മദിരാശിപ്പഴമയും മലയാളസിനിമയും

FILEFILE
മദിരാശിയും പ്രാന്തപ്രദേശമായ കോടമ്പാക്കവും മലയാള സിനിമയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ വിസ്മരിക്കത്തക്കതല്ല. മലയാള സിനിമയുടെ മദിരാശി വേരുകളിലേക്ക് തിരിച്ചുനടക്കാന്‍ വെബ്‌ദുനിയ നടത്തിയ ശ്രമം.

സീന്‍ ഒന്ന്

മദിരാശി
പ്രഭാതം

സെന്‍‌ട്രല്‍ റെയി‌ല്‍‌വേ സ്റ്റേഷനില്‍ നിന്ന് മദിരാശി നഗരത്തിലേക്കുള്ള കവാടം. ഹെന്‍‌റി ഇര്‍വിന്‍ സായിപ്പിന്‍റെ ഡിസൈനില്‍ നിര്‍മ്മിച്ച ഈ കൊട്ടാരസദൃശമായ റെയില്‍‌വേ സ്റ്റേഷന് മലയാള സിനിമയുമായി അഭേദ്യബന്ധമുണ്ട്. റിക്ഷാവണ്ടികളും കുതിരവണ്ടികളും പെട്ടിക്കടകളും നിറഞ്ഞ ഈ റോഡില്‍ കാലുകുത്തുമ്പോള്‍ മലയാള സിനിമയുടെ തലതൊട്ടപ്പന്മാര്‍ കോരിത്തരിച്ചിരിക്കണം.

ഇന്നീ നഗരം ചെന്നൈയാണ്. ഇത് ചെന്നൈ സെന്‍‌ട്രല്‍ റെയില്‍വേ സ്റ്റേഷനും. ഇവിടെ നിന്ന് നമുക്ക് ഏഴോളം കിലോമീറ്റര്‍ സഞ്ചരിക്കാം. യാത്ര ഷെയര്‍ ഓട്ടോയിലോ തിങ്ങി നിറഞ്ഞ ബസിലോ ആകാം. തെന്നിന്ത്യന്‍ സിനിമയുടെ തലസ്ഥാന നഗരിയായ കോടമ്പാക്കത്തേക്ക്. നരവീണ കെട്ടിടങ്ങളും കുടിലുകളും കൊണ്ട് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലം, കോടമ്പാക്കം.
-കട്ട്-


സീന്‍ രണ്ട്

ഫ്ലാഷ് ബാക്ക്
പഴയ കോടമ്പാക്കം

FILEFILE
മലയാള സിനിമയുടെ രസതന്ത്രം രൂപപെടുന്നത് ഇവിടെ നിന്നാണ്. 1928 ല്‍ പുറത്തിറത്തിറങ്ങിയ വിഗത കുമാരനില്‍ നിന്നും 50കള്‍ക്ക് ശേഷമുള്ള പ്രൌഢിയിലേക്ക് മലയാള സിനിമയ്ക്ക് അസ്ഥിവാരം ഒരുക്കിയത് ചെന്നൈ നഗരവും അവിടെയുള്ള കോടമ്പാക്കവുമാണ്. ആ കാലഘട്ടത്തില്‍ ചെന്നൈയിലേക്കും കോടമ്പാക്കത്തേക്കും അവസരങ്ങള്‍ തേടി എത്തിയ ചെറുപ്പക്കാ‍രാണ് മലയാള സിനിമയുടെ തലക്കുറി മാറ്റി വരച്ചത്.

വമ്പന്‍ സ്റ്റുഡിയോകള്‍ കേന്ദ്രീകരിച്ചുള്ള ഇന്‍ഡോര്‍ ഷൂട്ടിംഗുകളുടെ സുവര്‍ണ്ണകാലം. എ വി എം, വിജയവാഹിനി തുടങ്ങി എല്ലാ സൌകര്യങ്ങളുമുള്ള സ്റ്റുഡിയോകള്‍. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകള്‍ ഇടതടവില്ലാതെ ഈ സ്റ്റുഡിയോകളില്‍ ചിത്രീകരിച്ചുകൊണ്ടിരുന്നു. അതു കൊണ്ടു തന്നെ അന്നത്തെ സൂപ്പര്‍ താരങ്ങള്‍ പലരും തങ്ങിയത് ചെന്നൈയിലാണ്.

