തിരുവല്ലം:കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരശുരാമ ക്ഷേത്രം ബലികര്‍മ്മങ്ങള്‍ക്ക് പ്രസിദ്ധമാണ്. ക്ഷേത്രത്തിനുള്ളില്‍ ബലി കര്‍മ്മം നടക്കുന്ന ഇന്ത്യയിലെ ഒരേയൊരു ക്ഷേത്രം ഒരു പക്ഷെ ഇതായിരിക്കും.

ചതുര്‍ബാഹുവായ പരശുരാമ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ. മഹാവിഷ്ണുവിന്‍റെ ചിഹ്നങ്ങളായ ശംഖ്, ചക്രം, ഗദ എന്നിവയും താമരയ്ക്ക് പകരം മഴുവുമാണ് പരശുരാമ പ്രതിഷ്ഠയുടെ കൈകളില്‍ കാണുക.

ഒരു കര്‍ക്കിടക വാവിന് തിരുവല്ലത്ത് എത്തിയ ശങ്കരചാര്യ സ്വാമികള്‍ ആറ്റിന്‍ കരയില്‍ വന്ന് ബലിയിട്ടു. പിന്നെ ആറ്റുമണല്‍ മുങ്ങിയെടുത്ത് പരശുരാമ വിഗ്രഹം ഉണ്ടാക്കി. അതാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. പരശുരാമന്‍ മഹാവിഷ്ണുവിന്‍റെ അവതാരമാണ്.

പിതൃസങ്കല്‍പ്പം ശൈവമോ വൈഷ്ണവമോ ആകാമെങ്കിലും വിഷ്ണു സങ്കല്‍പ്പത്തിനാണ് പ്രാധാന്യം.

അമ്മയ്ക്ക് പുനര്‍ജന്മം കൊടുത്ത വ്യക്തിയുമാണ്. അതുകൊണ്ട് ആത്മാവിനു ശാന്തി നേടിക്കൊടുക്കാന്‍ പരശുരാമ പാദങ്ങളില്‍ ബലിയര്‍പ്പിക്കണം എന്നാണ് വിശ്വാസം.

മറ്റൊരു പ്രത്യേകത ഈ ക്ഷേത്രത്തില്‍ ബ്രഹ്മാ വിഷ്ണു മഹേശ്വരന്‍മാര്‍ സംഗമിക്കുന്നു എന്നതാണ്.

തിരുവല്ലം ക്ഷേത്രത്തില്‍ കര്‍ക്കിടക വാവിന് ബലിയിടുന്നതിന് ഒരു പ്രാധാന്യം ഉണ്ട്. ഒരു വര്‍ഷം മുഴുവന്‍ ബലിയിടുന്ന ഫലം കര്‍ക്കിടക വാവിന് ബലിയിടുന്നത് മൂലം ലഭ്യമാവും എന്നതുകൊണ്ടാണിത്.


പ്രതിസന്ധി അകറ്റാനും കര്‍മ്മ വിജയം നേടാനും ശത്രുദോഷം അകറ്റാനും തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ മതി. കേരളത്തിലെ ഏക പരശുരാമ ക്ഷേത്രമാണിത്. കോവളത്തിനടുത്ത് കരമനയാറും പാര്‍വ്വതീ പുത്തനാറും കിള്ളിയാറും സംഗമിക്കുന്ന സ്ഥലത്തോട് ചേര്‍ന്നാണ് ക്ഷേത്രം നില്‍ക്കുന്നത്.

തറയില്‍ നിന്നും മൂന്നടി താഴേക്ക് പടവുകള്‍ ഇറങ്ങിവേണം ക്ഷേത്രത്തിന്‍റെ മുഖമണ്ഡപത്തില്‍ എത്താന്‍. ക്ഷേത്രത്തില്‍ എത്തിയാല്‍ ആദ്യം പുറമേ പ്രദക്ഷിണം വയ്ക്കണം. പടിഞ്ഞാറോട്ട് ദര്‍ശനമായുള്ള ഗണപതി, തെക്കു പടിഞ്ഞാറായി വടക്കോട്ട് ദര്‍ശനമായി ശ്രീകൃഷ്ണന്‍, അടുത്തു തന്നെ കിഴക്ക് ദര്‍ശനമായി കന്യാവ് എന്നീ പ്രതിഷ്ഠകളാണുള്ളത്.

വടക്ക് കവാടത്തിലൂടെ ചുറ്റമ്പലത്തിലെത്താം. പരശുരാമ വിഗ്രഹത്തിന്‍റെ ദര്‍ശനം വടക്കോട്ടാണ്. വലതു ഭാഗത്തായി കിഴക്കോട്ട് ദര്‍ശനമായി ശിവലിംഗവുമുണ്ട്. രണ്ട് ചൈതന്യങ്ങള്‍ക്കും ഇവിടെ തുല്യ പ്രാധാന്യമാണുള്ളത്. രണ്ട് ശ്രീകോവിലും രണ്ട് കൊടിമരവും ഉണ്ട്.

ബ്രഹ്മാവിന്‍റെ ശ്രീകോവില്‍ രണ്ട് ക്ഷേത്രങ്ങള്‍ക്കും ഇടയിലാണ്. ശിവന്‍റെ ശ്രീകോവിലിനോട് ചേര്‍ന്ന് പടിഞ്ഞാറോട്ട് ദര്‍ശനമായി മഹിഷാസുരമര്‍ദ്ദിനിയും തൊട്ടടുത്തായി പടിഞ്ഞാറോട്ട് ദര്‍ശനമായി മത്സ്യമൂര്‍ത്തി, വേദവ്യാസന്‍, സുബ്രഹ്മണ്യന്‍ എന്നീ പ്രതിഷ്ഠകളുമുണ്ട്.


പുറത്തേക്കിറങ്ങിയാല്‍ ധര്‍മ്മ ശാസ്താവ്, നാഗരാജാവ്, ഉടയവന്‍, ഭഗവതി എന്നീ ക്ഷേത്രങ്ങള്‍ കാണാം. തിരുവല്ലത്ത് ആദ്യം സ്വയംഭൂവായ ശിവലിംഗ പ്രതിഷ്ഠയായിരുന്നു ഉണ്ടായത് എന്നാണ് ഐതിഹ്യം.

ശങ്കരാചാര്യര്‍ പിതൃക്കള്‍ക്ക് ബലിയിടാനായി എത്തിയപ്പോള്‍ ബ്രഹ്മാവ് ആചാര്യനായി ആറ്റില്‍ ബലി തര്‍പ്പണം നടത്തി. മത്സ്യമൂര്‍ത്തി ബലി സ്വീകരിച്ചു. പിന്നീടാണ് ശങ്കരാചാര്യര്‍ മണ്ണ് കൊണ്ട് പരശുരാമ പ്രതിഷ്ഠ ഉണ്ടാക്കിയത്.

തുലാമാസത്തിലെ അത്തം നാളില്‍ കൊടിയേറി തിരുവോണത്തിന് ആറാട്ടോടെ ഉത്സവം സമാപിക്കും.

വെബ്ദുനിയ വായിക്കുക