സര്‍വമന്ത്രയന്ത്രതന്ത്ര സ്വരൂപിണിയും വരദായിനിയുമായ മണ്ടക്കാട്ട് ഭഗവതി കുടികൊള്ളുന്ന ക്ഷേത്രമാണ് കന്യാകുമാരിയിലെ അഴകിയമണ്ഡപത്തിനടുത്തുള്ള മണ്ടക്കാട്ടമ്മന്‍ ക്ഷേത്രം.
വൈഷ്ണവാംശ ശക്തിയാണ് ഇവിടെ പ്രതിഷ്ഠ. പ്രധാന ഉത്സവമായ കൊടയ്ക്ക് സ്ത്രീകള്‍ ധാരാളമായി എത്തുന്നതു കൊണ്ട് സ്ത്രീകളുടെ ശബരിമല എന്ന പേരിലും ഇവിടെ അറിയപ്പെടുന്നു. ആദിപരാശക്തിയുടെ പ്രതിഷ്ഠയാണിവിടുത്തേത്.
പൊങ്കാലയും കടല്‍ കാണലും
മണ്ടക്കാട് ക്ഷേത്രാചാരപ്രകാരം ഭഗവതിയെ ദര്‍ശിക്കാന്‍ വരുന്നവര്‍ നിശ്ഛയമായും പൊങ്കാലയിടണം. പൊങ്കാലയ്ക്കുള്ള സാധനങ്ങളെല്ലാം അന്പലത്തിനടുത്തുള്ള കടകളില്‍ നിന്ന് കിട്ടും. പൊങ്കാല നിവേദിക്കുന്നതും ഭക്തര്‍ തന്നെയാണ്. ചെറിയ ഇലക്കീറിന്‍ പൊങ്കാലയുടെ ഒരംശം വച്ച് ആരതികഴിഞ്ഞ് നിവേദ്യം സമര്‍പ്പിച്ചു കഴിഞ്ഞു.
പൊങ്കാലയിട്ട് നിവേദ്യം സമര്‍പ്പിച്ച് കഴിഞ്ഞാല്‍ "കടല്‍ കാണുക' എന്ന ചടങ്ങുണ്ട്. അന്പലത്തിന്‍റെ പിന്‍ഭാഗത്തുള്ള വഴിയിലൂടെ നേരെ നടന്നാല്‍ കടല്‍ക്കരയിലെത്തും. കടല്‍ വെള്ളത്തില്‍ കാല്‍ നനച്ചു കഴിഞ്ഞാല്‍ ഭക്തര്‍ക്ക് തിരിച്ച് പോകാം.
വളരെ വിചിത്രമായ മറ്റൊരു ആചാരമാണ് മീന്‍ കറിയുണ്ടാക്കല്‍. ഭക്തര്‍ അവിടെ നിന്ന് വാങ്ങിയ മീനുപയോഗിച്ച് അവിടെ വച്ച് തന്നെ മീന്‍കറിയുണ്ടാക്കിക്കഴിക്കുന്നു
ഐതീഹ്യം
ക്ഷേത്രോല്‍പത്തിയുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് ഐതീഹ്യങ്ങളാണ് നിലവിലുള്ളത്.
പനന്തേങ്ങ പരസ്പരം എറിഞ്ഞ് കളിക്കുന്ന ഒരു കളിയാണ് കട്ടയടി. ഒരിക്കല്‍ കുറച്ച് ഇടയന്‍മാര്‍ ഈ കളി കളിച്ച് കൊണ്ടിരിക്കേ അരികിലുള്ള ഒരു ചിതല്‍പ്പുറ്റില്‍ത്തട്ടി അതില്‍ നിന്ന് രക്തപ്രവാഹമുണ്ടായി. ദേവി വല്മീകരൂപത്തില്‍ ഇവിടെ ആവിര്‍ഭവിച്ചിരിക്കുകയാണ് എന്ന് ഒരാള്‍ ഉറഞ്ഞുതുള്ളി പറഞ്ഞു.
