‘ചക്ക് ദേ ഇന്ത്യ’ ഷാരൂഖ്ഖാന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ബോളീവുഡ് ചിത്രങ്ങളില്‍ ഒന്നായിരുന്നെങ്കിലും ഇന്ത്യന്‍ കായിക രംഗത്തെ ഉത്തേജിപ്പിച്ച സമീപകാലത്തെ ഏറ്റവും പുതിയ വാക്കായിരുന്നു ഇത്. സസൂഷ്‌മം വിലയിരുത്തുന്ന ഒരു കായിക പ്രേമിക്ക് പല മേഖലയിലും ഇന്ത്യ ഉയരുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്താനാകും..
ആവേശത്തിനു ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് 2007 കടന്നു പോയത്. ഏഷ്യന്‍ ഗെയിംസില്‍ ചെസ്സില്‍ സുവര്‍ണ്ണ നേട്ടം നടത്തിയ കൊനേരി ഹമ്പി മുതല്‍ ഇന്ത്യയുടെ വിജയ കുതിപ്പ് തുടങ്ങി. അത്‌ലറ്റിക്സില്‍ ഏഷ്യയില്‍ തന്നെ അത്രയ്‌ക്ക് മോശമല്ലാത്ത ഇന്ത്യ ഖത്തറിലും ഇന്‍ഡോര്‍ ഗെയിംസിലും സാഫിലും നടത്തിയ പ്രകടനങ്ങള്‍ ഓര്‍മ്മിക്കുക.
അതു കൊണ്ട് തന്നെ ആഫ്രോ ഏഷ്യന്‍ ഗെയിംസിനുള്ള ഏഷ്യന്‍ ടീമില്‍ ഇന്ത്യയില്‍ നിന്നും 17 താരങ്ങളാണ് ഉള്‍പ്പെട്ടത്. ഏഷ്യയിലേയും ലോക ചാമ്പ്യന്‍ഷിപ്പിലെയും ഇന്ത്യന്‍ അത്‌ലറ്റുകളുടെ പ്രകടനം, ഇംഗ്ലണ്ടില്‍ 30 വര്‍ഷത്തിനു ശേഷം നേടിയ ടെസ്റ്റിലെ പരമ്പരവിജയം, നെഹ്‌റുകപ്പ്, ഏഷ്യാകപ്പ് എന്നിവയെല്ലാം മികവിനൊപ്പം ചേര്‍ത്തു വയ്‌ക്കാവുന്ന നേട്ടങ്ങളാണ്.
ചെസ്സിലും ട്വന്‍റി ലോകകപ്പിലുമായിരുന്നു ഇന്ത്യയുടെ ഏറ്റവും മനോഹരമായ വിജയങ്ങള്‍ കണ്ടത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ് തുടര്‍ച്ചയായി മൂന്നാം തവണയായിരുന്നു കിരീടത്തിലേക്കു നടന്നു കയറിയത്. അപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി നടന്ന ട്വന്‍റി ലോകകപ്പ് ഇന്ത്യയിലെത്തി.
PTI
PTI
മെക്‍സിക്കോയില്‍ നടന്ന മത്സരങ്ങളില്‍ ഒമ്പത് പോയിന്‍റുകള്‍ നേടിയാണ് ആനന്ദ് മൂന്നാം തവണ ലോകകിരീടം സ്വന്തമാക്കിയത്. കൂട്ടത്തില്‍ ഏറ്റവും മഹനീയം ടീം ഇന്ത്യ ക്രിക്കറ്റില്‍ നേടിയ ലോകകിരീടം തന്നെ. ടീം സ്പിരിറ്റില്‍, അവനവന്‍റെ കഴിവില്‍ വിശ്വസിച്ച ഇന്ത്യന്‍ യുവത്വം ഓരോ കളിയിലും വമ്പന്‍മാരെ മലര്‍ത്തിയടിച്ചാണ് ഉയര്‍ന്നത്.
