പേരന്‍റിംഗ് അഥവാ ശിശുപരിപാലനം

Webdunia
കുട്ടികളെ വളര്‍ത്തലാണ് പേരന്‍റിംഗ്. ഇത് മാതാപിതാക്കള്‍ തന്നെ ചെയ്യണമെന്നില്ല. ചേച്ചിയോ, ചേട്ടനോ, മുത്തശ്ശനോ, മുത്തശ്ശിയോ, മറ്റു മുതിര്‍ന്ന ആളുകളോ, പേരന്‍റ് എന്ന രക്ഷിതാവും വളര്‍ത്തു മാതാപിതാക്കളും ആകാം.

അച്ഛന്‍ ജോലിക്കു പോവുകയും അമ്മ വീട്ടുകാര്യങ്ങളും നോക്കി കുഞ്ഞുങ്ങളെ വളര്‍ത്തിയിരുന്ന പഴയ രീതിയില്‍ നിന്ന് അച്ഛനും അമ്മയും ജോലിക്കു പോവുന്ന പുതിയ സമ്പ്രദായത്തിലേക്ക് നാം മാറിക്കൊണ്ടിരിക്കുകയാണ്. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്നും അണുകുടുംബത്തിലേക്കുള്ള മാറ്റവും, തൊഴിലും അനുബന്ധ ജോലികളും കാരണം മാതാപിതാക്കള്‍ക്കുണ്ടാകുന്ന തിരക്കും, ഗല്‍ഫ് മേഖലയിലും മറ്റ് വിദേശ ജോലികളും കുട്ടികളുടെ പരിപാലനത്തെ ബാധിക്കുന്നുണ്ട്.

മാതാപിതാക്കളുടെ തിരക്കും, നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്ന ശിശുപരിപാലന കേന്ദ്രങ്ങളും കുട്ടിയുടെ ശൈശവാവസ്ഥയിലെ ശരിയായ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്നു. ശിശുപരിപാലന രീതികളെക്കുറിച്ച് അറിയാത്ത ഇളം തലമുറക്കാരായ അമ്മമാര്‍ കുട്ടികളെ ശരിയായ രീതിയില്‍ വളര്‍ത്താന്‍ കഴിയാതെ വളരെയധികം വിഷമിക്കുകയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്

ശിശുപരിപാലനത്തിന്‍റെ പശ്ചാത്തലം

ജന്തു വര്‍ഗ്ഗത്തിന്‍റെ ഒരു സവിശേഷതയാണ് ശിശുപരിപാലനം. കരയിലും കടലിലുമുള്ള ജീവികള്‍, സാഹചര്യത്തിന് അനുസരണമായ ശിശുപരിപാലന പ്രക്രിയ പ്രകടിപ്പിക്കുന്നുണ്ട്.

പൂച്ച, പശു, കോഴി, ആന, കങ്കാരു തുടങ്ങിയ ജീവിസമൂഹത്തെ ശ്രദ്ധിച്ചാല്‍ ശിശുപരിപാലന ത്തിന്‍റെ വ്യത്യസ്തമായ പല ഭാവങ്ങളും നമുക്ക് കാണാന്‍ കഴിയും.

ദീര്‍ഘകാല ശിശുപരിപാലനം മനുഷ്യരിലല്ലാതെ മറ്റൊരു ജീവിയിലും ദൃശ്യമല്ല. മനുഷ്യന്‍ ഇതിന് ഉത്തമ സ്ഥാനം നല്‍കിയിട്ടുമുണ്ട്.

ശിശുപരിപാലനം ഒരു ദിശയിലേക്ക് മാത്രമുള്ള ഒരു പ്രക്രിയ അല്ല. ഇത് അങ്ങോട്ടും ഇങ്ങോട്ടും പ്രതിഫലിക്കുന്ന ഒരു മഹത്തായ കര്‍മ്മമാണ്.

പുരാണേതിഹാസങ്ങളില്‍ ശിശുപരിപാലനത്തിന്‍റെ മഹത്തായ മാതൃകകള്‍ക്ക് പല ഉദാഹരണങ്ങളുമുണ്ട്. സ്വന്തം സുഖസൗകര്യങ്ങള്‍ ത്യജിച്ച് കുരുടരായ മാതാപിതാക്കളെ പരിചരിച്ച ശരവണകുമാരന്‍ അബദ്ധവശാല്‍ ദശരഥമഹാരാജാവിന്‍റെ അമ്പേറ്റ് മരിക്കാനിയയായപ്പോള്‍ മകനോടൊപ്പം ജീവന്‍ വെടിയാന്‍ തയ്യാറായ അച്ഛനും അമ്മയും കുടുംബബന്ധങ്ങളുടെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്ന മകുടോദാഹരണമാണ്.