കോടമ്പാക്കത്തെ മഹാലിംഗപുരവും പരിസരവും അന്ന് സിനിമാ സ്വപ്നങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. അവിടത്തെ കാറ്റില്‍ മുഴുവന്‍ സിനിമാക്കഥകളായിരുന്നു. ഈ കഥകള്‍ സിനിമാ പ്രസിദ്ധീകരണങ്ങളിലെ താളുകളിലെ അച്ചടിമഷിയില്‍ ഐതിഹ്യങ്ങളായി, വീരകഥകളായി വാരാവാരം മലയാളികളെ തേടിയെത്തിയിരുന്നു.

താരങ്ങളുടെ വര്‍ണ്ണപ്പൊലിമ സിനിമാ പ്രസിദ്ധീകരണങ്ങളിലൂടെ അറിഞ്ഞ് അവസരങ്ങള്‍ തേടിയെത്തുന്നവര്‍, താരാരാധന മൂത്ത് ദൂരദേശങ്ങളില്‍ നിന്നും വാഹനങ്ങളില്‍ പ്രിയ താരത്തെ ഒരു നോക്കു കാണാന്‍ എത്തുന്നവര്‍.... എല്ലാവരും ഇവിടത്തെ സ്വപ്നസുഗന്ധമുള്ള കാറ്റേറ്റ് പാതയോരങ്ങളില്‍ അന്തിയുറങ്ങി.

സിനിമാക്കാരാവാന്‍ ഇവിടെയെത്തി, പരാജയമേറ്റുവാങ്ങി വ്യത്യസ്ത ഉപജീവനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയവര്‍ അനവധി. പത്മിനി - രാഗിണിമാരെപ്പോലെയാവാന്‍ കുടുംബം വിട്ടിറങ്ങി, കോടമ്പാക്കം സ്വൈരിണികളാവാന്‍ വിധിക്കപ്പെട്ടവരുടെ കണ്ണീരും വിയര്‍പ്പും ഇപ്പോഴും ഇവിടത്തെ കാറ്റിനുണ്ട്. എങ്കിലും പ്രതിഭയുള്ളവര്‍ കരകയറുക തന്നെ ചെയ്തു. മലയാള സിനിമയിലെ താരകങ്ങളായി ഉദിച്ചുയര്‍ന്ന് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ചിലരുടെ ഓര്‍മ്മകള്‍ നമുക്ക് തിരയാം.
-കട്ട്-

സീന്‍ മൂന്ന്
പുതിയ കോടമ്പാക്കം.
പകല്‍

ഇത് പുതിയ കോടമ്പാക്കം. ആകെ മാറിയിരിക്കുന്നു ഈ നഗരം‍. പഴയ ഓര്‍മ്മയുടെ തിരുശേഷിപ്പുകള്‍ പലതും കോണ്‍ക്രീറ്റ് വനങ്ങള്‍ കൈയേറിയിരിക്കുന്നു. താരങ്ങള്‍ പലരും കൂടൊഴിഞ്ഞിരിക്കുന്നു. മലയാള സിനിമയാവട്ടെ, അതിന്റെ തറവാട് കേരളത്തിലേക്ക് മാറ്റിയിരിക്കുന്നു. എങ്കിലും ഇന്നും ചെന്നൈയില്‍ എത്തുന്ന മലയാളി ആദരവോടെ, ഒട്ടൊരു അത്ഭുതത്തോടെ, പഴയ താരങ്ങളുടെ ഓര്‍മ്മകള്‍ ഉറങ്ങിക്കിടക്കുന്ന ഇടങ്ങളിലൂടെ സഞ്ചരിക്കാറുണ്ട്. ഓര്‍മ്മകളിലൂടെ ഓരോരുത്തരെയായി നമുക്ക് വീണ്ടെടുക്കാന്‍ ശ്രമിക്കാം.