പൊട്ടിയ പുറ്റിന്‍റെ വിടവ് ചന്ദനം കൊണ്ട് അടച്ചു. അപ്പോള്‍ രക്തപ്രവാഹം നിലച്ചു. പിന്നീട് മുതല്‍ അമ്മന് മുറയ്ക്ക് പൂജ ആരംഭിച്ചു. പൂജ ആരംഭിച്ചതോടെ പുറ്റ ക്രമേണ വളരാന്‍ തുടങ്ങി. ഇപ്പോഴത് ചെറിയ പര്‍വ്വതം പോലെയായിക്കഴിഞ്ഞു. ഉത്സവദിവസങ്ങളില്‍ ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ മണ്ടക്കാട്ടമ്മന്‍റെ ദര്‍ശനത്തിനായി എത്തിച്ചേരുന്നു.
ആയിരത്തി ഇരുന്നൂറോളം കൊല്ലം പഴക്കം വരുന്നതാണ് അന്പലവുമായി ബന്ധപ്പെട്ട മറ്റൊത്ധ ഐതീഹ്യം. മഹാവിഷ്ണുവിന്‍റെ അനുചരന്‍മാരിലൊരാള്‍ മണ്ടെക്കാട്ട് എത്തിയിരുന്നു. അദ്ദേഹം അന്ന് പൂജ ചെയ്യാന്‍ തെരഞ്ഞെടുത്ത സ്ഥലത്താണത്രെ ശക്തിയുടെ അന്പലം പണി ചെയ്തത്.
മഹാവിഷ്ണുവിന്‍റെ ചക്രം സ്ഥാപിച്ച് ആരാധിച്ച ശിഷ്യന് പൂജ കഴിഞ്ഞ് ചക്രമെടുക്കാനായില്ല. തുടര്‍ന്ന് അദ്ദേഹം ദേവീ പ്രീതിക്കായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന കേട്ട് പ്രത്യക്ഷപ്പെട്ട ശക്തി ആ സ്ഥലം തനിക്കിഷ്ടമായെന്നും അവിടെ തന്നെ വച്ച് പൂജിക്കണമെന്നും ആജ്ഞാപിച്ചു. അതനുസരിച്ച് അവിടെ കഴിഞ്ഞ മഹാവിഷ്ണുവിന്‍റെ ശിഷ്യന്‍ ഒരിക്കല്‍ ഭൂമിദേവിയെ പ്രതീപ്പെടുത്തി സമാധിയുമായി.
അതു വഴി കാളവണ്ടിയില്‍ പോയ രണ്ട് വ്യാപാരികള്‍ വിശപ്പകറ്റാന്‍ സമീപത്തെ വീടുകളില്‍ ചെന്നു. അവര്‍ ആ വ്യാപാരികളെ അമ്മന്‍ സന്നിധിയിലേയ്ക്ക് കൊണ്ടു വന്നു. അപ്പോള്‍ കുളിച്ചു ശുദ്ധിയോടെ വന്നാല്‍ ആഹാരം ലഭിക്കുമെന്ന അശരീരിയാണ് അവര്‍ കേട്ടത്. അതനുസരിച്ച് തിരിച്ചെത്തിയ വ്യാപാരികള്‍ക്ക് രണ്ട് വാഴയിലയില്‍ ഭക്ഷണം കിട്ടി. ആഹാരശേഷം ഉറങ്ങിയ അവര്‍ക്ക് തിരിച്ചു പോകുന്നതിനു മുന്പ് ദേവീ ദര്‍ശനവും ലഭിച്ചു.
വ്യാപാരികള്‍ അവരുടെ പണസഞ്ചികള്‍ ദേവീ സന്നിധിയില്‍ ഉപേക്ഷിച്ചാണ് സ്ഥലം വിട്ടത്. അടുത്ത ദിവസം തിരുവിതാംകോട് സംസ്ഥാന മഹാരാജാവിന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ഇക്കാര്യങ്ങള്‍ ദേവി വിവരിച്ചെന്നും ആ സ്ഥലത്ത് തനിക്കായി ഒരു അന്പലം പണിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ രാജാവ് ദേവീ കല്‍പന പ്രകാരം നിര്‍മ്മിച്ചതാണ് മണ്ടയ്ക്കാട് ക്ഷേത്രമെന്നാണ് ഐതീഹ്യം.