ശിശുപരിപാലനം ഒരു കൂട്ടായ പ്രവൃത്തിയാണ്. നമ്മുടെ കുടുംബബന്ധങ്ങളുടെയും സമകാലിക സാമൂഹ്യ വ്യവസ്ഥിതിയുടെയും സാഹചര്യങ്ങളുടെയും പ്രതിഫലനമാണ്.

ശിശുപരിപാലനം ഒരു കൂട്ടായ പ്രവൃത്തിയാണ്. നമ്മുടെ കുടുംബബന്ധങ്ങളുടെയും സമകാലിക സാമൂഹ്യ വ്യവസ്ഥിതിയുടെയും സാഹചര്യങ്ങളുടെയും പ്രതിഫലനമാണ്.

ഈ പരിപാവന കര്‍മ്മം നിര്‍വഹിക്കാന്‍ പരിശീലനവും വൈദഗ്ദ്ധ്യവും മാത്രം പോരാ, സന്മനസ്സും ആവശ്യമാണ്.

ശിശുപരിപാലനത്തിന്‍റെ അടിത്തറ കുടുംബമായതിനാല്‍ ഭദ്രമായ കുടുംബ ബന്ധം ഇതിന് അത്യാവശ്യമാണ്.

കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസ നിലവാരം, സംസ്കാരം എന്നിവ കുട്ടിയുടെ വളര്‍ച്ചയിലും വികസനത്തിലും സ്ഥായിയായ പങ്ക് വഹിക്കുന്നുണ്ട്.

കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന അറിവിന്‍റെയും മൂല്യബോധത്തിന്‍റെയും പ്രതിഫലനമാണ് കുട്ടിയുടെ പെരുമാറ്റം.

കുട്ടിയുടെ ജന്മസിദ്ധമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് കുടുംബമാണ്.

കുട്ടിയുടെ മാനസികാരോഗ്യം കുടുംബാംഗങ്ങളുടെ മാനസികാരോഗ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്നേഹവും വിശ്വാസവും സഹകരണവും മാനസികാരോഗ്യം മെച്ചപ്പെടുത്തും.

കുട്ടിയുടെ ആദ്യത്തെ പരിശീലന കളരിയാണ് കുടുംബം. കുട്ടിക്ക് തന്‍റെ വികാരങ്ങളും വിചാരങ്ങളും പ്രകടിപ്പിക്കുന്നതിനും അവയിലെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുന്നതിനും കുടുംബം വേദിയൊരുക്കുന്നു.

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ അടിപതറാതെ, അവസരങ്ങള്‍ പരിപൂര്‍ണ്ണമായി പ്രയോജനപ്പെടുത്താനുള്ള ബാലപാഠം കുട്ടിക്ക് കുടുംബത്തില്‍ നിന്നും കിട്ടണം.

സാമ്പത്തിക ഭദ്രത കുടുംബത്തിന് ആവശ്യം വേണ്ട ഒരു ഘടകമാണ്. ഇതിന്‍റെ പോരായ്മ കുട്ടിയുടെ പരിപാലനത്തെ ബാധിക്കും. അതിനാല്‍ ഉള്ള വരുമാനം കൊണ്ട് കടക്കെണിയില്‍ പെടാതെ ജീവിക്കാന്‍ മാതാപിതാക്കള്‍ പഠിക്കണം.

പാഴ്ചിലവുകള്‍ നിയന്ത്രിച്ച്, പരിമിതികള്‍ അറിഞ്ഞ് മാതാപിതാക്കള്‍ പരസ്പര ധാരണയോടെ ജീവിക്കാന്‍ ശ്രമിക്കണം.

വീട്ടിലെ പരിമിതി മറച്ചുവച്ച് കടംവാങ്ങിപ്പോലും കുട്ടികളുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്ന ജീവിതരീതി അഭിലക്ഷണീയമല്ല.

മാതാപിതാക്കളുടെ വരവും അവസ്ഥയും അറിഞ്ഞ് കുട്ടിക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കണം.

കുട്ടികളെ മറ്റുള്ളവരുമായി ഇടപഴകാനുള്ള അവസരം സൃഷ്ടിക്കണം. അങ്ങനെ കിട്ടുന്ന അനുഭവവും അറിവും, കളികൂട്ടുകാരോടൊപ്പമുള്ള, വ്യായാമവും ഉല്ലാസവും, കുട്ടികളുടെ ശാരീരിക ബൗദ്ധിക വികാസത്തിന് വഴിയൊരുക്കും.

മാതാപിതാക്കളില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കുന്ന ശരിയായ സംരക്ഷണവും, ശുശ്രൂഷയും സ്നേഹവും സഹകരണവും കുട്ടികളുടെ വളര്‍ച്ചയെ സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ്.

ശിശുപരിപാലനം ഒരു വശത്തേക്കു മാത്രം നടക്കുന്ന പ്രക്രിയ അല്ല. പല ഘടകങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സ്വാധീനിക്കുന്ന ഒരു പ്രക്രിയ ആണ്.