ദിവസവും 5 മിനിറ്റ് വ്യായാമം, ഡിമെൻഷ്യ സാധ്യത 41 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം

അഭിറാം മനോഹർ

ഞായര്‍, 23 ഫെബ്രുവരി 2025 (19:04 IST)
60 വയസ് കഴിഞ്ഞവരില്‍ ഡിമെന്‍ഷ്യ എന്ന രോഗാവസ്ഥ വരുന്നത് ഇപ്പോള്‍ സാധാരണമായി മാറിയിരിക്കുകയാണ്. തലച്ചോറിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഈ രോഗാവസ്ഥ പ്രായം ഏറിയവരിലാണ് അധികമായും കാണുന്നത്. കാര്യങ്ങള്‍ ഓര്‍ക്കാനും ചിന്തിക്കാനും തീരുമാനമെടുക്കാനും ബുദ്ധിമുട്ടുന്നതിനാല്‍ തന്നെ ഡിമെന്‍ഷ്യ രോഗികളുടെ ദൈനം ദിന ജീവിതം ദുഷ്‌കരമാണ്.
 
എന്നാല്‍ ദിവസവും ഒരു അഞ്ച് മിനിറ്റ് നേരം വ്യായാമത്തിനായി മാറ്റിവെയ്ക്കുകയാണെങ്കില്‍ പ്രായമായവരില്‍ ഡിമെന്‍ഷ്യ സാധ്യത 41 ശതമാനം വരെ കുറയുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ദിവസം വളരെ കുറഞ്ഞ തോതില്‍ വ്യായാമം ചെയ്യുന്നത് പോലും ഡിമെന്‍ഷ്യ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പോസ്റ്റ് അക്യൂട്ട് ആന്റ് ലോങ്ങ് ടേം കെയര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പറയുന്നത്.
 
90,000 പേരാണ് പഠനത്തിന്റെ ഭാഗമായത്. പഠനത്തില്‍ ആഴ്ചയില്‍ 35 മിനിറ്റ് മിതമായ വ്യായാമം. അല്ലെങ്കില്‍ ദിവസവും 5 മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് ഡിമെന്‍ഷ്യ സാധ്യത 41 ശതമാനം വരെ കുറയ്ക്കുമെന്നാണ് കണ്ടെത്തിയത്. ആഴ്ചയില്‍ 36 മിനിറ്റ് മുതല്‍ 70 മിനിറ്റ് വരെ വ്യായാമം ചെയ്യുന്നത് ഡിമെന്‍ഷ്യ സാധ്യത 60 ശതമാനം വരെയും 71 മുതല്‍ 140 മിനിറ്റ് വരെയുള്ള വ്യായാമം 63 ശതമാനം വരെയും ഡിമെന്‍ഷ്യ സാധ്യത കുറച്ചതായും 140 മിനിറ്റിന് മുകളില്‍ വ്യായാമം ചെയ്യുന്നവരില്‍ ഡിമെന്‍ഷ്യ സാധ്യത 69 ശതമാനം വരെ കുറഞ്ഞതായും ഗവേഷകര്‍ വ്യക്തമാക്കി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