താരപ്പോരില്‍ ഗണേഷിനോട് മല്ലടിച്ച് ജഗദീഷ് വീണു

വെള്ളി, 16 ഡിസം‌ബര്‍ 2016 (20:08 IST)
താരസമ്പന്നമായ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു 2016ലേത്. സിനിമാ താരങ്ങളായ മുകേഷ്, ജഗദീഷ്, ഗണേഷ് കുമാര്‍, ഭീമന്‍ രഘു എന്നിവര്‍ പോര്‍ക്കളത്തിലിറങ്ങി. മുകേഷും ഗണേഷും ഇടത് മുന്നണിക്കൊപ്പം നിന്ന് മത്സരിച്ചപ്പോള്‍ ജഗദീഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. ബിജെപിക്കുവേണ്ടിയാണ് ഭീമന്‍ രഘു വോട്ട് ചോദിച്ചത്.

താരപ്പോരില്‍ രൂക്ഷമായ വാക് പോരും മത്സരവും നടന്നത് പത്തനാപുരത്തായിരുന്നു. യു ഡി എഫ് വിട്ടുവന്ന കേരളാ കോണ്‍ഗ്രസിനെ (ബി) പത്തനാപുരത്ത് താറപറ്റിക്കാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയ സ്ഥാനാര്‍ഥിയായിരുന്നു ജഗദീഷ്. തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ പരസ്‌പരം കുറ്റപ്പെടുത്തിയും പഴി പറഞ്ഞും ഇരുവരും രംഗം കൊഴുപ്പിച്ചുവെങ്കിലും ഗണേഷിന്റെ രാഷ്‌ട്രീയ പാടവത്തിന് മുന്നില്‍ ജഗദീഷ് പലപ്പോഴും പരാജയപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് നടന്‍ മോഹന്‍‌ലാലും പ്രീയദര്‍ശനും പത്തനാപുരത്ത് എത്തിയതോടെ ജഗദീഷ് പ്രതിരോധത്തിലായി. പ്രചാരണത്തിലും അതിവേഗം മുന്നേറിയ ഗണേഷിനെ മറികടക്കാന്‍ സിനിമയില്‍ മാത്രം പരിചയമുള്ള ജഗദീഷിനായില്ല. ഇടതുപക്ഷത്തിന്റെ അകമഴിഞ്ഞ പിന്തുണയും ഗണേഷിനെ തുണച്ചു. താരപ്പോരിന്റെ അന്തിമ ഫലം പുറത്തുവന്നപ്പോള്‍ ഗണേഷ് കുമാര്‍ മികച്ച വിജയം സ്വന്തമാക്കി നിയമസഭയിലേക്കുള്ള് ടിക്കറ്റ് സ്വന്തമാക്കി.

വെബ്ദുനിയ വായിക്കുക