സീന്‍ നാല്
പ്രേംനസീറിന്‍റെ വീട്

FILEFILE
ചിറയിന്‍‌കീഴില്‍ നിന്ന് കോടമ്പാക്കത്തെത്തി നിത്യഹരിത നായകനായി മാറിയ അബ്ദുള്‍ ഖാദറിനെ മലയാളികള്‍ ഒരുപക്ഷേ അറിയില്ല. എന്നാല്‍ പ്രേം‌നസീറിനെ അറിയാത്തവര്‍ ഉണ്ടാവില്ല. ചെന്നൈ രണ്ടുകയ്യും നീട്ടി സ്വീകരിച്ച് വളര്‍ത്തി വലുതാക്കിയ നസീറിനെപ്പറ്റി തന്നെയാവട്ടെ ആദ്യത്തെയോര്‍മ്മ.

തെലുങ്കില്‍ എന്‍ ടി ആറും തമിഴില്‍ ശിവാജി - എം ജി ആര്‍ ദ്വയവും കന്നഡയില്‍ രാജ്കുമാറും തിളങ്ങിനിന്ന ആ സുവര്‍ണ്ണകാലം. ഈ സുവര്‍ണ്ണകാലത്ത് മലയാളത്തെ പ്രതിനിധീകരിച്ചത് നിത്യഹരിതനായകനായ പ്രേം‌നസീറായിരുന്നു. ഒരു അഹങ്കാരവുമില്ലാതെ ഈ സൂപ്പര്‍ താരങ്ങള്‍ ചിത്രീകരണത്തിന് ഊഴവും കാത്ത് എ വി എമ്മിലും മെറിലാന്‍റിലും സൊറ പറഞ്ഞിരുന്നിരുന്നത് ഇന്നും പഴമക്കാര്‍ ഓര്‍ക്കുന്നു.

മഹാലിംഗപുരത്താണ് പ്രേംനസീര്‍ താമസിച്ചിരുന്നത്. ചെന്നൈയിലെ മലയാളികള്‍ക്ക് മഹാലിംഗപുരം ഇന്ന് ഏറെ സുപരിചിതമാകുന്നത് ഇവിടുത്തെ അയ്യപ്പക്ഷേത്രത്തിലൂടെയും അവിടെ ഗാനഗന്ധര്‍വ്വന്‍ വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കച്ചേരിയിലൂടെയുമാണ്. നസീര്‍ താമസിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന്‍റെ വീട്ടിലേക്കുള്ള വഴിയൊക്കെയും ആരാധരെ കൊണ്ട് നിറയുമായിരുന്നു. സ്ക്രീനില്‍ ആടിപ്പാടിയ റൊമാന്‍റിക് ഹീറോയെ തേടി നാട്ടില്‍ നിന്ന് വണ്ടി പിടിച്ച് കാത്തു കെട്ടിക്കിടന്നവര്‍ ഉണ്ട്. താരത്തെ ഒരു നോക്കു കാണാന്‍.

മലയാളികളോട് പ്രത്യേക മമത നസീര്‍ പുലര്‍ത്തിയിരുന്നു. സഹായം അഭ്യര്‍ഥിച്ചെത്തിയിരുന്നവരെ അദ്ദേഹം ഒരിക്കലും വെറും കൈയ്യോടെ മടക്കി അയച്ചില്ല. അവസരം തേടി കാണാന്‍ എത്തിയവര്‍ക്ക് നസീറിന്‍റെ വക 100 രൂപ ഉറപ്പായിരുന്നു എന്ന് പഴയ ആളുകള്‍ പറയുന്നു. മറ്റൊന്നിനുമല്ല. തിരിച്ചു നാട്ടിലേക്ക് ട്രെയിന്‍ കയറാന്‍ ഉപദേശിച്ചാ‍ണ് 100 രൂപ നസീര്‍ നല്‍കുക.

