സ്നേഹത്തിന്‍ വെട്ടവുമായി വീണ്ടുമൊരു ഈദുല്‍ ഫിത്‌ര്‍

അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍; ലാഹിലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍... നാനാഭാഗത്ത് നിന്ന് തക്ബീര്‍ ധ്വനികള്‍ മുഴങ്ങുകയായി‍...

ഇന്ന് ശവ്വാല്‍ ഒന്ന്....

സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും പൊന്‍‌വെട്ടവുമായി വീണ്ടുമിതാ ഒരു ഈദുല്‍ ഫിത്‌ര്‍ കൂടി വന്നെത്തിയിരിക്കുന്നു. വിശുദ്ധ റമസാന്‍ മാസത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് ലോകമുസ്ലിംകള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. വ്രതസമാപ്തിയുടെ വിജയാഘോഷം എന്നാണ് ചെറിയ പെരുന്നാള്‍ കൊണ്ട് അര്‍ഥമാക്കുന്നത്.

‘ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്‌. 'ഈദുല്‍ഫിത്വര്‍ നമ്മുടെ ആഘോഷ ദിനമാകുന്നു‘ (ഹദീസ്‌). ആഘോഷങ്ങള്‍ സമൂഹത്തിന്‍റെ ചരിത്രപരവും പ്രകൃതിപരവുമായ ആവശ്യമാണെന്നും ആ ആവശ്യത്തെ ഇസ്ലാം മാനിക്കുന്നുവെന്നും വിവിധ ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. പെരുന്നാള്‍ സുദിനം അനുവദിനീയമായ രീതിയില്‍ ആഘോഷിക്കാന്‍ വേണ്ടിയാണ്‌ അന്നത്തെ ദിനത്തില്‍ വ്രതാചരണം നിഷിദ്ധമായി പ്രഖ്യാപിച്ചത്‌.

പെരുന്നാളും തക്ബീറും

പെരുന്നാള്‍ സുദിനത്തില്‍ പ്രാധാന്യമേറിയ സദ്കര്‍മ്മമാണ്‌ തക്ബീര്‍ ചൊല്ലല്‍. പെരുന്നാള്‍ ദിനത്തിലെ തക്ബീര്‍ ഘോഷത്തെപറ്റി വിശുദ്ധ ഖുര്‍ആനില്‍ നിര്‍ദ്ദേശമുണ്ട്‌. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ പിന്നെ പെരുന്നാളാഷോഘത്തില്‍ നിന്നു വിരമിക്കുന്നത്‌ വരെ തക്ബീര്‍ ചൊല്ലല്‍ മുസ്ലിംകള്‍ക്കു ബാധ്യതയാണ്‌.

'ഈദുല്‍ഫിത്വറില്‍ തക്ബീര്‍ മുഴക്കേണ്ട സമയം, പൈരുനാനാള്‍ രാവിന്‍റെ ആരംഭം കുറിക്കുന്ന സൂര്യാസ്തമയം മുതല്‍ ഇമാം പെരുന്നാള്‍ നിസ്കാരത്തില്‍ പ്രവേശിക്കുന്നത്‌ വരെയാണ്‌. ഈ സമയത്തിനിടയില്‍ എപ്പോഴും തക്ബീര്‍ സുന്നത്താണ്‌.

തക്ബീര്‍ ചൊല്ലല്‍ യാത്രക്കാര്‍ക്കും അല്ലാത്തവര്‍ക്കും സുന്നത്താണ്‌. വീടുകള്‍, പള്ളികള്‍, നടവഴികള്‍, അങ്ങാടികള്‍ തുടങ്ങി എവിടെ വെച്ചും തക്‌ബീര്‍ മുഴക്കാം. സ്ത്രീകള്‍ക്കും തക്ബീര്‍ സുന്നത്താണ്‌.


പെരുന്നാള്‍ ദിനത്തിലെ വസ്ത്രധാരണം

പെരുന്നാള്‍ ദിനത്തില്‍ കുളിക്കലും അണിഞ്ഞൊരുങ്ങലും വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്‌. ഇവ സുന്നത്താണ്‌. ഈദുല്‍ ഫിത്‌ര്‍ ദിനത്തിലെ പ്രത്യേക കുളി നബിചര്യയായി അനുഷ്ഠിച്ചിരുന്നു. പെരുന്നാള്‍ രാവ്‌ പകുതി പിന്നിട്ടാല്‍ പെരുന്നാള്‍ കുളി സുന്നത്തായി.

പള്ളിയില്‍ പോകുന്നവര്‍ക്കും പോകാത്തവര്‍ക്കും കുളി സുന്നത്താണ്‌. വല്ല കാരണത്താലും കുളിക്കാന്‍ സാധിക്കാതെ വന്നാല്‍ പ്രസ്തുത സുന്നത്ത്‌ വീണ്ടെടുക്കുന്നു എന്ന ഉദ്ദേശ്യത്തോടെ പിന്നീട്‌ ഈ കുളി നിര്‍വ്വഹിക്കല്‍ സുന്നത്താണെന്ന്‌ പണ്ഡിതന്‍‌മാര്‍ പറയുന്നു.

പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്രമണിയുന്നത്‌ പ്രത്യേകം സുന്നത്താണ്‌. കൈവശമുള്ളതില്‍ ഏറ്റവും മുന്തിയ വസ്ത്രമാണ്‌ ധരിക്കല്‍ സുന്നത്ത്‌. സുഗന്ധം ഉപയോഗിക്കലും ഈ ദിനത്തില്‍ പ്രധാന സുന്നത്താണ്‌. ഈ കാര്യങ്ങളെല്ലാം സ്ത്രീകള്‍ക്കും വീട്ടില്‍വെച്ച്‌ സുന്നത്ത്‌ തന്നെയാണ്‌. പെരുന്നാളില്‍ കുട്ടികളെ പ്രത്യേകം പരിഗണിക്കണമെന്നതാണ്‌ വിധി.

പെരുന്നാള്‍ ആശംസകള്‍

പരസ്പരം പെരുന്നാള്‍ ആശംസകള്‍ നേരുന്നത്‌ നല്ലചര്യയാണ്. അനുഗ്രഹത്തിനുള്ള നന്ദിപ്രകാശനമായ ശുക്‌റിന്‍റെ സാഷ്ടാംഗവും വിപത്തുകള്‍ വന്നുപെട്ടാല്‍ നടത്തുന്ന അനുശോചനവും അഥവാ തഹ്സിയതും ഇസ്ലാമികമായി അംഗീകൃതമാണ്‌. ആ ഗണത്തില്‍ പെടുത്താവുന്നതാണ്‌ പെരുന്നാള്‍ ആശംസകളും.

ആശംസകള്‍ക്ക്‌ ഏതു നല്ല വാക്കും ഉപയോഗിക്കാം. കൈപിടിച്ചു മുസ്വാഫഹത്‌ ചെയ്യുന്നതും നല്ലതാണ്‌. ജനങ്ങള്‍ക്കിടയില്‍ പരസ്പരം സ്നേഹവും സൗഹാര്‍ദ്ദവും വളര്‍ത്താനിതുപകരിക്കും.

വെബ്ദുനിയ വായിക്കുക