കുഞ്ഞുങ്ങള്‍ക്ക് ആറുമാസത്തിന് ശേഷമായിരിക്കണം കട്ടിയുള്ള ഭക്ഷണസാധനങ്ങള്‍ കൊടുക്കാന്‍ ആരംഭിക്കേണ്ടത്. അതിനുമുന്‍പെല്ലാം മുലപ്പാല്‍ മാത്രമാണ് കുഞ്ഞിനുള്ള സമീകൃത ആഹാരം. ആദ്യമായി കട്ടിയുള്ള ഭക്ഷണസാധനങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന വേളയില്‍ എന്താണ് കൊടുക്കേണ്ടത് ? എങ്ങനെയാണ് കൊടുക്കേണ്ടത് ? കുഞ്ഞിന് ഭക്ഷണം ദഹിക്കുമോ ? എന്നിങ്ങനെയുള്ള ആശങ്കകളെല്ലാം അമ്മമാര്‍ക്കുണ്ടാകുന്നത് സ്വാഭാവികമാണ്.
കുഞ്ഞ് കട്ടിയുള്ള ഭക്ഷണസാധനങ്ങള്‍ കഴിച്ചുതുടങ്ങാറായോ എന്ന കാര്യമാണ് ആദ്യം തിരിച്ചറിയേണ്ടത്. ജനിച്ചപ്പോഴുള്ളതിനെ അപേക്ഷിച്ച് ഭാരം കൂടുക, ഇരിക്കാന്‍ തുടങ്ങുക, കഴുത്തിന് ഉറപ്പു വരുക, വിശപ്പു കൂടുക, മറ്റു ഭക്ഷണസാധനങ്ങള്‍ കാണുമ്പോള്‍ താല്‍പര്യം കാണിക്കുക, പതുക്കെ ചവച്ചുതുടങ്ങുക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുമ്പോളാണ് കുഞ്ഞ് കട്ടിയുള്ള ഭക്ഷണം കഴിച്ചുതുടങ്ങാറായി എന്നകാര്യം മനസിലാക്കേണ്ടത്.
കുഞ്ഞിന് ആദ്യം ധാന്യങ്ങളാണ് കൊടുത്തുതുടങ്ങേണ്ടത്. വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഭക്ഷണം കൊടുക്കാന്‍ പാടുള്ളൂ. നല്ലപോലെ വേവിച്ച് ഉടച്ച ഭക്ഷണമാണ് കുഞ്ഞുക്കള്‍ക്ക് നല്‍കേണ്ടത്. അല്ലെങ്കില്‍ അവര്‍ക്ക് അത് ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ആറു മാസത്തിന് ശേഷം മുട്ട, പച്ചക്കറികള്‍, മാംസം, തൈര് എന്നിവ നല്‍കാം. തിളപ്പിച്ച വെളളത്തില്‍ മാത്രമേ കുട്ടികളുടെ ഭക്ഷണം ചേര്‍ക്കാന്‍ പാടുള്ളൂ.
കുഞ്ഞിനുളള ഭക്ഷണത്തില്‍ ഒരു കാരണവശാലും എണ്ണ ചേര്‍ക്കരുത്. ആവിയില്‍ വേവിച്ച ഭക്ഷണമാണ് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നതെങ്കില്‍ അത് ഏറെ ഉത്തമവുമാണ്. ഉപ്പ്, പഞ്ചസാര, മസാലകള്‍, തേന്‍ തുടങ്ങിയവയൊന്നും കുഞ്ഞിനുള്ള ഭക്ഷണത്തില്‍ ചേര്‍ക്കരുത്. കുഞ്ഞിനുളള ഭക്ഷണം കുഴമ്പ രൂപത്തില്‍ കൊടുക്കുന്നതാണ് ദഹിക്കുവാന്‍ എളുപ്പം.
ഓട്‌സ്, ബാര്‍ലി എന്നിവയെല്ലാം കുഞ്ഞിന് കൊടുക്കാവുന്ന ഭക്ഷണസാധനങ്ങളാണ്. കഴിവതും വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ നല്‍കാനും ശ്രദ്ധിക്കണം. ഭക്ഷണത്തിനിടയ്ക്ക് കുഞ്ഞിന് വെള്ളവും നല്‍കണം. കുഞ്ഞിന് ഭക്ഷണം നല്‍കുമ്പോള്‍ വൃത്തി വളരെ പ്രധാനമാണ്. ഭക്ഷണം കൊടുക്കാന്‍ ഉപയോഗിക്കുന്ന പാത്രവും സ്പൂണും വളരെ വൃത്തിയായിരിക്കണം. ഭക്ഷണം കൊടുക്കുന്നതിന് മുന്‍പ് കൈകളും നല്ലപോലെ കഴുകണം.