തുമ്പപ്പൂവേ പൂത്തളിരേ.... നാളേക്കൊരു വട്ടി പൂ തരണേ...

ബുധന്‍, 24 ഓഗസ്റ്റ് 2016 (18:40 IST)
പ്രാദേശികതയുടെ അടയാളപ്പെടുത്തലുകള്‍ സജീവമായി നിലനിര്‍ത്തിപ്പോരുന്ന ഉത്സവമാണ് ഓണം. അതിന് സഹായകമാകുന്നത് ഓരോ പ്രദേശത്തും ഓണത്തോട് അനുബന്ധിച്ച് നടക്കുന്ന വിവിധ കലാ - കായിക - സാംസ്കാരിക പരിപാടികളാണ്. 
 
ഓണത്തിന് മലയാളികള്‍ പൊതുവായി പല വിനോ‍ദങ്ങളിലും ഏര്‍പ്പെടാറുണ്ടെങ്കിലും സ്ഥലവ്യത്യാസങ്ങള്‍ അനുസരിച്ച് അതിന് പാഠഭേദം വരുന്നു. സ്ത്രീപുരുഷ സാമുദായിക വേഷപ്പകര്‍ച്ചകളും കണ്ടുവരുന്നു. പക്ഷേ എല്ലാ ഓണക്കളികള്‍ക്കും ഒരു ഏകമാന സ്വഭാവമുണ്ടുതാനും. 
 
സമത്വത്തിന് ഊന്നല്‍ കൊടുക്കുന്ന വിനോദങ്ങളാണ് അധികവും. ആര്‍ക്കും പങ്കെടുക്കാവുന്നതും പ്രാദേശികഭാഷയുടെ ഉള്‍ക്കരുത്ത് വിളിച്ചോതുന്ന നാടന്‍പാട്ടുകളോ നാടന്‍ ചുവടുകളോ ചേര്‍ന്നതാണ് പല ഓണവിനോദങ്ങളും. എല്ലാ ഓണക്കളിക്കും പഠനം വേണ്ട എന്നര്‍ഥത്തിലല്ല ഇത് പറയുന്നത്. 
 
അത്തച്ചമയത്തോടെയാണ് ഇപ്പോള്‍ മലയാളികളുടെ ഓണാഘോഷം ആരംഭിക്കുന്നത്. തിരുവിതാംകൂര്‍-കൊച്ചി രാജവംശങ്ങള്‍ നടത്തിയിരുന്ന അത്തച്ചമയം 1961 മുതല്‍ കേരളസര്‍ക്കാര്‍ ഏറ്റെടുത്തു. തൃക്കാക്കരയില്‍ ബഹുജനപങ്കാളിത്തത്തോടെയാണ് അത്തച്ചമയ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. കലാരൂപങ്ങളും മലയാളത്തിന്റെ സാംസ്കാരിക തനിമകള്‍ വെളിപ്പെടുത്തുന്ന നിശ്ചലദൃശ്യങ്ങളും അണിചേരുന്ന അത്തച്ചമയ ഘോഷയാത്ര ഏറെ പേരുകേട്ടതാണ്.
 
കലയെന്ന നിലയില്‍ അല്ലെങ്കില്‍ ആചാരമെന്ന നിലയില്‍ ഓണാ‍ഘോഷങ്ങളില്‍ ആദ്യം പൂക്കളം ഒരുക്കുന്നതാണ്. ചിങ്ങം ഒന്ന് മുതല്‍ മാസാവസാനം വരെ മലയാളികള്‍ വീട്ടുമുറ്റത്ത് പൂക്കളമിടുന്നു. പക്ഷേ അത്തം മുതല്‍ തിരുവോണം വരെ പൂക്കളമിടുന്ന സമ്പ്രദായത്തിനാണ് കൂടുതല്‍ പ്രാധാന്യം. ഒന്നാം ദിവസം ഒരു വട്ടം എന്ന് തുടങ്ങി പത്താംദിവസം പത്ത് വട്ടം(വൃത്തം) എന്ന രീതിയിലാണ് നാം പൂക്കളമൊരുക്കുക. 
 
ചിത്രകലയിലെ പ്രതിഭ മാത്രമല്ല പൂക്കളമൊരുക്കലില്‍ പ്രാധാന്യം. ഇത് മനുഷ്യനെ പ്രകൃതിയോട് ഏറ്റവും ചേര്‍ത്തുനിര്‍ത്തുന്ന ഒരു കലയായി വേണം കാണാന്‍. ‘തുമ്പപ്പൂവേ പൂത്തളിരേ/ നാളേക്കൊരു വട്ടി പൂ തരണേ/ കാക്കപ്പൂവേ പൂത്തളിരേ/ നാളേക്കൊരു വട്ടി പൂതരണേ’ എന്നതാണ് പൂക്കളമൊരുക്കലുമായി ബന്ധപ്പെട്ട ഓണപ്പാട്ട്. നമുക്ക് ആവശ്യമുള്ളത് മാത്രമാണ് നാം പ്രകൃതിയില്‍ നിന്നെടുക്കുന്നത്. അതിന് പ്രകൃതിയോട് അനുവാദം ചോദിക്കുകയും ചെയ്യുന്നു.
 
ആചാരമെന്നോണം കണക്കാക്കുന്ന ഒരു കലാരൂപമാണ് ഓണപ്പൊട്ടന്‍ അല്ലെങ്കില്‍ ഓണത്താര്‍. പ്രജകളെ കാണാനും അവരുടെ ക്ഷേമം അന്വേഷിക്കാനും മഹാബലി ഓണപ്പൊട്ടന്റെ വേഷത്തില്‍ വരുന്നു എന്നാണ് ഐതിഹ്യം. മുന്നൂറ്റാന്‍ സമുദായത്തിലെ ആളുകളാണ് ഓണപ്പൊട്ടന്റെ കോലം കെട്ടുന്നത്. ഓണത്തിന് ഓരോ വീട്ടിലുമെത്തുന്ന ഓണപ്പൊട്ടന്‍ മണി കിലുക്കിയാണ് തന്റെ വരവ് അറിയിക്കുക. ചെറിയ ചുവടുകള്‍ വച്ചാണ് ഓണപ്പൊട്ടന്‍ ആടുക. വീടുകളില്‍ നിന്ന് അരിയും ഓണക്കോടിയും ഭക്ഷണവും ഓണപ്പൊട്ടന്‍ സ്വീകരിക്കുന്നു. ഓണേശ്വര്‍ എന്ന പേരിലും ഈ തെയ്യരൂപം അറിയപ്പെടുന്നു.

വെബ്ദുനിയ വായിക്കുക