മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേയാണ് ഓണം ആഘോഷിക്കുന്നത്. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലനില്‍ക്കുന്നുണ്ടെങ്കിലും ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമായാണ് ഓണത്തെ കരുതുന്നത്. പണ്ഡിതന്‍റെയും, പാമരന്‍റെയും കുചേലന്‍റെയും കുബേരന്‍റെയും അങ്ങനെ സകലമാന മനുഷ്യരുടേയും സന്തോഷം കൂടിയാണ് ഓണം.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതലാണ് ഓണാഘോഷം തുടങ്ങുന്നത്. ഇത് തിരുവോണം നാളില്‍ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. ഓണത്തപ്പന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമാണ് തൃക്കാക്കര. ആദ്യമായി ഓണാഘോഷം നടത്തിയത് തൃക്കാക്കരയിലാണെന്നാണ് ഐതിഹ്യം. എന്നാല്‍ വളരെ കാലങ്ങള്‍ക്ക് മുമ്പ് തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികളില്‍ വ്യക്തമാക്കുന്നുണ്ട്.
കാലവര്‍ഷം അവസാനിക്കുകയും മാനം തെളിയുകയും ചെയ്യുന്ന ഈ കാലത്താണ് ആദ്യകാലങ്ങളില്‍ സുഗന്ധദ്രവ്യ വ്യാപാരത്തിനായി വിദേശകപ്പലുകള്‍ കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. അങ്ങിനെയാണ് സ്വര്‍ണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാന്‍ കാരണമായതെന്നും പറയപ്പെടുന്നു.
മഹാബലിയുമായി ബന്ധപ്പെട്ട കഥയ്ക്ക് തന്നെയാണ് ഓണത്തിന്‍റെ ഐതിഹ്യങ്ങളില്‍ പ്രഥമസ്ഥാനം. എന്നാല്‍ മഹാബലി കേരളം ഭരിച്ചിരുന്നതായി ഐതിഹ്യമല്ലാതെ ചരിത്രരേഖകള്‍ ഒന്നും തന്നെയില്ലതാനും. മഹാബലി രാജ്യത്തിന്‍റെ ഭരണസിരാകേന്ദ്രമായിരുന്നു തൃക്കാക്കരയെന്നും ഐതിഹ്യങ്ങളില്‍ പറയപ്പെടുന്നു. മഹാബലിയുടെ ഭരണത്തില്‍ ദേവന്മാര്‍ അസൂയാലുക്കളായെന്നും അവര്‍ മഹാവിഷ്ണുവിനോട് അപേക്ഷിച്ചതനുസരിച്ച് ദേവദേവന്‍ വാമനനായി രൂപമെടുത്ത് മഹാബലിയെ പാതാളത്തിലെക്ക് ചവിട്ടി താഴ്ത്തിയെന്നുമാണ് ഐതിഹ്യം.
എന്നാല്‍ ആണ്ടിലൊരിക്കല്‍ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന് അനുവാദവും വാമനന്‍ മഹാബലിക്കു നല്‍കി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം. അതേസമയം, മഹാബലിയുടെ ദുരഭിമാനം തീർക്കാന്‍ വേണ്ടിയാണ് വാമനൻ അവതാരമെടുത്തതെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഈ ഐതിഹ്യത്തിനു അത്ര പ്രചാരമില്ല.
അതുപോലെതന്നെ പരശുരാമന്‍റെ സന്ദര്‍ശനമാണ് ഓണമെന്നും മലബാറിലെ ആണ്ടുപിറപ്പിനെ സൂചിപ്പിക്കുന്ന ആഘോഷമാണ് തിരുവോണം എന്നും മഹാബലിപ്പെരുമാളിന്‍റെ കല്‍പ്പനയെ തുടര്‍ന്നുണ്ടായതാണ് ഓണമെന്നുള്ള മറ്റു ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. അതുപോലെ സിദ്ധാര്‍ത്ഥ രാജകുമാരന്‍ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നെന്നാണ് ബുദ്ധമതാനുയായികള്‍ വിശ്വസിക്കുന്നത്. അന്നത്തെ കേരളത്തില്‍ ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്നു.ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണമെന്നാണ് അവര്‍ സമര്‍ത്ഥിക്കുന്നത്.
തിരുവോണദിവസം വിരുന്നെത്തുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിനായാണ് അത്തം മുതല്‍ ഒരുക്കങ്ങളാരംഭിക്കുന്നത്. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകിയാണ് പൂക്കളമിടുക. ചിങ്ങത്തിലെ അത്തംനാള്‍ മുതലാണ് പൂക്കളം ഇടുന്നത്. അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂയെന്നാണ് പറയുന്നത്. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുകയാണ് ചെയ്യുക. ചോതിനാള്‍ മുതലാണ് ചെമ്പരത്തിപ്പൂവ് ഇടുക. ഉത്രാടനാളിലായിരിക്കും പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുക. മൂലം നാളില്‍ ചതുരാക്രിതിയിലായിരിക്കണം പൂക്കളം ഒരുക്കേണ്ടത്.
ഓണത്തിന്റെ പ്രധാനാകര്‍ഷണമാണ് ഓണസദ്യ. കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ് ഓണസദ്യയില്‍ പ്രധാന വിഭവങ്ങള്‍. അവിയിലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക്. ഇടത്തരം പപ്പടം ആയിരിക്കും ഉണ്ടാകുക. ചേന, പയര്‍, വഴുതനങ്ങ, പാവക്ക, ശര്‍ക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും. നാക്കിലയിലാണ് ഓണസദ്യ വിളമ്പേണ്ടത്. സദ്യയ്ക്ക് പച്ചമോര് നിര്‍ബന്ധമാണ്. ആവശ്യമാണെങ്കില്‍ രസവും ഉണ്ടാക്കാറുണ്ട്.
അത്തച്ചമയം, ഓണത്തെയ്യം, വേലന്‍ തുള്ളല്‍, ഓണേശ്വരന്‍ (ഓണപ്പൊട്ടന്‍), ഓണവില്ല് എന്നിവയാണ് പ്രാദേശികമായി നടത്താറുള്ള ഓണാഘോഷങ്ങള്‍. ആട്ടക്കളം കുത്തല്‍, കൈകൊട്ടിക്കളി, പുലിക്കളി, ഓണക്കുമ്മാട്ടി (കുമ്മാട്ടിക്കളി), ഓണത്തല്ല്, ഓണംകളി, ഓച്ചിറക്കളി, കമ്പിത്തായം കളി, ഭാരക്കളി, നായയും പുലിയും വെയ്ക്കല്‍, ആറന്മുള വള്ളംകളി, തലപന്തു കളി, കിളിത്തട്ടുകളി, സുന്ദരിക്ക് പൊട്ട്കുത്ത് തുടങ്ങിയ കളികളും ഓണവുമായി ബന്ധപ്പെട്ട് നടത്താറുണ്ട്.