അപൂര്‍വ്വസഹോദരങ്ങള്‍

PROPRO
1980ല്‍ പടിഞ്ഞാറന്‍ ടെക്സാസിലെ മയക്കുമരുന്ന് കള്ളക്കടത്തിനെയും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഘര്‍ഷങ്ങളുടെയും കഥ പറഞ്ഞ ‘നോ കണ്‍‌ട്രി ഫോര്‍ ഓള്‍ഡ് മെന്‍‘ സംവിധാനം ചെയ്ത സഹോദരങ്ങള്‍ - ജോയല്‍ കോയനും എഥാന്‍ കോയനും - ഇത്തവണ ഓസ്കാറില്‍ ഒരു മാജിക് കാണിച്ചു. മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച സഹനടന്‍ എന്നീ അവാര്‍ഡുകളാണ് ഇവരുടെ സിനിമ നേടിയത്. അങ്ങനെ ഇവരുടെ ഒരു പരീക്ഷണം കൂടി വിജയിച്ചിരിക്കുകയാണ്. സിനിമാ വ്യാകരണങ്ങള്‍ തകര്‍ക്കുന്ന ആഖ്യാന ശൈലിയിലൂടെ മുന്‍പും ഈ സഹോദരന്‍‌മാര്‍ വിസ്മയം സൃഷ്ടിച്ചിരുന്നു.

ജോയല്‍ കോയന്‍ മിനസോട്ടയില്‍ 1954ലും എഥാന്‍ കോയന്‍ 57ലുമാണ് ജനിച്ചത്. ഇരുവരുടെയും പന്ത്രണ്ടാമത്തെ ചിത്രമാണ്‌ നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്‍. സംവിധാനം, തിരക്കഥ, എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലെല്ലാം ഒരുമിച്ചായിരുന്നു കോയന്‍ സഹോദരന്‍‌മാരുടെ പ്രവര്‍ത്തനം. 1984ല്‍ ‘ബ്ലഡ് സിമ്പിള്‍‘ എന്ന ചിത്രവുമായാണ് ഇവര്‍ സിനിമാ രംഗത്ത് തുടക്കം കുറിക്കുന്നത്. കഥയും തിരക്കഥയും എഡിറ്റിംഗും നിര്‍മ്മാണവും എല്ലാം ഇവര്‍ തന്നെയായിരുന്നു. ആദ്യ ചിത്രത്തിന്‍റെ ക്രെഡിറ്റ് കാര്‍ഡില്‍ സംവിധാനം ജോയലും നിര്‍മ്മാണം എഥാനുമായിരുന്നു. ആദ്യ ചിത്രം തന്നെ ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റി.

ഇതിനിടയില്‍ മറ്റ് പല സംവിധായകര്‍ക്കും കോയന്‍ സഹോദരന്‍‌മാര്‍ തിരക്കഥ എഴുതി നല്‍കി. 1987ലാണ് റൈസിംഗ് അരിസോണ എന്ന വിഖ്യാത ചിത്രം ഇവരില്‍ നിന്ന് പിറവിയെടുക്കുന്നത്. ഈ കോമഡിച്ചിത്രം ഇവരുടെ പ്രശസ്തി വര്‍ദ്ധിപ്പിച്ചു. കോയന്‍ ചിത്രങ്ങള്‍ക്കായി ലോകം കാത്തിരിക്കാന്‍ തുടങ്ങുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.

