നാടെങ്ങും ഓണത്തിന്‍റെ ആര്‍പ്പുവിളികള്‍ ഉയരുമ്പോള്‍ ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന ആദ്യ ചിത്രത്തിന്‍റെ സംവിധാന തിരക്കിലേക്ക് തലപൂഴ്ത്തുകയാണ് സോഹന്‍ ലാല്‍.
ഈ ഓണം സോഹനെ സംബന്ധിച്ചിടത്തോളം ഏറ്റവും മാധുര്യമുള്ളതാണ്, അതേസമയം ആഘോഷങ്ങളില്ലാത്തതും. ബിഗ് സ്ക്രീനിലേക്കുള്ള ആദ്യ സംരംഭം പൂവണിയുന്ന ദിനങ്ങള്‍ ഏതു സംവിധായകനാണ് മറക്കാനാവുകയെന്നാണ് ഓണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സോഹന്‍ മറുപടി പറഞ്ഞത്.
“ഇപ്പോള്‍ ആരെങ്കിലും ഫോണ്‍ ചെയ്യുമ്പോള്‍ മാത്രമാണ് ഓണത്തെ കുറിച്ച് ചിന്തിക്കുന്നത്. കൂടുതല്‍ സമയവും സിനിമയ്ക്കായി മാറ്റി വച്ചപ്പോള്‍ ഓണവും ആഘോഷവുമൊക്കെ മങ്ങിപ്പോവുന്നു”.
“ഓണത്തിന് അനന്തപുരിയിലാകെ തിരക്കിന്‍റെ പൊടിപാറുമ്പോള്‍ ഞാന്‍ അങ്ങകലെ കുട്ടിക്കാനത്ത് ഷൂട്ടിംഗിന്‍റെ ഒരുക്കത്തിലായിരിക്കും”. ആദ്യ സിനിമയായതിനാല്‍ എല്ലാം നന്നായി തന്നെ വരണമെന്ന നിശ്ചയദാര്‍ഡ്യം സോഹന്‍റെ വാക്കുകളില്‍.
സിനിമയുടെ തിരക്കുകളിലാണെങ്കിലും മകള്‍ അനാമികയോടും ഭാര്യ അമൃത സോഹനോടും ഒപ്പമുള്ള ഒരു നഗരപ്രദക്ഷിണവും ഷോപ്പിംഗും, സോഹന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ‘നഗരത്തിലെ ഓണം’, നഷ്ടമായ ഒരു ചെറു നൊമ്പരം വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. ‘ഇത്തവണ അവര്‍ അമ്മയുടെ കൂടെ അവര്‍ ഓണം കൂടട്ടെ’ എന്ന പരിഹാരം സ്വയം നിര്‍ദ്ദേശിക്കുമ്പോള്‍ സോഹന്‍ വീണ്ടും സിനിമയുടെ ചിന്താപഥത്തിലേക്ക് കടന്നു കഴിഞ്ഞിരുന്നു.