താരരാജാവായിരുന്നു നസീര്‍‍. ഒരൊറ്റ വര്‍ഷത്തില്‍ (1979ല്‍) 39 സിനിമകളില്‍ നായകനായി അഭിനയിച്ച് റെക്കോര്‍ഡിട്ടിട്ടുണ്ട് ഈ പ്രതിഭ. “മരുമകള്‍” എന്ന സിനിമയില്‍ തുടങ്ങിയ ഈ താരജീവിതം “ധ്വനി”യില്‍ അവസാനിച്ചപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് എഴുന്നൂറിലധികം സിനിമകളാണ്.

മലയാള സിനിമയിലെ ഒട്ടേറെ പ്രമുഖര്‍ നസീറിന്‍റെ അയല്‍‌വാസികളായിരുന്നു. സീമ, ശാരദ, മാധവി, കെ ആര്‍ വിജയ, വഞ്ചിയൂര്‍ രാധ, നിര്‍മ്മാവ് പുന്നൂസ്, സംവിധായകന്‍ മോഹന്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.

ഒരേ നായികയുമൊത്ത് ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചതിന് ഗിന്നസ് ബുക്ക് റെക്കോഡ് വരെയിട്ട ഈ താരത്തിന്‍റെ വീട് കാലം മായ്ച്ചു കളഞ്ഞിരിക്കുന്നു. വീട് ഇടിച്ച് നിരത്തിയിട്ട് ഏതാണ്ട് രണ്ട് മാസമാകുന്നു. ഇപ്പോള്‍ ഇവിടെ കോണ്‍ക്രീറ്റ് തൂണുകള്‍ ഉയര്‍ന്നിരിക്കുന്നു. പഴയ മതില്‍ കെട്ടിനുള്ളില്‍ ഒരു ബോര്‍ഡ് ഉയര്‍ന്നിട്ടുണ്ട്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു “രജനീസ് പ്രേംനസീര്‍ ഡൊമെയിന്‍”!

പഴയ താര ചക്രവര്‍ത്തിയുടെ സ്മാരകമായി സംരക്ഷിക്കേണ്ട വീട് ഇടിച്ചു നിരത്തിയതില്‍ പല ആരാധകരും രോഷം കൊള്ളുന്നുണ്ടാവണം.
-കട്ട്-

സീന്‍ അഞ്ച്
പകല്‍
യാത്രയിലാണ് നമ്മള്‍

FILEFILE
ജെമിനി ഫ്ലൈഓവറില്‍ നിന്ന് നുങ്കമ്പാക്കം പോവുന്ന വഴിയില്‍ ഇടതുവശത്തേക്കുള്ള ആദ്യ തിരിവിന് പൌരുഷഭാവമാണുള്ളത്. മലയാള സിനിമയില്‍ പുരുഷസൌന്ദര്യത്തിന്‍റെ പ്രതീകമായി വാഴ്ത്തപ്പെടുന്ന ഒരുതാരവുമായി ബന്ധപ്പെടുത്തുമ്പോഴാണ് ഈ റോഡിന് പൌരുഷഭാവം ലഭിക്കുന്നത്. ആരാണാ താരം, എന്താണാ ബന്ധം?
-കട്ട്-

സീന്‍ - ആറ്‌
ഹോട്ടല്‍ പാംഗ്രോവ്
പകല്‍

മദിരാശിപ്പട്ടണത്തിന്‍റെ പഴയ പൊലിമയുടെ ഓര്‍മ്മകളുമായി പുതിയ രുചികള്‍ക്ക് ജീവന്‍ നല്‍കുന്ന പാം‌ഗ്രൂവ് ഹോട്ടല്‍. മലയാളത്തിന്‍റെ ആദ്യത്തെ ആക്ഷന്‍ ഹീറോ ജയന്‍ ചെന്നൈയില്‍ ഉണ്ടെങ്കില്‍ സ്ഥിരമായി തങ്ങിയിരുന്നത് ഈ ഹോട്ടലില്‍ ആയിരുന്നു. പാം‌ഗ്രൂവ് ഹോട്ടല്‍ അക്കാലത്തെ പല സിനിമാപ്രവര്‍ത്തകരുടെയും ഇഷ്ട സ്ഥലമായിരുന്നു. പലര്‍ക്കും ഇവിടെ സ്ഥിരം മുറികള്‍ ഉണ്ടായിരുന്നു. (സിനിമാജീവിതത്തിന്‍റെ ആദ്യകാലത്ത് നാലരവര്‍ഷക്കാലത്തോളം പാം‌ഗ്രൂവ് ഹോട്ടലിലെ റൂം നമ്പര്‍ 504 ലാണ് താമസിച്ചതെന്ന് അടുത്തിടെ പ്രിയദര്‍ശന്‍ വെളിപ്പെടുത്തുകയുണ്ടായി.)

