പ്രധാനമന്ത്രിയെ മലയാളത്തില്‍ ക്ഷണിച്ചു, പിന്നെ കൈകാട്ടി വിളിച്ചു!

തിങ്കള്‍, 7 ഏപ്രില്‍ 2014 (16:21 IST)
PRO
കേരളത്തില്‍ യുഡിഎഫ്‌ എറണാകുളം പാര്‍ലമെന്റ്‌ സ്ഥാനാര്‍ത്ഥി കെ വി തോമസിന്റെ പ്രചാരണത്തിന്‌ പ്രധാനമന്ത്രി എത്തിയത്‌ കേന്ദ്രത്തില്‍ അദ്ദേഹത്തിനുള്ള സ്വാധീനം എത്രത്തോളം എന്ന്‌ ഒരിക്കല്‍കൂടി വ്യക്തമാക്കുന്നു. മറ്റൊരു മണ്ഡലത്തിലും പ്രധാനമന്ത്രിയെ എത്തിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതൃത്ത്വത്തിനു കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്‌. സത്യത്തില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഭരണ നേതൃത്ത്വത്തെയാണ്‌ കെ വി തോമസിന്‌ കൊച്ചിയില്‍ എത്തിയ്ക്കാന്‍ കഴിഞ്ഞത്‌.

പ്രധാനമന്ത്രി, മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാര്‍, എംഎല്‍എമാര്‍, കൊച്ചിന്‍ മേയര്‍ തുടങ്ങി അധികാരങ്ങള്‍ കാണിച്ചുള്ള തെരഞ്ഞെടുപ്പ്‌ പ്രചാരണമാണ്‌ ഇന്നലെ അരങ്ങേറിയത്‌. കെപിസിസി അദ്ധ്യക്ഷസ്ഥാനത്ത്‌ എത്തിയ വി എം സുധീരനും സ്ഥാനമേറ്റ്‌ മൂന്നു മാസത്തിനുള്ളില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ അദ്ധ്യക്ഷനാകാനുള്ള ഭാഗ്യം സമ്മാനിച്ചു കെ വി തോമസിന്റെ സ്വാധീനം. എന്നാല്‍ പരിചയക്കുറവ് മൂലം സുധീരന്‍ കാട്ടികൂട്ടിയ കാര്യങ്ങള്‍ സദ്ദസില്‍ ചിരിപടര്‍ത്തി.

പ്രധാനമന്ത്രിയെ മലയാളത്തില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചത്‌ മനസ്സിലാകാതെ പ്രധാനമന്ത്രി കേസേരയില്‍ തന്നെ ഇരുന്നപ്പോള്‍ സുധീരന്‍ കൈകാട്ടി വിളിച്ചതാണ്‌ ചിരിപടര്‍ത്തിയത്‌. പിന്നീട്‌ തിരികെ മൈക്കിനടുത്തെത്തി ഇംഗ്ലീഷില്‍ പ്രധാനമന്ത്രിയെ പ്രസംഗിക്കാന്‍ ക്ഷണിക്കുകയായിരുന്നു. ഈ വെപ്രാളത്തിനിടയില്‍ അടുത്തതായി പ്രസംഗിക്കേണ്ടിയിരുന്ന മുഖ്യമന്ത്രിയെ പ്രസംഗിക്കാനായി ക്ഷണിക്കാന്‍ സുധീരന്‍ വിട്ടുപോയി. പ്രസംഗം കഴിഞ്ഞ മടങ്ങി പോകാന്‍ തുടങ്ങിയ പ്രധാനമന്ത്രിയെ തടഞ്ഞു നിര്‍ത്തി മുഖ്യമന്ത്രിയെ നിര്‍ബന്ധിച്ച്‌ പ്രസംഗിക്കാനായി ക്ഷണിക്കുന്ന സുധീരന്റെ തത്രപ്പാടും ജനം തിരിച്ചറിഞ്ഞു.

എന്തായാലും യോഗം അവസാനിച്ച്‌ പ്രധാനമന്ത്രി പോയ ഉടന്‍ തന്നെ മറ്റ്‌ നേതാക്കള്‍ പോകാന്‍ കാത്തു നില്‍ക്കാതെ കെ വി തോമസ്‌ വേദിയോട്‌ ചേര്‍ന്നുള്ള സ്വന്തം വീട്ടിലേക്ക്‌ കുടുംബത്തോടൊപ്പം മടങ്ങിപ്പോയതും പ്രവര്‍ത്തകര്‍ സംസാരവിഷയമാക്കുന്നുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക