താരരാജാക്കന്‍‌മാരുടെ വാഴ്ചയും വേഴ്ചയും

Webdunia
വെള്ളി, 25 ഡിസം‌ബര്‍ 2009 (15:30 IST)
PRO
താരരാജാക്കന്‍‌മാരുടെ വാഴ്ചയുടെയും വേഴ്ചയുടെയും കഥകള്‍ പിന്നിട്ടാണ് 2009 കായിക ലോകത്തു നിന്ന് വിടവാങ്ങുന്നത്. ദക്ഷിണാഫ്രിക്കയില്‍ 2010ല്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പാണ് കായികലോകത്ത് പുതുവര്‍ഷത്തിന്‍റെ ഏറ്റവും വലിയ ആവേശമാകുകയെങ്കില്‍ അതിനേക്കാള്‍ ആവേശവും ആകാംക്ഷയും സമ്മാനിച്ചായിരുന്നു യോഗ്യതാ റൌണ്ടുകള്‍ പൂര്‍ത്തിയായത്. 2009ലെ പ്രധാന കായിക സംഭവങ്ങളിലൂടെ ഒരു തിരിഞ്ഞു നോട്ടം.

ടൈഗര്‍വുഡ്സ്
ക്യികലോകത്തെ ഒരു വിഗ്രഹം കൂടി ഉടയുന്ന കാഴ്ചയോടെയാണ് 2009 വിടവാങ്ങുന്നത്. ഗോല്ഫിലെ ഇതിഹാസമായിരുന്ന ടൈഗര്‍ വുഡ്സ് പരസ്ത്രീ ബന്ധത്തിന്‍റെ പേരില്‍ നാണക്കേടിന്‍റെ കുഴിയിലിറങ്ങി. തല്‍ക്കാലത്തേക്ക് ഗോള്‍ഫിനോട് വിടചൊല്ലിയ വുഡ്സ് ദാമ്പത്യ ബന്ധം രക്ഷപ്പെടുത്തിയെടുക്കാനുള്ള് തീവ്രശ്രമത്തിലാണിപ്പോള്‍.

മാനഭംഗക്കേസില്‍ റൊബീഞ്ഞോ അറസ്റ്റില്‍
മാഞ്ചസ്റ്റര്‍: ബ്രിട്ടീഷ്‌ നൈറ്റ്‌ ക്ലബ്ബില്‍ ടീനേജുകാരിയോട്‌ അസഭ്യമായി പെരുമാറിയതിന്‌ ഇംഗ്ലീഷ്‌ ഫുട്ബോള്‍ ക്ലബ്‌ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീല്‍ സ്ട്രൈക്കര്‍ റൊബീഞ്ഞോയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ഫുട്ബോളില്‍ വീണ്ടും ദൈവത്തിന്‍റെ കൈ
ലോകകപ്പ്‌ യോഗ്യതയ്ക്കു വേണ്ടി ഫ്രാന്‍സും അയര്‍ലന്‍ഡും തമ്മില്‍ നടന്ന മല്‍സരം വിവാദമായി.ഫ്രാന്‍സിന്റെ ലോകകപ്പ്‌ പ്രവേശനത്തിനു വഴിയൊരുക്കിയ ഗോളിനെച്ചൊല്ലിയാണ്‌ വിവാദം. ഫ്രാന്‍സിനു ജയം നേടിക്കൊടുത്ത ഗോള്‍നീക്കത്തിനിടയില്‍ ഫ്രഞ്ച്‌ ക്യാപ്റ്റന്‍ തിയറി ഹെന്‍‌റി പന്ത്‌ കൈകൊണ്ട്‌ സ്പര്‍ശിച്ചതാണ്‌ വിവാദമായത്‌. മല്‍സരം വീണ്ടും നടത്തണമെന്ന്‌ ആവശ്യം ഉയര്‍ന്നെങ്കിലും ഫിഫ അത്‌ നിഷേധിച്ചു. അതേസമയം ഹെന്‍‌റി സംഭവത്തില്‍ മാപ്പു പറയുകയും ചെയ്‌തു.