FILEFILE
1940ല്‍ കൊല്ലത്ത് ജനിച്ച കൃഷ്ണന്‍ നായരാണ് പിന്നീട് ജയന്‍ എന്ന പേരില്‍ സിനിമയിലെത്തിയത്. മലയാളത്തിന്‍റെ ആക്ഷന്‍ സിനിമാ സങ്കല്‍പ്പങ്ങളെ അട്ടിമറിച്ച നടനാണ് ജയന്‍‍. നേവി ഓഫീസറായിരിക്കേയാണ് സിനിമ സ്വപ്നങ്ങളിലേക്ക് ജയന്‍ ചേക്കേറുന്നത്. ചെറിയ ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ ജയന്‍ പിന്നീട് സിനിമാ സമവാക്യങ്ങള്‍ മാറ്റിയെഴുതി.

ജയന്‍ സ്ഥിരമായി താമസിച്ചിരുന്നത് റൂം നമ്പര്‍ 107 അല്ലെങ്കില്‍ 108ലാണ്. താമസിച്ചിരുന്ന മുറി മറ്റാര്‍ക്കും കൊടുക്കുന്നത് ജയന് ഇഷ്ടമായിരുന്നില്ല. മാസ വാടക നല്‍കി അദ്ദേഹം അത് സ്വന്തമാക്കി വച്ചിരിക്കുകയാരുന്നു എന്ന് പഴയ സിനിമ പ്രവര്‍ത്തകരില്‍ ചിലര്‍ ഓര്‍ക്കുന്നു. സിനിമയില്‍ നിന്ന് ഒന്നും സമ്പാദിക്കാത്ത ആളാണ് ജയന്‍. പാംഗ്രോവിലെത്തുമ്പോള്‍ ജയന്‍റെ കൈയില്‍ ഒരു സ്യൂട്ട്കേസ് ഉണ്ടായിരിക്കും. ഈ പണപ്പെട്ടി ഹോട്ടല്‍ വിടുമ്പോഴേക്കും കാലിയായിരിക്കും. ജീവിതം ആസ്വദിക്കാനുള്ളതാണ് എന്നായിരുന്നു ജയന്‍റെ തത്വശാസ്ത്രം.

സാഹസികതയോടുള്ള അതിപ്രണയമാണ് ജയനെ മരണത്തില്‍ എത്തിച്ചത്. കോളിളക്കം എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സ് സീനിലെ സാഹസിക ചിത്രീകരണത്തിനിടെ ബാലന്‍സ് തെറ്റി തറയിലിടിച്ച ഹെലികോപ്റ്ററിന്‍റെ അടിയില്‍ പെടുകയായിരുന്നു ജയന്‍. മലയാള സിനിമ ഇന്നോളം കണ്ട പുരുഷസൌന്ദര്യത്തിന് ഉടമയായ ഈ താരത്തിന്‍റെ നെറ്റിയുടെ ഒരു ഭാഗവും ഒരു കണ്ണും സംഭവസ്ഥലത്ത് വെച്ചുതന്നെ തകര്‍ന്നിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഷൂട്ടിംഗും കഴിഞ്ഞ് സ്യൂട്ട്‌കേസും തൂക്കി വരാറുള്ള ജയനെ പ്രതീക്ഷിച്ചുനിന്ന പാം‌ഗ്രൂവ് ഹോട്ടലിലെ ജീവനക്കാര്‍ക്ക് ജയന്‍റെ മരണവാര്‍ത്ത വിശ്വസിക്കാനായില്ല. അവര്‍ വാവിട്ടുകരഞ്ഞു.

