ഗൈനക്കോളജി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി റോബോട്ടിക് സര്‍ജറി; സാധ്യതകളും നേട്ടങ്ങളുമേറെ

ഡോ.ഊര്‍മിള സോമന്‍

ചൊവ്വ, 11 ഫെബ്രുവരി 2025 (15:43 IST)
Gynecological surgeries through Robotic technique

ഡോ.ഊര്‍മിള സോമന്‍
 
സാങ്കേതിക വിദ്യയുടെ വളര്‍ച്ച രാജ്യത്തെ ആരോഗ്യ രംഗത്ത് പലവിധ മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ചികിത്സാ മാര്‍ഗങ്ങള്‍ ആരോഗ്യ മേഖലയിലെ വളര്‍ച്ചയുടെ വേഗത കൂട്ടിയിട്ടുണ്ടെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവും വേണ്ട. ഇന്ന് ശസ്ത്രക്രിയ പല രോഗചികിത്സയുടെയും പ്രധാന ഭാഗമാണ്. ഓപ്പണ്‍ സര്‍ജറി, ലാപ്രോസ്‌കോപ്പിക് സര്‍ജറി തുടങ്ങിയ പല തരത്തിലുള്ള ശസ്ത്രക്രിയ മാര്‍ഗങ്ങള്‍ ആരോഗ്യ വിദഗ്ധര്‍ സാഹര്യങ്ങള്‍ക്ക് അനുസരിച്ച് സ്വീകരിക്കാറുണ്ട്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ ഈ ശസ്ത്രക്രിയകള്‍ റോബോട്ടിക്കുകളുടെ സഹായത്തോടെ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ സാങ്കേതിക വിദ്യയുടെ ഏറ്റവും നൂതന സംഭാവനയാണ് റോബോട്ടിക് സര്‍ജറി. ആരോഗ്യ രംഗത്ത് റോബോട്ടിക് സര്‍ജറി ഇന്ന് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
 
എന്താണ് റോബോട്ടിക് സര്‍ജറി?
 
സര്‍ജിക്കല്‍ റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയാണ് റോബോട്ടിക് സര്‍ജറി. കംപ്യൂട്ടര്‍ നിയന്ത്രിത റോബോട്ടിക് കൈകള്‍ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയാണ് നടത്തുന്നത്. ത്രിമാനദൃശ്യങ്ങള്‍ നിരീക്ഷിച്ച് ശസ്ത്രക്രിയാവിദഗ്ധനാണ് റോബോട്ടിക് കൈകള്‍ നിയന്ത്രിക്കുന്നത്. ഓപ്പണ്‍ സര്‍ജറി, ലാപ്രോസ്‌കോപ്പി തുടങ്ങിയ പരമ്പരാഗത രീതിയില്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ശസ്ത്രക്രിയകള്‍ക്കാണ് സാധാരണ റോബോട്ടിക് സര്‍ജറി ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. കൃത്യത, സൂക്ഷ്മത എന്നിവ ഉറപ്പാക്കി സങ്കീര്‍ണതകള്‍ നിറഞ്ഞ സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ റോബോട്ടിക് സര്‍ജറി ഒരു സര്‍ജനെ സഹായിക്കുന്നു.
 
റോബോട്ടിക് സര്‍ജറിയെന്നാല്‍ പൂര്‍ണമായും റോബോട്ട് ആണ് സര്‍ജറി ചെയ്യുന്നതെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയിലുണ്ട്. റോബട്ടിന്റെ സഹായത്തോടെ സര്‍ജനാണ് ശസ്ത്രക്രിയ ചെയ്യുന്നത്. റോബട്ടിന്റെ നാല് കരങ്ങളിലൊന്നില്‍ പല ആംഗിളുകളില്‍ തിരിയുന്ന എന്‍ഡോസ്‌കോപ്പും (ക്യാമറ), മറ്റു മൂന്നു കരങ്ങളില്‍ ശസ്ത്രക്രിയ ഉപകരണങ്ങളും സര്‍ജറിക്ക് വേണ്ടുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കും. ഈ റോബട്ടിക് കരങ്ങളുടെ കണ്‍ട്രോള്‍ സര്‍ജന്റെ കയ്യിലായിരിക്കും. രോഗിയില്‍നിന്ന് അല്‍പം അകലെയുള്ള കണ്‍സോളിലിരുന്ന് സര്‍ജന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് റോബട്ട് ശസ്ത്രക്രിയ ഉപകരണങ്ങള്‍ വളയ്ക്കുകയും തിരിക്കുകയും ചെയ്യുന്നു.
 
ഗൈനക്കോളജിയിലെ റോബോട്ടിക് സര്‍ജറി
 
ഗൈനക്കോളജിയില്‍ റോബോട്ടിക് സര്‍ജറി പല സാഹചര്യങ്ങളിലും ഉപയോഗിക്കാം. വലിയ ഗര്‍ഭാശയ മുഴകള്‍ പോലുള്ളവ നീക്കം ചെയ്യാന്‍ റോബോട്ടിക് സര്‍ജറിയിലൂടെ സാധിക്കും. ഗര്‍ഭപാത്രത്തിന്റെ ആന്തരിക പാളിയിലോ എന്‍ഡോമെട്രിയത്തിലോ ഉള്ള കോശങ്ങള്‍ക്ക് സമാനമായ കോശങ്ങള്‍ ഗര്‍ഭപാത്രത്തിന് പുറത്ത് വളരുന്ന വേദനാജനകമായ രോഗാവസ്ഥയായ എന്‍ഡോമെട്രിയോസിസ് ശസ്ത്രക്രിയ പോലുള്ളവ അതിവിദഗ്ധമായും വിജയകരമായും പൂര്‍ത്തീകരിക്കാന്‍ റോബോട്ടിക് സര്‍ജറിയിലൂടെ സാധിക്കും.
 
സ്ത്രീകളില്‍ കാന്‍സര്‍ സര്‍ജറികള്‍ക്കും റോബോട്ടിക് സര്‍ജറികള്‍ വലിയ രീതിയില്‍ ഗുണം ചെയ്യുന്നുണ്ട്. ഓപ്പണ്‍ കാന്‍സര്‍ സര്‍ജറികള്‍ വളരെ വേദനാജനകവും രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. എന്നാല്‍ റോബട്ടിന്റെ സഹായത്തോടെയുള്ള ശസ്ത്രക്രിയകള്‍ സാധ്യമായതോടെ ഇതില്‍ വലിയ മാറ്റമുണ്ടായി. വേദന കുറവ്, കുറഞ്ഞ കാലയളവിലെ ആശുപത്രി വാസം, അര്‍ബുദത്തിന്റെ സ്വഭാവവും ഘട്ടവുമനുസരിച്ച് വേഗത്തിലെ ഭേദമാക്കല്‍ തുടങ്ങിയ നിരവധി പ്രയോജനങ്ങള്‍ റോബോട്ടിക്ക് സര്‍ജറിക്കുണ്ട്.
 
സ്ത്രീകളില്‍ ഗര്‍ഭാശയത്തിലെ മുഴകള്‍ അഥവാ ഫൈബ്രോയ്ഡ്സ് കൂടുതലായി കണ്ടുവരുന്നുണ്ട്. മുപ്പത് വയസ്സിനും അമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഫൈബ്രോയിഡുകള്‍ കൂടുതല്‍ കണ്ടു വരുന്നത്. റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ഗര്‍ഭാശയത്തെ സംരക്ഷിച്ചുകൊണ്ടുതന്നെ ഗര്‍ഭാശയ മുഴകള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നു. ഇതിലൂടെ സ്ത്രീകളുടെ പ്രത്യുല്‍പാദനക്ഷമതയ്ക്കും സംരക്ഷണം നല്‍കുന്നു.
 