ഹെയ്‌ലി ഗെബ്രെസിലാസി
ലോകത്ത്‌ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള ദുബായ്‌ മാരത്തണില്‍ വീണ്ടും ഇത്യോപ്യന്‍ ആധിപത്യം. ലോക റെക്കോര്‍ഡ്‌ ജേതാവുകൂടിയായ ഹെയ്‌ലി ഗെബ്രെസിലാസി ഒന്നാമനായെങ്കിലും റെക്കോര്‍ഡ്‌ തിരുത്തിയാല്‍ കിട്ടുമായിരുന്ന 10 ലക്ഷം ഡോളര്‍ (അഞ്ചു കോടിയോളം രൂപ) വീണ്ടും നഷ്ടമായി. കഴിഞ്ഞതവണ അന്നത്തെ റെക്കോര്‍ഡ്‌ നഷ്ടമായത്‌ 27 സെക്കന്‍ഡിനായിരുന്നെങ്കില്‍, ഇക്കുറി കൈവിട്ടത്‌ 1.70 മിനിറ്റിനാണ്‌.

ഭൂപതി സാനിയാ സഖ്യം
ഒാ‍സ്ട്രേലിയന്‍ ഒാ‍പ്പണ്‍ മിക്സഡ്‌ ഡബിള്‍സ്‌ കിരീടം മഹേഷ്‌ ഭൂപതി - സാനിയ മിര്‍സ സഖ്യത്തിന്‌.

ഇന്ത്യ ലോകഗ്രൂപ്പില്‍
ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ ഡേവിസ്‌ കപ്പ്‌ ടെന്നിസിന്റെ ലോകഗ്രൂപ്പില്‍ പ്രവേശിച്ചു.11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ്‌ ഇന്ത്യ 16 ടീമുകള്‍ ഉള്‍പ്പെടുന്ന ലോകഗ്രൂപ്പിലേക്ക്‌ തിരിച്ചെത്തുന്നത്‌.

ഹോക്കി ടെസ്റ്റ്‌ ഇന്ത്യയ്ക്ക്‌
ദിലിപ്‌ ടര്‍ക്കിയുടെയും സന്ദീപ്‌ സിങ്ങിന്റെയും ഗോളുകളുടെ മികവില്‍ ന്യൊാസെലന്‍ഡിനെതിരായ നാലാമത്തെയും അവസാനത്തെയും ഹോക്കി ടെസ്റ്റില്‍ ഇന്ത്യയ്ക്ക്‌ 2-0 വിജയം. നാലു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-0നു സ്വന്തമാക്കി.

ഒരു ടീമിനു മുഴുവന്‍ ചുവപ്പുകാര്‍ഡ്‌
അര്‍ജന്റീനയിലെ സി ലീഗ്‌ മല്‍സരത്തില്‍ ഒരു ടീമിലെ 18 പേര്‍ക്കും ചുവപ്പു കാര്‍ഡ്‌. മൈതാനത്തിലെ 11 പേരെയും പകരക്കാരുടെ ബഞ്ചിലെ ഏഴു പേരെയും റഫറി ചുവപ്പുകാര്‍ഡ്‌ കാണിച്ചു പുറത്താക്കിയതോടെ മല്‍സരം ഉപേക്ഷിച്ചു.. കാണികളുമായി വഴക്കുണ്ടാക്കിയതിനായിരുന്നു ശിക്ഷാ നടപടി.