യുവ താരങ്ങളുടെ മികവും ധോനിയുടെ ബുദ്ധിപൂര്‍വ്വമായ നായക സ്ഥാനം കൂടിയായപ്പോള്‍ ഇന്ത്യ മികവിലേക്ക് ഉയര്‍ന്നു. മുഖ്യ പരിശീലകനില്ലാതെ വേണ്ടത്ര മത്സരപരിചയം കൂടാതെ ദക്ഷിണാഫ്രിക്കയില്‍ കളിക്കാനെത്തുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്കോ കളിക്കാര്‍ക്കു പോലുമോ ഒന്നു പൊരുതി നോക്കാം എന്നല്ലാതെ ചാമ്പ്യന്‍മാരാകാം എന്ന ഒരു ഉദ്ദേശവും ഇല്ലായിരുന്നു എന്നത് വ്യക്തമായിരുന്നു.
ഓഗസ്റ്റ് 29 മുതലായിരുന്നു ഇന്ത്യന്‍ ഫുട്ബോള്‍ ടീം വിജയം ശീലമാക്കാന്‍ ആരംഭിച്ചത്. റാങ്കിംഗില്‍ മുന്നില്‍ നില്‍ക്കുന്ന സിറിയയെ ഫൈനലില്‍ ഒരു ഗോളിനു മറിച്ച് നെഹ്‌റു കപ്പ് കിരീടം ഫുട്ബോളില്‍ നേടിയതു മുതല്‍. ടൂര്‍ണമെന്‍റില്‍ മുമ്പ് കണ്ടിട്ടില്ലാത്ത വിധം കളിച്ച ഇന്ത്യ ടൂര്‍ണമെന്‍റില്‍ ഒരു മത്സരമെ പരാജയപ്പെട്ടുള്ളൂ. അതും ധീരമായി പൊരുതി.
PTI
PTI
ഇതിനു പുറമേ ഏഷ്യന്‍ ഫുട്ബോളില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ യോഗ്യത സമ്പാദിക്കാനും ഇന്ത്യന്‍ ചുണക്കുട്ടന്‍മാര്‍ക്കു കഴിഞ്ഞു. ഇതു വരും കാലത്ത് മാരക പ്രഹരശേഷിയുള്ള ടീമായിരിക്കും എന്നു വ്യക്തമാക്കുന്ന പ്രകടനമായിരുന്നു. നെഹ്രുകപ്പ് നേടിയതിന്‍റെ ഒരാഴ്ച കഴിഞ്ഞ് സെപ്തംബര്‍ 9 ന് തന്നെ ഇന്ത്യ അടുത്ത അന്താരാഷ്ട്രകിരീടം ഹോക്കിയില്‍ നേടി.
കുറേക്കൂടി വ്യത്യസ്തമായി വന്‍ കരയിലെ തന്നെ കിരീടത്തിലാണ് മുത്തമിട്ടത്. ചെന്നൈയില്‍ നടന്ന കനത്ത പോരാട്ടത്തില്‍ കലാശക്കളിയില്‍ 7-2 നു കരുത്തരായ ദക്ഷിണ കൊറിയയെ തകര്‍ത്തു. ടൂര്‍ണമെന്‍റില്‍ ഒന്നാകെ 57 ഗോളുകളാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. അതിനും മുമ്പ് ടെന്നീസ് സുന്ദരി സാനിയാ മിര്‍സയുടെ സിന്‍സിനാറ്റിയിലെ പ്രകടനം.
അന്താരാഷ്ട്ര മത്സരങ്ങളുടെ കാര്യത്തില്‍ ഇന്ത്യയ്‌ക്ക് യാതൊരു പ്രതീക്ഷയുമില്ലാതിരുന്ന കാറോട്ട ചാമ്പ്യന്‍ഷിപ്പിലും ഓര്‍ത്തിരിക്കാവുന്ന ഒരു വിജയം ഇന്ത്യ സ്വന്തമാക്കി. കാറോട്ട മത്സരങ്ങളില്‍ ദേശീയ ടീമുകളുടെ പോരാട്ടമായ എ1 ഗ്രാന്‍ഡ് പ്രീയുടെ ചരിത്രത്തില്‍ ഇന്ത്യക്ക് ആദ്യ വിജയം നരേന്‍ കാര്‍ത്തികേയനാണ് സമ്മാനിച്ചത്.