ജീവിതാനന്ദങ്ങളില്‍ മുഴുകിനടന്നിരുന്ന ജയന് സ്വന്തമായി ബാങ്ക് അക്കൌണ്ട് ഉണ്ടായിരുന്നോ എന്നുതന്നെ ആര്‍ക്കും അറിയില്ല. ആവശ്യമുള്ള പണം സ്വന്തം കൈയില്‍ സൂക്ഷിക്കുന്നതായിരുന്നു പതിവ്. പഴയ സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. ജീവിതം ആനന്ദകരവും സാഹസികവുമായ ആഘോഷമാക്കിയ ജയന്‍റെ ഓര്‍മ്മകള്‍ പാം‌ഗ്രൂവില്‍ ഉണ്ടാകാം. പാം‌ഗ്രൂവിലെ ആ പഴയ ജയന്‍ മുറിക്ക് എത്രയെത്ര രഹസ്യങ്ങള്‍ പറയാന്‍ കാണും?


സീന്‍ - - ഏഴ്
മഹാലിംഗപുരം
പകല്‍

FILEFILE
പ്രണയവും പ്രണയനൈരാശ്യവും വിവാഹവും വിവാഹമോചനവും ഭക്തിയും ജീവിതാഘോഷവും..... ഒരായുസ്സില്‍ ഒതുങ്ങാവുന്നതിലും കൂടുതല്‍ അനുഭവിച്ച്, ആസ്വദിച്ച് അങ്ങനെ മണ്‍‌മറഞ്ഞുപോയ ഒരു നായിക നമുക്കുണ്ട്. അഭിനയചക്രവര്‍ത്തിയായ കമലാഹാസന്റെ പ്രണയം ഏറ്റുവാങ്ങിയവള്‍, മലയാളത്തിന്റെ പ്രിയപ്പെട്ട കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആരാധനാമൂര്‍ത്തി. മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തിന് അടുത്തുള്ള ഈ വീട്ടിലേക്കൊന്ന് എത്തിനോക്കാം.


സീന്‍ - എട്ട്
ശ്രീവിദ്യയുടെ വീട്
പകല്‍

പുറത്ത് തണല്‍ പരത്തി നില്‍ക്കുന്ന ഈ മരത്തിന് താഴെ നിന്ന് ഒന്ന് കാതോര്‍ക്കൂ. നെടുവീര്‍പ്പുകളുടെ ഇടതടവില്ലാത്ത പ്രവാഹം കേള്‍ക്കാനാവുന്നുണ്ടോ? ഒട്ടുമിക്ക തെന്നിന്ത്യന്‍ ഭാഷകളിലും നായികയായും അമ്മയായും അഭിനയിച്ച ശ്രീവിദ്യയുടെ വീടായിരുന്നു ഇത്.

ഒരു താരമായി പേരെടുക്കുന്ന സമയത്ത് ശ്രീവിദ്യ താമസിച്ചിരുന്നത്. ഇതിനടുത്തുതന്നെ ഒരു ഗസ്റ്റ് ഹൌസും ശ്രീവിദ്യയ്ക്ക് സ്വന്തമായി ഉണ്ടായിരുന്നു. നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളൊക്കെ ഇവിടെ ഉപേക്ഷിച്ച്, സായിഭക്തയായി തിരുവനന്തപുരത്തേക്ക് ശ്രീവിദ്യ ചേക്കേറിയ കഥ നമുക്കറിയാം.