ഇന്ത്യയ്ക്കു അസ്‌ലന്‍ ഷാ ട്രോഫി
അസ്‌ലന്‍ ഷാ ട്രോഫി കിരീടം ഇന്ത്യക്ക്‌. ആറു വര്‍ഷത്തിനു ശേഷമാണ്‌ ഇന്ത്യന്‍ ഹോക്കിക്കു വീണ്ടുമൊരു കിരീടധാരണം. സ്കോര്‍: ഇന്ത്യ -3 മലേഷ്യ-1. അസ്‌ലന്‍ ഷാ ഹോക്കിയില്‍ ഇന്ത്യയുടെ നാലാം വിജയമാണിത്‌. 1985, 91, 95 വര്‍ഷങ്ങളിലായിരുന്നു മുന്‍ വിജയം.


കേരളത്തിന്‌ കിരീടം
അമൃത്സറില്‍ നടന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളം കിരീടം നിലനിര്‍ത്തി.ദേശീയ സ്കൂള്‍ മീറ്റിലെ കേരളത്തിന്റെ തുടര്‍ച്ചയായ 13-ാ‍ം കിരീടമാണിത്‌. 28 സ്വര്‍ണം ഉള്‍പ്പെടെ 76 മെഡലുകളാണ്‌ കേരളം സ്വന്തമാക്കിയത്‌.ട്രാക്കിലും ഫീല്‍ഡിലും കേരളത്തിനു കനത്ത വെല്ലുവിളി ഉയര്‍ത്തിയ പഞ്ചാബിനാണ്‌ രണ്ടാം സ്ഥാനം.24 സ്വര്‍ണത്തോടെ കേരളത്തിനു തൊട്ടുപിന്നിലായാണ്‌ പഞ്ചാബ്‌ രണ്ടാമതെത്തിയത്‌.

സാനിയയ്ക്കു 93-ാ‍ം സ്ഥാനം
വനിതാ ടെന്നിസ്‌ ലോക റാങ്കിങ്ങില്‍ സാനിയ മിര്‍സ ഏഴു പടികയറി 93-ാ‍ം സ്ഥാനത്തെത്തി. 692 പോയിന്റാണ്‌ സാനിയയ്ക്കുള്ളത്‌. ഡബിള്‍സില്‍ പിന്നിലേയ്ക്കു പോയ സാനിയ 60-ാ‍ം സ്ഥാനത്താണ്‌.

ഇന്ത്യയ്ക്കു 149-ാ‍ം സ്ഥാനം
ഫിഫ ലോക ഫുട്ബോള്‍ റാങ്കിങ്ങില്‍ ഇന്ത്യയ്ക്കു സ്ഥാനക്കയറ്റം. ഇക്കഴിഞ്ഞ നെഹ്‌റു കപ്പ്‌ ഫുട്ബോള്‍ വിജയത്തോടെ ഏഴു സ്ഥാനങ്ങള്‍ മുന്നോട്ടുകുതിച്ച ഇന്ത്യ, റാങ്കിങ്ങില്‍ 149-ാ‍ം സ്ഥാനത്തെത്തി. നേരത്തേ 156-ാ‍ം സ്ഥാനത്തായിരുന്നു ഇന്ത്യ.

റോബര്‍ട്ട്‌ എന്‍കെ
ജര്‍മന്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ ഗോള്‍കീപ്പര്‍ റോബര്‍ട്ട്‌ എന്‍കെ ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കി. ഹാനോവര്‍ നഗരത്തിന്‌ 25 കിലോമീറ്റര്‍ വടക്കുകിഴക്ക്‌ നൂസ്റ്റാഡ്ടമിലായിരുന്നു ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച മരണം. റയില്‍വേ ട്രാക്കിനു സമീപം പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറില്‍നിന്ന്‌ എന്‍കെയുടെ ആത്മഹത്യാക്കുറിപ്പ്‌ പൊലീസ്‌ കണ്ടെടുത്തു. ഏകമകളുടെ മരണത്തെത്തുടര്‍ന്ന്‌ എന്‍കെയെ പിടികൂടിയ കടുത്ത വിഷാദരോഗമാണ്‌ മരണത്തിലേക്കും നയിച്ചതെന്നാണ്‌ സൂചന.