മില്ലേഴ്സ് ക്രോസിംഗ് എന്ന, അധോലോക കുടിപ്പകയുടെ കഥ പറഞ്ഞ സിനിമയോടെ തങ്ങള്‍ക്ക് ലോക സിനിമയുടെ നെറുകയിലേക്കുള്ള ദൂരം കുറയ്ക്കുകയാണ് ജോയല്‍ കോയനും എഥാന്‍ കോയനും ചെയ്തത്. ജോണ്‍ ടര്‍ട്ടറോ എന്ന നടന്‍റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് മില്ലേഴ്സ് ക്രോസിംഗിലായിരുന്നു. 1991ല്‍ പുറത്തിറങ്ങിയ ബാര്‍ട്ടണ്‍ ഫിങ്ക് സംവിധാനം ചെയ്തതിന് മികച്ച സംവിധായകനുള്ള പുരസ്കാരം ജോയലിന് ലഭിച്ചു. കാന്‍ ഫെസ്റ്റിവലില്‍ ആ ചിത്രം ഗോള്‍ഡന്‍ പാം അവാര്‍ഡ് സ്വന്തമാക്കി. ജോണ്‍ ടര്‍ട്ടറോയ്ക്കും ആ സിനിമ പുരസ്കാരങ്ങള്‍ നേടിക്കൊടുത്തു. എന്നാല്‍ ഇവരുടെ അടുത്ത ചിത്രം, ഹഡ്‌സക്കര്‍ പ്രോക്സി എല്ലാ അര്‍ത്ഥത്തിലും ഒരു പരാജയമായിരുന്നു.

ചോദ്യം ചെയ്യപ്പെടാനാകാത്ത ഒരു വിജയമാണ് 1996ല്‍ ഫാര്‍ഗോ എന്ന ചിത്രത്തിലൂടെ കോയന്‍ സഹോദരങ്ങള്‍ സൃഷ്ടിച്ചെടുത്തത്. കുറ്റകൃത്യങ്ങളും വയലന്‍സും നിറഞ്ഞ ഒരു കറുത്ത ഫലിതമായിരുന്നു ആ സിനിമ. ലോകമെങ്ങും ഈ സംവിധായകര്‍ക്ക് ആരാധകരെ നേടിക്കൊടുക്കാന്‍ ഫാര്‍ഗോയ്ക്ക് കഴിഞ്ഞു. ബിഗ് ലബോവ്‌സ്‌കി, ഓ! ബ്രദര്‍,വേര്‍ ആര്‍ട്ട് ദൌ, ദി മാന്‍ ഹൂ വാസ് നോട്ട് ദേര്‍, ഇന്‍റോളറബിള്‍ ക്രുവല്‍റ്റി, ദി ലേഡി കില്ലേഴ്സ്, പാരിസ് ഐ ലവ് യു തുടങ്ങിയ സിനിമകളിലൂടെ ഈ അപൂര്‍വ്വസഹോദരങ്ങള്‍ സിനിമ എന്ന മാധ്യമത്തെ സ്വന്തം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇവരുടെ സിനിമകളിലെ ഹാസ്യം കണ്ട് പ്രേക്ഷകര്‍ ആര്‍ത്തു ചിരിച്ചു. വയലന്‍സ് കണ്ട് നടുങ്ങിത്തരിച്ചു. ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നതുപോലെയാണ് ജോയല്‍ കോയനും എഥാന്‍ കോയനും സിനിമകളുണ്ടാക്കിയത്.

കൊര്‍മാക് മക്കാര്‍ത്തിയുടെ നോ കണ്‍‌ട്രി ഫോര്‍ ഓള്‍ഡ് മെന്‍ എന്ന നോവല്‍ അതേ പേരില്‍ സിനിമയാക്കിയാണ് കോയന്‍ സഹോദരന്‍‌മാര്‍ ഇപ്പോള്‍ ഓസ്കാറില്‍ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്ന കറുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കാഴ്ചക്കാരനെ ഞെട്ടിക്കുന്നതാണ്. ഓസ്കാര്‍ നേട്ടത്തെ നിസാരവത്കരിക്കുന്ന ചെറുചിരിയുമായി ജോയല്‍ കോയനും എഥാന്‍ കോയനും അടുത്ത സംരംഭങ്ങളിലേക്ക് കടക്കുകയാണ്. ഗാംബിറ്റ്, സബര്‍ബികോണ്‍, ഹെയ്‌ല്‍ കാസര്‍ എന്നിവയാണ് അവരുടെ വരാന്‍ പോകുന്ന ചിത്രങ്ങള്‍.

വെബ്ദുനിയ വായിക്കുക