FILEFILE
തിരുവിളയാടല്‍ എന്ന തമിഴ് ചിത്രത്തിലൂടെ പതിമൂന്നാം വയസില്‍ അഭിനയ രംഗത്തെത്തിയ ശ്രീവിദ്യ പിന്നീട് മലയാളത്തിന്റെ ശ്രീത്വമുള്ള മുഖമായി മാറുകയായിരുന്നു. എം‌എല്‍ വസന്തകുമാരിയുടെ മകള്‍ക്ക് കലയോടുള്ള താല്പര്യം ജന്മസിദ്ധം. 80 കളില്‍ മലയാ‍ളത്തില്‍ ശ്രീവിദ്യയ്ക്ക് വെല്ലുവിളികള്‍ ഇല്ലാത്ത താരമായിരുന്നു. കുടുംബിനിയുടെ വേഷത്തില്‍ ശ്രീവിദ്യയെ അല്ലാതെ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ മലയാളിക്ക് കഴിയുമായിരുന്നില്ല.

തമിഴ് ഹാസ്യനടന്‍ കൃഷ്ണമൂര്‍ത്തിയുടേയും സംഗീതജ്ഞ എം.എല്‍ വസന്തകുമാരിയുടേയും മകളായി 1953 ജൂലൈയിലാണ് ശ്രീവിദ്യ ജനിച്ചത്. മെട്രിക്കുലേഷനോടെ പഠനം അവസാനിപ്പിച്ചു. അഞ്ചു വയസുമുതല്‍ ഭരതനാട്യവും സംഗീതവും അഭ്യസിച്ച ശ്രീവിദ്യ പതിമൂന്നാം വയസില്‍ തിരുവരുള്‍ ചൊല്‍‌വര്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് സിനിമയിലെത്തി. സിനിമയില്‍ തിളങ്ങുന്നതിനിടേയും അച്ഛനും അമ്മയും തമ്മിലുള്ള കലഹം ശ്രീവിദ്യയെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു.

ഇതിനിടെ അമേരിക്കയില്‍ ശാസ്ത്രജ്ഞനായ ഒരാളില്‍ നിന്ന് വിവാഹാലോചന വന്നെങ്കിലും ലക്ഷങ്ങള്‍ കടമുണ്ടെന്ന കണക്ക് വെളിപ്പെടുത്തിക്കൊണ്ട് വിവാഹത്തിന് അമ്മ തടസം നിന്നു. ഈ ബാധ്യതകള്‍ ഒതുക്കി മൂന്നുവര്‍ഷത്തിനു ശേഷം വിവാഹിതരാകാമെന്നു പറഞ്ഞെങ്കിലും ശാസ്ത്രജ്ഞന് സമ്മതമായിരുന്നില്ല. പിന്നീട് കമലഹാസനുമായുള്ള പ്രണയവും പരാജയത്തിലായി. 1978 ല്‍ സിനിമാനിര്‍മാതാവ് ജോര്‍ജ് തോമസിനെ വിവാഹം കഴിച്ചെങ്കിലും അസ്വാരസ്യങ്ങള്‍ മൂലം 1999 ല്‍ വിവാഹമോചനം നേടി.

ശ്രീവിദ്യ മരിച്ചിട്ട് ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു. ഇപ്പൊഴും ഓര്‍മ്മയുടെ നിറമുള്ള സ്മാരകമായി ആ വീട് അവിടെയുണ്ട്. അതുവഴി കട്ന്നു പോകുന്ന ആരാധകര്‍ പുതിയ തലമുറയ്ക്ക് കാണിച്ചു തരും ഇതാണ് ശ്രീവിദ്യ താമസിച്ചിരുന്ന വീടെന്ന്.

ബാബുമോന്‍, ഹൃദയം ഒരു ക്ഷേത്രം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, രാജഹംസം, എന്റെ സൂര്യപുത്രിക്ക്, നക്ഷത്രതാരാട്ട് തുടങ്ങി 850 ല്‍ ഏറെ ചിത്രങ്ങളില്‍ അഭിനയിച്ച ശ്രീവിദ്യ സ്വപ്നം, മേഘം തുടങ്ങിയ സീരിയലുകളിലും മികച്ച അഭിനയം കാഴ്ച വച്ചു. മലയാളം, തമിഴ്, കന്നട, ഹിന്ദി തുടങ്ങി ആറു ഭാഷകളില്‍ അഭിനയിച്ചതിനൊപ്പം ചില സിനിമകളില്‍ പാടുകയും ചെയ്തു. മരണം വേര്‍പെടുത്തിയെങ്കിലും മലയാളി മനസുകള്‍ മികവാര്‍ന്ന അഭിനയത്തിന്റെ കറതീര്‍ന്ന സ്വരൂപമായി ശ്രീവിദ്യ ഇന്നും ജീവിക്കുകയാണ്. അല്ലെങ്കിലും ആ വശ്യസൌന്ദര്യത്തേയും അഭിനയത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങളെയും ആര്‍ക്കാണ് മറക്കാന്‍ കഴിയുക?