മെസ്സി മാജിക്
ഫിഫയുടെ 2009 ലെ ലോക ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം ആധികാരികമായിത്തന്നെ മെസ്സി നേടി. പോര്‍ചുഗീസ്‌ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബ്രസീലിന്റെ കക്കാ, സ്പെയ്ന്‍ താരങ്ങളായ ആന്ദ്രെ ഇനിയേസ്റ്റ, സാവി എന്നിവരാണ്‌ അവസാന ലിസ്റ്റില്‍ മെസ്സിയോടൊപ്പം ഉണ്ടായിരുന്നത്‌. ഇൌ‍ വര്‍ഷം മെസ്സിക്കു ലഭിക്കുന്ന മൂന്നാം അംഗീകാരമാണിത്‌. യൂറോപ്യന്‍ ക്ലബ്‌ ഫുട്ബോളര്‍ അവാര്‍ഡും ഒരു ഫ്രഞ്ച്‌ മാസികയുടെ വോട്ടെടുപ്പില്‍ യൂറോപ്യന്‍ ഫുട്ബോള്‍ ഒാ‍ഫ്‌ ദ്‌ ഇയര്‍ അവാര്‍ഡും മെസ്സി ഇൌ‍ വര്‍ഷം നേടിയിരുന്നു.

വിജേന്ദര്‍ ഒന്നാമന്‍
ബോക്സിങ്ങില്‍ മിഡില്‍ വെയ്റ്റ്‌ (75 കിലോഗ്രാം) വിഭാഗത്തില്‍ ഇന്ത്യയുടെ വിജേണ്ടര്‍ സിങ്‌ ലോക ഒന്നാം നമ്പര്‍ താരമായി. ഒളിംപിക്സിലും ലോക ചാംപ്യന്‍ഷിപ്പിലും ആദ്യമായി ഇന്ത്യയ്ക്കു ബോക്സിങ്ങ്‌ മെഡല്‍സമ്മാനിച്ച താരമാണ്‌ വിജേണ്ടര്‍. ഹരിയാനയിലെ ഭിവാനിക്കാരനായ വിജേണ്ടര്‍ ബെയ്ജിങ്‌ ഒളിംപിക്സില്‍ വെങ്കലം നേടിയിരുന്നു.

റോജര്‍ ഫെഡറര്‍
ടെന്നീസ് കണ്ട ഏറ്റവും മികച്ച താരമെന്ന പദവിയിലേക്ക് റോജര്‍ ഫെഡറര്‍ ഒരു പടി കുടി അടുത്തു. 14 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ പീറ്റ് സാം‌പ്രാസിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് ഫെഡറര്‍ 15 കിരീടങ്ങളില്‍ മുത്തമിട്ടു. ഈ വര്‍ഷം രണ്ട് ഗ്രാന്‍‌സ്ലാം കിരീടങ്ങള്‍ നേടാനും ഫെഡറര്‍ക്കായി.

റാഫേല്‍ നദാല്‍
ഒാ‍സ്ട്രേലിയന്‍ ഒാ‍പ്പണ്‍ ഫൈനലില്‍ സ്പാനിഷ്‌ താരം റാഫേല്‍ നദാലിനു കിരീടം. ക്ലാസിക്‌ ടെന്നീസിന്റെ സുന്ദരഭാവങ്ങള്‍ നിറഞ്ഞുനിന്ന മല്‍സരത്തില്‍ 14-ാ‍ം ഗ്രാന്‍സ്‌ലാം കിരീടത്തിന്റെ റെക്കോര്‍ഡ്‌ ലക്ഷ്യമിട്ടെത്തിയ റോജര്‍ ഫെഡററിനെ 7-5, 3-6, 7-6, 3-6, 6-2ന്‌ നദാല്‍ മറികടന്നു.