കൊട മഹോത്സവം
മണ്ടക്കാട് കൊട എന്നാല്‍ ഭഗവതിയുടെ പരിവാരങ്ങളായ ഭൂതഗണങ്ങള്‍ക്ക് ബലി കൊടുക്കുന്ന ചടങ്ങാണ് കൊട. കുംഭമാസത്തിലെ ഒടുവിലത്തെ ചൊവ്വാഴ്ചയാണ് കൊട. അന്ന് ഏകാദശിയാണെങ്കില്‍ കൊട അതിന് മുന്‍പിലത്തെ ചൊവ്വാഴ്ച നടത്തുന്നു.
സാധാരണ ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി നക്ഷത്രം നോക്കിയല്ല ഇത് നടക്കുന്നത്. കൊട മഹോത്സവത്തിന് 17 ദിവസം മുന്‍പ് വത്ധന്ന ഞായാറാഴ്ച കൊടിയേറി പത്തു ദിവസത്തെ ഉത്സവവുമുണ്ട്. അത് അവസാനിക്കുന്നതും ചൊവ്വാഴ്ചയാണ്. അതിനു ശേഷവും വത്ധന്ന അടുത്ത ചൊവ്വാഴ്ചയാണ് എട്ടാം കൊടയെന്ന പേരില്‍ അഘോഷിക്കുന്നത്.
"വലിയ പടുക്ക' എന്നൊരു ചടങ്ങും അന്ന് നടക്കുന്നു. ധാരാളം മലരും, പഴവും, അട, വട, അപ്പം, തിരളി മുതലായവയുണ്ടാക്കി ദേവിക്ക് സമര്‍പ്പിക്കുന്നു.
തിങ്കളാഴ്ച രാത്രി വെള്ളിപ്പല്ലക്കില്‍ എഴുന്നള്ളത്തും ചക്രതീവെട്ടി ഊരുവലവും കഴിഞ്ഞാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെവരെ നട തുടര്‍ന്നിരിക്കും. പിന്നീട് നടയടച്ചാല്‍ വൈകിട്ട് അഞ്ചു മണിയ്ക്കേ വീണ്ടും തുറക്കൂ. അര്‍ദ്ധരാത്രിയോടയാണ് കൊടയുടെ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഒരു മണിയോടെ നടക്കുന്ന ഒടുക്കു പൂജയോടെ ഉല്‍സവത്തിന് കൊടിയിറങ്ങും.
ഭഗവതിക്ക് മുന്നില്‍ ചോറും വിഭവങ്ങളും ഒരുക്കുന്ന ചടങ്ങാണ് ഒടുക്ക്. ശാസ്താംകോവിലിലാണ് ഒടുക്കിനുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നത്. ഒന്‍പത് മണ്‍പാത്രങ്ങളിലായി നിറച്ച നിവേദ്യം ഒറ്റവെള്ളത്തുണികൊണ്ട് മൂടിയാണ് ദേവിസമക്ഷം എഴുന്നള്ളിക്കുന്നത്. ഗുരുക്കന്‍മാര്‍ വായ് മൂടിക്കെട്ടിയ കുടങ്ങളുമായി എഴുന്നള്ളുന്പോള്‍ നാഗസ്വരവും വെളിച്ചപ്പാടും അകന്പടിയായി ഉണ്ടാകും.
ക്ഷേത്രപരിസരം ഈ സമയം മൗനമായ ദേവി പ്രാര്‍ത്ഥനയാല്‍ മുഴുകും. എത്ര ആള്‍ത്തിരക്കുണ്ടെങ്കിലും എഴുന്നള്ളിപ്പ് സമയത്ത് ആരും സംസാരിക്കില്ല. ഒടുക്കിന് ശേഷം കുരുതി നടക്കും.നേരത്തെ ജന്തുബലിയാണ് നടന്നിരുന്നത്. ഇത് പിന്നീട് നിര്‍ത്തലാക്കി. ഇപ്പോള്‍ കുന്പളങ്ങ വെട്ടിമുറിച്ച് മഞ്ഞളും ചുണ്ണാന്പും കലക്കിയ നീര് തെളിച്ചാണ് കുരുതി നടത്തുന്നത്. കുരുതി കഴിഞ്ഞ് ദീപാരാധനയോടെ നടയടയ്ക്കും.