കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ ഇനി പൂര മേളങ്ങളുടെ രാപ്പകലുകള്‍. മേളക്കൊഴുപ്പിലും വര്‍ണജാലത്തിലും ആനകളുടെ ഗംഭീരതയിലും കരിമരുന്ന് പ്രയോഗത്തിന്‍റെ മായാജാലത്തിലും ഈ നഗരം കേരളത്തെ സ്വന്തമാക്കുന്ന ദിനങ്ങള്‍ സമാഗതമായി.
വടക്കുന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന തേക്കിന്‍ കാട് മൈതാനത്തില്‍ വച്ചാണ് തൃശൂര്‍ പൂരം നടക്കാറ്. ചുടലപ്പറമ്പില്‍ ഉറങ്ങുന്ന, ശനി ദോഷം മൂലം ഭിക്ഷ യാചിക്കേണ്ടി വന്ന മഹാദേവനെ സംരക്ഷിക്കുന്നതിനായി ശക്തന്‍ തമ്പുരാന്‍ ക്ഷേത്രത്തിനു ചുറ്റും വലിയ മതിലുകള്‍ പണിതു. പരമേശ്വര സന്നിധിയിലേക്ക് എത്താനായി നാലു കൂറ്റന്‍ കവാടങ്ങളും തമ്പുരാന്‍ പണികഴിപ്പിച്ചു.
ഇതിലൊക്കെ കേമമായി ശക്തന്‍ തമ്പുരാന്‍ ഒരു കാര്യം കൂടി ചെയ്തു-ജനകീയമായ ഒരു പൂരം സംഘടിപ്പിച്ചു. നമ്പൂതിരി സമുദായത്തിന് യാതൊരു അധികാരമില്ലാതിരുന്ന തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളോട് തേക്കിന്‍ കാട് മൈതാനിയില്‍ പൂരം സംഘടിപ്പിക്കുവാന്‍ ആവശ്യപ്പെട്ടതും 36 മണിക്കൂറുള്ള പൂരത്തിന്‍റെ സമയക്രമം നിശ്ചയിച്ചതും ശക്തന്‍ തമ്പുരാനാണ്.
തൃശൂര്‍ പൂരത്തിലെ പഞ്ചവാദ്യം ഒരുക്കുന്ന ശ്രവ്യ അനുഭവം അനുപമമാണ്. 200 ലധികം കലാകാരന്‍മാര്‍ ചേര്‍ന്ന് നടത്തുന്ന ഈ നാദ വിസ്മയം നേരിട്ട് അനുഭവിക്കാന്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കലാപ്രേമികള്‍ എത്തുന്നു.
പൂരത്തിനോട് മുന്നോടിയായി ആനചമയങ്ങളുടെ പ്രദര്‍ശനം, പൂര ദിവസം നടക്കുന്ന കുടമാറ്റം എന്നിവ എത്ര കണ്ടാലും മതിവരാത്ത ഓര്‍മ്മയാണ് കലാ ഉപാസകരുടെ മനസ്സില്‍ കോറിയിടുന്നത്.
തൃശൂര്‍ പൂരത്തിന്‍റെ ഹൃദയമാണ് ചെറു പൂരങ്ങള്‍. കണിമംഗലം ശാസ്‌താവിനെ എഴുന്നുള്ളിക്കുന്നതോടെയാണ് പൂര ചടങ്ങുകള്‍ ആരംഭിക്കുക. കണിമംഗലം ശാസ്താവിന്‍റെ എഴുന്നുള്ളിപ്പിനെ പിന്‍തുടര്‍ന്ന് മറ്റ് ആറ് ചെറു പൂരങ്ങളുടെ എഴുന്നുള്ളിപ്പ് ആരംഭിക്കുന്നു.
തൃശൂര്‍ പൂരത്തിന്‍റെ മറ്റൊരു പ്രത്യേകത അതിന്‍റെ മതേതര സ്വഭാവമാണ്. പൂരത്തിനായി മനോഹരമായ പന്തലുകളില്‍ ഭൂരിഭാഗവും നിര്‍മ്മിക്കുന്നത് മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരാണ്.
രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന തൃശൂര്‍ പൂരത്തിലെ പ്രധാന വിഭാഗങ്ങളില്‍ ഒന്നായ തിരുവമ്പാടി വിഭാഗത്തിന്‍റെ പ്രധാന കാര്യാലയമായി പ്രവര്‍ത്തിക്കുന്നത് ക്രിസ്ത്യന്‍ മാനേജ്‌മെന്‍റിന്‍റെ കീഴിലുള്ള സിഎംസ് വിദ്യാലയമാണ് എന്നതും പൂരത്തിന്‍റെ ആവേശം മതത്തിന്‍റെ വേലിക്കെട്ടുകള്‍ ഇല്ലാതാക്കുന്നതിന്‍റെ ഉത്തമോദാഹരണമാണ്.