ബോള്‍ട്ടിളകാ‍തെ

ഒളിംപിക്‌ ചാംപ്യന്‍ ജമൈക്കയുടെ യു.എസ്‌.എീന്‍ ബോള്‍ട്ടിന്‌ ലോക അത്‌ലറ്റിക്സ്‌ ചാംപ്യന്‍ഷിപ്പിന്റെ 200 മീറ്ററിലും ലോക റെക്കോര്‍ഡ്‌. 19.19 സെക്കന്റില്‍ 200 മീറ്റര്‍ ഓടിത്തീര്‍ത്ത ബോള്‍ട്ട്‌ 19.30 സെക്കന്റ്‌ എന്ന തന്റെ തന്നെ റെക്കോര്‍ഡാണു പഴങ്കഥയാക്കിയത്‌. തന്റെ മികച്ച സമയമല്ലെങ്കിലും പാരിസ്‌ ഗോള്‍ഡന്‍ ലീഗിലും 100 മീറ്ററില്‍ ജമൈക്കയുടെ യു.എസ്‌.എീന്‍ ബോള്‍ട്ട്‌ സ്വര്‍ണപ്പതക്കമണിഞ്ഞു. ഈ‍ സീസണിലെ തന്റെ മികച്ച സമയമാണു ബോള്‍ട്ട്‌ കാഴ്ചവച്ചത്‌ - 9.79 സെക്കന്‍ഡ്‌. ഈ വര്‍ഷത്തെ ഏറ്റവും മികച്ച അത്‌ലറ്റായി രാജ്യാന്തര അത്‌ലറ്റിക്‌ ഫെഡറേഷന്‍ ബോള്‍ട്ടിനെ തെരഞ്ഞെടുത്തു.

അലിസണ്‍ ഫെലിക്സ്‌
ലോക അത്‌ലറ്റിക്‌ ചാംപ്യന്‍ഷിപ്പിന്റെ 200 മീറ്ററില്‍ മൂന്നാം തവണയും സ്വര്‍ണം നേടി അമേരിക്കന്‍ താരം അലിസണ്‍ ഫെലിക്സ്‌ പുതിയ ചരിത്രം കുറിച്ചു. 22.02 സെക്കന്‍ഡിലായിരുന്നു വിജയം. അവസാന നിമിഷത്തെ കുതിച്ചോട്ടത്തില്‍ അലിസണ്‍ ഫെലിക്സ്‌ രണ്ടു തവണ ഒളിംപിക്‌ ചാംപ്യനായിട്ടുള്ള ജമൈക്കയുടെ വെറോണിക്ക കാംബെല്‍ ബ്രൗണിനെയാണ്‌ തോല്‍പിച്ചത്‌.

യൂകി ഭ്രാംബി
രാമനാഥന്‍ കൃഷ്ണന്റെയും രമേശ്‌ കൃഷ്ണന്റെയും ലിയാന്‍ഡര്‍ പെയ്സിന്റെയും വഴിയില്‍ ഇനി ഡല്‍ഹിക്കാരന്‍ യൂകി ഭാംബ്രിയും. ഗ്രാന്‍സ്‌ലാം ജൂനിയര്‍ കിരീടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യക്കാരനായ യൂകിക്ക്‌ ഒാ‍സ്ട്രേലിയന്‍ ഒാ‍പ്പണില്‍ കിരീടം. ടോപ്‌ സീഡ്‌ യൂകി 6-3, 6-1ന്‌ അലക്സാന്‍ഡ്രോ ജോര്‍ഗൗഡാസിനെ പിന്തള്ളിയാണ്‌ ഇൌ‍ നേട്ടം സ്വന്തമാക്കിയത്‌.

മൈക്കല്‍ ഫെല്‍പ്സ്‌
നീന്തലില്‍ എട്ടു സ്വര്‍ണ മെഡലുകളോടെ ബെയ്ജിങ്‌ ഒളിംപിക്സിലെ സ്വര്‍ണ മല്‍സ്യമായി മാറിയ അമേരിക്കക്കാരന്‍ മൈക്കല്‍ ഫെല്‍പ്സിനു മൂന്നു മാസത്തെ വിലക്ക്‌. ഫെല്‍പ്സ്‌ വിലക്കപ്പെട്ട മരിജുവാന പുകയ്ക്കുന്നതായി ബ്രിട്ടനിലെ ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ച ചിത്രത്തെത്തുടര്‍ന്നാണു വിലക്ക്‌.

