച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ചു. തുടര്‍ന്ന് രാത്രി പതിനൊന്നരയോടെ ആശുപത്രി മരണം സ്ഥിരീകരിക്കുകയായിരുന്നു. മറീന ബീച്ചില്‍ എം ജി ആര്‍ സ്മൃതിമണ്ഡപത്തിന് സമീപമായാണ് മുഖ്യമന്ത്രി ജയലളിതയെ അടക്കം ചെയ്തത്. ബന്ധുക്കളെ പങ്കെടുപ്പിക്കാതിരുന്ന സംസ്കാരചടങ്ങുകള്‍ക്ക് തോഴി ശശികല ആയിരുന്നു നേതൃത്വം നല്കിയത്.