കക്ഷത്തിലെ കറുപ്പ് നിറം മാറാൻ...

നിഹാരിക കെ.എസ്

തിങ്കള്‍, 24 ഫെബ്രുവരി 2025 (10:25 IST)
ഇക്കാലത്തും കക്ഷത്തിലെ കറുപ്പ് മൂലം പലരും സ്ലീവ്ലെസ് ഡ്രസുകളോട് താൽപര്യം കാട്ടാറില്ല. കക്ഷത്തിലെ കറുപ്പ് പലരെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്. പല കാരണങ്ങൾ കൊണ്ടും കക്ഷത്തിൽ കറുപ്പ് നിറം ഉണ്ടാകാം. ചർമ്മ പ്രശ്നങ്ങൾ മുതൽ ഹോർമോൺ വ്യതിയാനങ്ങൾ വരെ കക്ഷത്തിലെ കറുപ്പ് നിറത്തിന് കാരണമാകുന്നു. കക്ഷത്തിലെ കറുപ്പ് നിറം അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
 
കക്ഷത്തിലെ കറുപ്പ് മാറാൻ ഏറ്റവും മികച്ച വഴികളിലൊന്നാണ് ബേക്കിങ് സോഡ. നാല് ടേബ്ൾസ്പൂൺ ബേക്കിങ് സോഡ ഒരു ടേബ്ൾസ്പൂൺ റോസ് വാട്ടറിൽ കലർത്തി പേസ്റ്റുണ്ടാക്കുക. ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് ഈ പേസ്റ്റ് കക്ഷത്തിൽ തേച്ച് പിടിപ്പിക്കുക. 30 മിനിട്ടിന് ശേഷം കഴുകി കളയുക.
 
കക്ഷത്തിലെ ഇരുണ്ട നിറം അകറ്റാൻ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. സിട്രിക് ആസിഡിലെ ആൽഫ-ഹൈഡ്രോക്‌സി ആസിഡിന് ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ അകറ്റാൻ കഴിവുമുണ്ട്. ഇതിനായി നാരങ്ങ വട്ടത്തിന് അരിഞ്ഞ് കക്ഷത്തിൽ ഉരസുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം. 
 
ഉരുളക്കിഴങ്ങിന്റെ നീരും കക്ഷത്തിലെ കറുപ്പ് നിറം മാറ്റാൻ  ഉപയോഗിക്കാം. ഇതിനായി ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നീരാക്കി കക്ഷത്തിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.
 
വെള്ളരിക്കാ നീര് കക്ഷത്തിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം  കഴുകിക്കളയാം. വെള്ളരിക്കാ നീരിനൊപ്പം നാരങ്ങാ നീര് കൂടി ചേർക്കുന്നതും നല്ലതാണ്. 
 
കറ്റാർവാഴയുടെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കക്ഷത്തിലെ കറുപ്പ് നിറം അകറ്റാൻ സഹായിക്കും. ഇതിനായി കറ്റാർവാഴ ജെൽ കക്ഷത്തിൽ പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 
 
ഒരു നുള്ള് മഞ്ഞൾ വെള്ളത്തിലോ പാലിലോ ചേർത്ത്  മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