അംബാനിമാരുടെ യുദ്ധം

Webdunia
വ്യാഴം, 24 ഡിസം‌ബര്‍ 2009 (20:25 IST)
PRO
‘ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ്’ എന്ന രീതിയിലായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസും റിലയന്‍സ് നാച്ചുറല്‍ റിസോഴ്സസ് ലിമിറ്റഡും തമ്മിലുള്ള ഗ്യാസ് വിതരണ തര്‍ക്കം. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ കെ ജി ബേസിനില്‍ നിന്നുള്ള വാതകത്തിന്‍റെ വിതരണം സംബന്ധിച്ചാണ് തര്‍ക്കം. കൃഷ്‌ണ-ഗോദാവരി തടത്തില്‍ മുകേഷ്‌ അംബാനിയുടെ ഉടമസ്ഥതയിലുള്ള വാതകപ്പാടത്തുനിന്നുള്ള പ്രകൃതിവാതകം അനില്‍ അംബാനിയുടെ കമ്പനിക്ക്‌ വില്‍ക്കുന്നതുസംബന്ധിച്ചാണ്‌ തര്‍ക്കം.

ബോംബൈ ഹൈക്കോടതിയില്‍ തുടങ്ങിയ തര്‍ക്കം ഇപ്പോള്‍ സുപ്രീം കോടതിയിലാണ്. ഒക്ടോബര്‍ 20നാണ്‌ അംബാനിമാര്‍ തമ്മിലുള്ള കേസില്‍ സുപ്രീം കോടതി വാദം തുടങ്ങിയത്‌. മധ്യസ്ഥരുടെ സഹായത്തോടെ പ്രശ്നം പരിഹരിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇരുവരും പരസ്പരം പഴിചാരുകയാണ് ചെയ്യുന്നത്. മാതാവിന്‍റെ സഹായത്തോടെ പ്രശനം പരിഹരിക്കണമെന്ന് ഏതാനും ദിവസം മുമ്പ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചെങ്കിലും അംബാനിമാര്‍ അടുക്കുന്ന മട്ടില്ല.

വാതകം യൂണിറ്റൊന്നിന്‌ 2.34 ഡോളറിനു വില്‍ക്കണമെന്നാണ്‌ 2005ല്‍ അംബാനി സഹോദരന്‍മാര്‍ തമ്മിലുണ്ടാക്കിയ സ്വത്തു വീതം വെക്കല്‍ ധാരണാപത്രത്തില്‍ വ്യവസ്ഥ ചെയ്‌തിട്ടുള്ളത്‌. എന്നാല്‍, വില 4.20 ഡോളറാക്കി ഉയര്‍ത്താന്‍ മുകേഷിന്‍റെ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്‌ കേന്ദ്ര സര്‍ക്കാര്‍ 2007ല്‍ അനുമതി നല്‍കി. ഇതിനെതിരെ അനില്‍ അംബാനി കോടതിയെ സമീപിക്കുകയായിരുന്നു‌.