ഓസ്‌ട്രേലിയക്കെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ച തുടരുന്നു. കംഗാരു ബൌളര്‍മാരുടെ താണ്ഡവം നടന്ന മെല്‍ബണില്‍ ഇന്ത്യക്ക് ഏഴാം വിക്കറ്റ് ഗാംഗുലിയുടെ രൂപത്തില്‍ നഷ്‌ടപ്പെട്ടിരിക്കുകയാണ്.
ലീക്ക് മുമ്പില്‍ കീഴടങ്ങി ജാഫറായിരുന്നു പവലിയനിലേക്കുള്ള ഇന്ത്യയുടെ പരേഡിന് തുടക്കം കുറിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 167 റണ്‍സെടുത്ത് തകര്‍ച്ചയുടെ കയങ്ങളിലേക്ക് വീണു കൊണ്ടിരിക്കുകയാണ്.
യുവരാജ്(0),ധോണി(0) എന്നിവര്‍ ക്ലര്‍ക്കിന് കീഴടങ്ങി. 22 റണ്‍സെടുത്ത കുംബ്ലെയും ഒരു റണ്‍സെടുത്ത ഹര്‍ഭജനുമാണ് ബാറ്റ് ചെയ്യുന്നത്. ക്ലര്‍ക്ക് 4 വിക്കറ്റുകള്‍ നേടി ലീ രണ്ട് വിക്കറ്റും ഹോഗ് ഒരു വിക്കറ്റും നേടി.
62 റണ്‍സെടുത്ത ടെണ്ടുല്‍ക്കറും43 റണ്‍സെടുത്ത ഗാംഗുലിയും ഇന്ത്യക്ക് വേണ്ടി മികച്ച ബാറ്റിംഗ് കാഴ്‌ചവെച്ചു.ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 343 റണ്‍സില്‍ അവസാനിച്ചു. 17 റണ്‍സെടുത്ത ഹോഗിനെ സഹീര്‍ഖാന്‍ പുറത്താക്കി. ജോണ്‍സന്‍ 15 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
അഞ്ചു വിക്കറ്റെടുത്ത കുംബ്ലെയാണ് ഓസ്‌ട്രേലിയയെ ശരാശരി സ്‌കോറില്‍ ഒതുക്കിയത്. കുംബ്ലെ മുപ്പത്തിയഞ്ചാം തവണയാണ് അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. 4 വിക്കറ്റെടുത്ത സഹീര്‍ഖാന്‍ കുംബ്ലെക്ക് മികച്ച പിന്തുണ നല്‍കി. 124 റണ്‍സെടുത്ത ഹെയ്‌ഡന്‍ 66 റണ്‍സെടുത്ത ജാക്‍സ് എന്നിവര്‍ ഓസ്‌ട്രേലിയന്‍ ബാറ്റിംഗിന് കരുത്തേകി. മെല്‍ബണില്‍ കളിച്ച എഴ് ടെസ്റ്റുകളില്‍ ആറിലും ഹെയ്‌ഡന്‍ സെഞ്ച്വറി നേടിയിട്ടുണ്ട്.