രഞ്ജി ട്രോഫി, യുപിക്ക് തകര്‍ച്ച

Webdunia
ഹൈദരാബാദില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ മുംബൈ ടീം തിളങ്ങുന്നു. ഉത്തര്‍‌പ്രദേശ് ടീം കനത്ത വെല്ലുവിളിയാണ് മുംബൈ ടീമില്‍ നിന്ന് നേരിടുന്നത്. ഇന്ന് മുംബൈയുടെ ആദ്യ ഇന്നിങ്സ് 402 റണ്‍സില്‍ അവസാനിച്ചു. 141 റണ്‍സെടുത്ത രോഹിത് ശര്‍മയും വാലറ്റക്കാരായ അഭിഷേക് നായര്‍ (99), അജിത് അഗാര്‍ക്കര്‍ (47), സഹീര്‍ ഖാ‍ന്‍ (33) എന്നിവരും ചേര്‍ന്നാണ് ടീമിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.

ഉത്തര്‍പ്രദേശിനു വേണ്ടി പേസ് ബൌളര്‍ ഭുവനേശ്വര്‍ കുമാര്‍ അഞ്ചു വിക്കറ്റാണ് എടുത്തത്. ആര്‍.പി.സിങ് മൂന്നു വിക്കറ്റ് കിട്ടി. മറ്റൊരു താരമായ പ്രവീണ്‍ കുമാറിനു വിക്കറ്റൊന്നും കിട്ടിയില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തര്‍‌പ്രദേശ് തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. ഓപ്പണര്‍ തന്മയ് ശ്രീവാസ്തവയും (6) സുരേഷ് റെയ്‌നയും കളിയുടെ തുടക്കത്തില്‍ തന്നെ ഔട്ടായി. ക്യാപ്റ്റന്‍ മുഹമ്മദ് കൈഫിനും (33) ദീര്‍ഘനേരം തുടരാനായില്ല. സഹീര്‍ ഖാന്‍ രണ്ട് വിക്കറ്റ് കിട്ടി.

രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ യുപി മൂന്നു വിക്കറ്റിന് 91 റണ്‍സാണ് എടുത്തിട്ടുള്ളത്. 46 റണ്‍സ് എടുത്തുകൊണ്ട് ഓപ്പണര്‍ ശിവകാന്ത് ശുക്ലയും റണ്ണൊന്നുമെടുക്കാതെ പര്‍വിന്ദര്‍‍ സിങ്ങും ക്രീസിലുണ്ട്.