പുണ്യങ്ങളുടെ പുണ്യരാവ്; ലൈലതുല്‍ ഖദ്‌ര്‍

റമസാന്‍ മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട, പുണ്യമായ രാവാണ് ഇരുപത്തിയേഴാം രാവ്. ഖദ്‌ര്‍ എന്ന പദത്തിന്‌ നിര്‍ണയം എന്നാണര്‍ഥമെന്നാണ്. ഒരു വസ്തുവിനെ സമതുലിതാവസ്ഥയില്‍ സംവിധാനിക്കുക എന്നാണ്‌ നിര്‍വചനം.

ഇതിനോട്‌ ലൈലത്‌(രാവ്‌) എന്നുകൂടി ചേര്‍ക്കുമ്പോള്‍ നിര്‍ണയത്തിന്‍റെ രാവ്‌ എന്നാകുന്നു. അല്ലാഹു വിശാലമായി വസ്തുതാ നിര്‍ണയം നടത്തുന്ന രാവാണ്‌ ലൈലതുല്‍ഖദ്‌ര്‍. ജീവികളുടെ ഭക്ഷണം, ജനനം, മരണം, മഴ തുടങ്ങി പ്രധാന കാര്യങ്ങളെല്ലാം ഈ രാവില്‍ കണക്കാക്കപ്പെടുന്നു എന്നും വിശ്വാസമുണ്ട്.

ലൈലതുല്‍ഖദ്‌റിനെ പരാമര്‍ശിക്കുന്ന ഒരധ്യായം തന്നെ വിശുദ്ധ ഖുര്‍ആനിലുണ്ട്‌. പ്രസ്‌തുത സൂറത്തിന്‍റെ ആശയം ശ്രദ്ധിക്കുക: 'ഖുര്‍ആന്‍ നാം അവതരിപ്പിച്ചത്‌ ലൈലതുല്‍ഖദ്‌റിലാകുന്നു. ലൈലതുല്‍ഖദ്‌ര്‍ എന്താണെന്നാണ്‌ തങ്ങള്‍ മനസ്സിലാക്കുന്നത്‌.

ലൈലതുല്‍ ഖദ്‌ര്‍ ആയിരം മാസത്തെക്കാള്‍ പുണ്യപൂരിതമാണ്‌. അല്ലാഹുവിന്‍റെ ആജ്ഞാനുസരണം മലക്കുക്കളും ആത്മാവും ആ രാവില്‍ ഇറങ്ങും. പ്രഭാതം വരെ തുടരുന്ന സലാമിന്‍റെ രാവാണത്’‌.


ലൈലതുല്‍ഖദ്ര്‍ ധാരാളം ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ടതായി കാണാം. സല്‍മാന്‍ (റ)വില്‍ നിന്ന്‌ നിവേദനം: 'ശഅ്ബാന്‍ അന്ത്യത്തില്‍ നബി(സ്വ) ഉത്ബോധനം നടത്തി. 'ജനങ്ങളേ, നിങ്ങള്‍ക്കിതാ പുണ്യം നിറഞ്ഞ ഒരു മാസം വന്നണഞ്ഞിരിക്കുന്നു. ആ മാസത്തില്‍ ഒരു രാവുണ്ട്‌. ആയിരം മാസത്തെക്കാള്‍ നന്മ നിറഞ്ഞതാണത്‌'.

അബുശ്ശൈഖ്‌(റ) നിവേദനം ചെയ്യുന്നു: 'റമസാന്‍ മാസത്തില്‍ ഹലാലായ ഭക്ഷണം കൊണ്ട്‌ ഒരു നോമ്പുകാരനെ നോമ്പ്‌ തുറപ്പിക്കുന്നവന്‌ റമസാന്‍ രാവുകള്‍ മുഴുക്കെ മാലാഖമാര്‍ അനുഗ്രഹ പ്രാര്‍ഥന നടത്തുന്നതാണ്‌. ലൈലതുല്‍ഖദ്‌റില്‍ ജിബ്‌രീല്‍ മാലാഖ് അവന്‍റെ കരം ചുംബിക്കുന്നതുമാണ്.

ഖദ്‌റിന്‍റെ രാത്രി റമസാനിലെ ഏതു രാവിലാണെന്നേ പ്രമാണങ്ങളില്‍ നിന്നു വ്യക്തമാകുന്നുള്ളൂ. ഏത്‌ രാവാണെന്നു കൃത്യമായി പറയുന്നില്ല. താഴെ പറയുന്ന നബിവചനങ്ങള്‍ ശ്രദ്ധിക്കുക.

ഉബാദതുബ്നു സ്വാമിതില്‍ നിന്ന്‌: 'നബി(സ്വ) ഒരിക്കല്‍ ലൈലതുല്‍ഖദ്‌ര്‍ ഏതു ദിവസമാണെന്നറിയിക്കാന്‍ സ്വഹാബാക്കളുടെ അടുത്തേക്ക്‌ ചെന്നു.അപ്പോള്‍ രണ്ടുപേര്‍ പള്ളിയില്‍ വെച്ച്‌ എന്തോ കാര്യത്തില്‍ ശബ്ദമുണ്ടാക്കുന്നു.

ഇതുകണ്ട്‌ നബി(സ്വ) പറഞ്ഞു: 'ലൈലതുല്‍ഖദ്ര് ഏതു ദിവസമാണെന്ന്‌ പ്രഖ്യാപിക്കാന്‍ വന്നതായിരുന്നു ഞാന്‍. പക്ഷേ, ഇവര്‍ ബഹളമുണ്ടാക്കുന്നത്‌ ഞാന്‍ കാണാനിടയായി. അതോടെ പ്രസ്തുത ജ്ഞാനം അല്ലാഹു എന്നില്‍ നിന്നു പിന്‍വലിച്ചു കളഞ്ഞു.


ഖദ്‌ര്‍ രാവിലെ വിശേഷങ്ങള്‍

ലൈലതുല്‍ഖദ്‌ര്‍ ഏറെ ആത്മീയ പ്രാധാന്യമുള്ള രാവാണ്‌. ഖുര്‍ആന്‍ ഈ രാവിനെ വിശേഷിപ്പിച്ചത്‌ 'മാലാഖകളും റൂഹും അവതരിക്കുന്ന രാവെന്നാണ്. മാലാഖമാരുടെ വരവ്‌ സംബന്ധിച്ച്‌ പണ്ഢിതന്മാരുടെ ചില അഭിപ്രായങ്ങള്‍ കാണുക:

"ഈ രാവില്‍ മാലാഖകള്‍ ഭൗമലോകത്തെത്തുന്നത്‌ മനുഷ്യരുടെ ആരാധനയും പരിശ്രമസ്വഭാവവും അടുത്തറിയാനാണെന്ന്‌ ഒരു വിഭാഗം പണ്ഢിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ഭൗമലോകത്തേക്കിറങ്ങാന്‍ മലക്കുകള്‍ അല്ലാഹുവിനോട്‌ സമ്മതമാരായുന്നതില്‍ നിന്നു മനുഷ്യരെ ദര്‍ശിക്കാന്‍ താത്പര്യം കാണിക്കുന്നു എന്ന്‌ മനസ്സിലാക്കാം.

ലൈലതുല്‍ഖദ്‌റിലെ ആരാധനാ മാഹാത്മ്യം

ലൈലതുല്‍ഖദ്‌റ്‌ സുകൃതങ്ങള്‍ കൊണ്ട്‌ ധന്യമാക്കണം. അനസ്‌(റ)വില്‍ നിന്നുള്ള ഒരു വചനത്തില്‍ കാണുന്നു: "ലൈലതുല്‍ഖദ്‌റിലെ സദ്പ്രവൃത്തികള്‍, ദാനധര്‍മ്മങ്ങള്‍, സകാത്‌, നിസ്‌കാരം എന്നിവയെല്ലാം ആയിരം മാസത്തെ അത്തരം പ്രവര്‍ത്തനത്തെക്കാള്‍ പുണ്യമാണ്‌. ഐഹികവും പാരത്രികവുമായ കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം. ദുആഇല്‍ ഭൂരിഭാഗവും ദീനിന്‍റെ വിജയത്തിനും പരലോകക്ഷേമത്തിനും വേണ്ടിയായിരിക്കണം.

വെബ്ദുനിയ വായിക്കുക