വിജേന്ദര്‍ സിങ്ങ്‌
ഒളിംപിക്‌ ബോക്സിങ്ങില്‍ ഇന്ത്യയ്ക്ക്‌ ആദ്യമെഡല്‍ സമ്മാനിച്ച വിജേണ്ടര്‍ സിങ്‌ ലോക ചാംപ്യന്‍ഷിപ്പിലും ഇന്ത്യയ്ക്കുവേണ്ടി ചരിത്രം കുറിച്ചു. ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്‌ ക്വാര്‍ട്ടറില്‍ യുക്രൈന്‍ താരം സെര്‍ജി ഡെറെവ്യാന്‍ചെങ്കോയെ 12-4നു തോല്‍പിച്ചു സെമിയിലെത്തിയതോടെയാണിത്‌.

പങ്കജ്‌ അഡ്വാനി
ബില്യാര്‍ഡ്സിന്റെ ഇൌ‍റ്റില്ലമായ ഇംഗ്ലണ്ടില്‍ മൈക്ക്‌ റസലിനെ 2030-1253ന്‌ തകര്‍ത്ത്‌ ഇന്ത്യന്‍ യുവതാരം പങ്കജ്‌ അഡ്വാനി ലോകത്തിന്റെ നെറുകയിലെത്തി. പ്രഫഷനല്‍ ബില്യാര്‍ഡ്സിന്റെ ലോക ചാംപ്യനായ പങ്കജ്‌ അഡ്വാനി ഇൌ‍ നേട്ടം കൊയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ്‌.

ഹംപിക്കു കിരീടം
ഫിഡെ വനിതാ ഗ്രാന്‍പ്രി ചെസ്‌ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കൊനേരു ഹംപിക്കു കിരീടം. അവസാന റൗണ്ടില്‍ ഹംപി ഫ്രാന്‍സിന്റെ മേരി സേബാഗിനെയാണു തോല്‍പ്പിച്ചത്‌.

ഗഗന്‍ നരംഗിനു സ്വര്‍ണം
ദക്ഷിണ കൊറിയയിലെ ചോങ്ങ്‌വോങ്ങില്‍ നടക്കുന്ന ലോകകപ്പ്‌ ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ താരം ഗഗന്‍ നരംഗ്‌ 50 മീറ്റര്‍ റൈഫിള്‍ 3-പൊസിഷനില്‍ സ്വര്‍ണം നേടി.

സിനിമോള്‍ പൗലോസ്‌
മലയാളി അത്‌ലിറ്റ്‌ സിനിമോള്‍ പൗലോസിന്‌ അര്‍ജുന അവാര്‍ഡ്‌

വികാസ്‌, രഞ്ജിതോ മഹന്ത
കൊച്ചി: ദേശീയ സ്കൂള്‍ കായികമേളയിലെ മികച്ച താരങ്ങള്‍ക്കുള്ള മലയാള മനോരമ സ്വര്‍ണപ്പതക്കം 400 മീറ്ററില്‍ മിന്നല്‍പ്പിണരായ കേരളത്തിന്റെ വികാസ്‌ ചന്ദ്രനും ഒറീസയുടെ സ്പ്രിന്റ്‌ റാണി രഞ്ജിതോ മഹന്തയ്ക്കും. മന്ത്രിമാരായ എം.എ. ബേബി, എം. വിജയകുമാര്‍ എന്നിവര്‍ ഒരു പവന്‍ വീതമുള്ള സ്വര്‍ണമെഡലുകള്‍ സമ്മാനിച്ചു.