പൂവിന് തീവില

SasiWD
ഓണത്തിന് പൂക്കളം ഒരുക്കാന്‍ മലയാളി സ്വന്തം തൊടികളെയും പറമ്പുകളെയും ആശ്രയിച്ചിരുന്ന കാലം മാറി. ഇന്ന് വരവ് പൂക്കളാണ് മലയാളിയുടെ പൂക്കളങ്ങളില്‍ നിറയുന്നത്.

ഉദുമല്‍‌പേട്ട്, മേട്ടുപ്പാളയം, സത്യമംഗലം, തോവാള തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഓണത്തിന് പൂക്കള്‍ എത്തുന്നത്. ഇക്കുറി ഓണം അടുത്തെത്തും മുമ്പേ തന്നെ പൂവുകള്‍ക്ക് വില കൂടി.

മലബാര്‍ പ്രദേശത്ത് കര്‍ണ്ണാടകത്തില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നുമാണ് പ്രധാനമായും പൂക്കള്‍ എത്തുന്നത്. ഇപ്പോള്‍ തന്നെ പൂവ് വാങ്ങാന്‍ പറ്റാത്ത വിലയായി കഴിഞ്ഞു എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മുല്ല, ജമന്തി തുടങ്ങിയവയ്ക്കും അലങ്കാര പൂവുകള്‍ക്കും വില കൂടാന്‍ മറ്റൊരു കാരണം ചിങ്ങം കല്യാണക്കാലമായതാണ്.

ഇപ്പോള്‍ തന്നെ മുല്ലപ്പൂവിന് കിലോയ്ക്ക് 200 രൂപയാണ് വില. ഇത് ഓണത്തിന് 500 ഓ 600 ആയി മാറിയേക്കാം. വെള്ള ജമന്തിക്ക് 100 - 120 രൂപയാണ് വില. ഇത് 250 - 300 രൂപ വരെ ഉയര്‍ന്നേക്കും.

വാടാമല്ലിക്ക് കോയമ്പത്തൂരില്‍ 60 രൂപയാണ് കിലോയ്ക്ക് വില. കൊങ്ങിണി (ചെണ്ട്മല്ലി) പൂവിന് ഇപ്പോള്‍ തന്നെ വില ഇരട്ടിയായി. 40 രൂപ വിലയുള്ള ചെണ്ട് മല്ലി ഓണത്തിന് 60 ഓ 80 രൂപയ്ക്ക് കിട്ടിയാല്‍ ഭാഗ്യം.

പിന്നെ ഏക ആശ്വാസം ഉത്രാടത്തിന്‍റെ തലേന്ന് മുതല്‍ കര്‍ണ്ണാടകത്തില്‍ നിന്നും പൊള്ളാച്ചിയില്‍ നിന്നും മറ്റും എത്തുന്ന സാദാ കച്ചവടക്കാരാണ്.

അവര്‍ വഴിയോരങ്ങളില്‍ പൂമലകളും പൂക്കടകളും തീര്‍ത്ത് രണ്ട് ദിവസം കൊണ്ട് ലക്ഷക്കണക്കിന് രൂപയുടെ പൂവ് വിറ്റഴിക്കുന്നു. ആ പൂക്കള്‍ക്കും വലിയ വില ആയിരിക്കും, എങ്കിലും വിപണിയില്‍ ഉള്ളതിനേക്കാള്‍ വില കുറവായിരിക്കും.


കേരളത്തില്‍ പാലക്കാട്, തൃശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കോയമ്പത്തൂര്‍ മാര്‍ക്കറ്റില്‍ നിന്നാണ് പൂവ് വരുന്നത്. ഓരോ ദിവസവും 10 - 11 ലോറി പൂവ് കേരളത്തിലേക്ക് എത്തുന്നുണ്ട്. ഓണക്കാലത്ത് ഇത് ഇരട്ടിയിലേറെയാവും. ഓണത്തലേന്നും മറ്റും 25 ഉം 30 ലോറി പൂവാണ് വരാറുള്ളത്.

കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലേക്ക് ബാംഗ്ലൂരില്‍ നിന്നാണ് കൂടുതല്‍ പൂക്കള്‍ വരുന്നത്. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലേക്ക് മംഗലാപുരത്തു നിന്നും പൂവ് വരുന്നു. തിരുവനന്തപുരത്താവട്ടെ തെക്കന്‍ തമിഴ്നാട്ടിലെ തോവാളയില്‍ നിന്നാണ് പൂക്കള്‍ വരുന്നത്.

തോവാളയില്‍ നിന്നും ദിവസം 5 ലോറി പൂക്കളാണ് തെക്കന്‍ കേരളത്തിലേക്ക് അയച്ചിരുന്നത്. ഇപ്പോഴത് 10 ലോറി പൂവായിട്ടുണ്ട്. പക്ഷെ, അതോടൊപ്പം വിലയും ഉയരുകയാണ്.

ദേവനഹള്ളി, ദൊഡ് ബെല്ലാപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ബാംഗ്ലൂരില്‍ പൂക്കള്‍ എത്തിയിരുന്നത്. മഴ കാരണം പൂക്കൃഷി നശിച്ചിരുന്നതുകൊണ്ട് ബാംഗ്ലൂര്‍ വിപണിയില്‍ പൂവിന് തീവിലയാണ്. ഇപ്പോള്‍ തന്നെ 50 ശതമാനം വില കൂടി.

വെബ്ദുനിയ വായിക്കുക