ഗര്‍ഭാശയത്തിന്റെ ഉള്ളിലെ പാടയാണ് എന്‍ഡോമെട്രിയം. ഗര്‍ഭധാരണം നടക്കാത്ത മാസങ്ങളില്‍ ആര്‍ത്തവരക്തത്തോടൊപ്പം എന്‍ഡോമെട്രിയം അടര്‍ന്നുപോകും. അടുത്ത ആര്‍ത്തവസമയത്ത് ഹോര്‍മോണുകളുടെ സഹായത്തോടെ പുതിയ ഉള്‍പ്പാട ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുകയും ചെയ്യും. എന്നാല്‍ ചിലപ്പോള്‍ ഗര്‍ഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളില്‍ എന്‍ഡോമെട്രിയം കോശങ്ങള്‍ വളരാം. ഈ അവസ്ഥയാണ് എന്‍ഡോ മെട്രിയോസിസ്. റോബോട്ടിക് സര്‍ജറിയിലൂടെ എന്‍ഡോമെട്രിയോസിസ് കോശങ്ങളെ വിജയകരമായി നീക്കം ചെയ്യാന്‍ സാധിക്കും. ഗര്‍ഭാശയം നീക്കം ചെയ്യുന്നതിനും റോബോട്ടിക് സര്‍ജറി സഹായിക്കുന്നുണ്ട്.
 
റോബോട്ടിക് സര്‍ജറിയുടെ നേട്ടം
 
3ഡി ക്യാമറ സംവിധാനത്തിലൂടെ ശസ്ത്രക്രിയ ചെയ്യേണ്ട ശരീര ഭാഗങ്ങള്‍ 10 മടങ്ങ് വലിപ്പത്തില്‍ വ്യക്തമായി കാണാനാകും. ശരീരഭാഗങ്ങള്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നതിനാല്‍ കൃത്യതയോടും, സൂക്ഷ്മമതയോടും ചെറിയ മുറിവിലൂടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ നിയന്ത്രിക്കാനാകും. സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ വളരെ സൂക്ഷ്മതയോടുകൂടി നടത്താന്‍ റോബോട്ടിക് സര്‍ജറി സഹായിക്കുന്നു. 
 
ശസ്ത്രക്രിയ കഴിഞ്ഞുള്ള വേദന, രക്തസ്രാവം, വേഗത്തില്‍ സുഖം പ്രാപിക്കല്‍ എന്നിവ എടുത്തു പറയേണ്ട കാര്യങ്ങളാണ്. ഓപ്പണ്‍ സര്‍ജറിയില്‍ രോഗിയിലുണ്ടാക്കുന്ന മുറിവുകള്‍ വലുതാണ്. രോഗി ഏറെനാള്‍ ആശുപത്രിയില്‍ കഴിയേണ്ടതായും വരും. എന്നാല്‍, ഓപ്പണ്‍ സര്‍ജറിയെ അപേക്ഷിച്ച് രോഗി ആശുപത്രിയില്‍ കഴിയേണ്ട സമയം കുറയ്ക്കാനാകും. മുറിവ് ചെറുതായതിനാല്‍ അണുബാധയ്ക്കുള്ള സാധ്യത കുറവാണ്. ശസ്ത്രക്രിയയ്ക്ക് ഇടയിലുള്ള രത്സസ്രാവവും കുറവാണ്. 
 
ശസ്ത്രക്രിയയ്ക്കുശേഷം വേദനസംഹാരിയായ മരുന്നുകള്‍ രോഗികള്‍ക്ക് വേണ്ടിവരുന്നില്ല. സര്‍ജറിക്ക് ശേഷം ചിലരിലെങ്കിലും കാണാറുളള മൂത്രം പോക്ക്, ഉദ്ധാരണ കുറവ് എന്നിവയ്ക്കുളള സാധ്യത കുറയുന്നുവെന്നതും റോബോട്ടിക് സര്‍ജറിയുടെ നേട്ടങ്ങളാണ്.

(അങ്കമാലി അപ്പോളോ അഡ് ലക്‌സ് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം റൊബോട്ടിക് സർജനാണ് ഡോ.ഊര്‍മിള സോമന്‍. ഫോൺ: +91 98470 93031)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