സീന്‍ - ഒന്‍‌പത്
ആള്‍വാര്‍ തിരുനഗര്‍
പകല്‍

FILEFILE
ഇത് ആള്‍‌വാര്‍ തിരുനഗര്‍. തമിഴകത്തെ പാണന്മാരായ ആഴ്വാക്കന്മാരില്‍ നിന്നാണ് ആള്‍‌വാര്‍ എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചത്. ഭക്തിയിലൂടെ ഈശ്വരനെ ഭരിക്കുന്നവന്‍ എന്നാണ് “ആള്‍വാര്‍” എന്ന പദത്തിന്റെ അര്‍ത്ഥം. സംഗീതത്തിലൂടെ കേരളത്തെ ഭരിച്ച ഒരാള്‍ ഈ സ്ഥലത്ത് താമസിച്ചിരുന്നു. നൂറ്റമ്പത്തോളം ചലച്ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന് കേരളക്കരയെ സംഗീതമയമാക്കിയ ഒരാള്‍.

സീന്‍ - പത്ത്
രവീന്ദ്രന്‍റെ വീട്
പകല്‍

ആള്‍വാര്‍ തിരുനഗറില്‍ ഇന്ദിരാഗാന്ധി സ്‌ട്രീറ്റിലെ ഈ വീട്ടിലാണ് മലയാള സിനിമാ സംഗീതത്തില്‍ സമാനതകളില്ലാത്ത രാജാവായിരുന്ന രവീന്ദ്രന്‍ താമസിച്ചിരുന്നത്‍.

ആദ്യകാലങ്ങളില്‍ സിനിമാവട്ടാരങ്ങളില്‍ അറിയപ്പെട്ടിരുന്ന പേര് കുളത്തൂപ്പുഴ രവി. ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി ചെന്നൈയില്‍ എത്തി. പിന്നീട് ഗായകനും തുടര്‍ന്ന് സംഗീത സംവിധായകനായും മാറി. മുപ്പതോളം സിനിമകളില്‍ രവീന്ദ്രന്‍ പാടിയിട്ടുണ്ട്. ഗായകന്‍ എന്ന നിലയില്‍ നിന്ന് രവീന്ദ്രനെ സംഗീതസംവിധാനത്തിലേക്ക് തിരിച്ചുവിട്ടത് യേശുദാസാണ്. ക്ലാസിക്കല്‍ ടച്ചുള്ള ഒട്ടേറെ ഗാനങ്ങള്‍ മലയാളത്തിന് നല്‍കി രവീന്ദ്രന്‍ വിടവാങ്ങിയത് 2006 ലാണ്.

ഇന്ദിരാഗാന്ധി സ്‌ട്രീറ്റിലെ വീട്ടിലിരുന്നാണ് രവീന്ദ്രന്‍ ആദ്യകാലങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചത്. വീടിന്‍റെ താഴത്തെ നിലയില്‍ താ‍മസിക്കുകയും മുകളിലെ നില സ്റ്റുഡിയോ ആയി ഉപയോഗിക്കുകയുമായിരുന്നു അദ്ദേഹം. ‘തായ്നാദം‘ എന്നായിരുന്നു ഇതിന് പേര്. രവീന്ദ്രന്‍റെ ആദ്യകാല ഹിറ്റുകള്‍ പലതും ഇവിടെയാണ് പിറവി കൊണ്ടത്.

ഈ വീട് പിന്നീട് അദ്ദേഹം വില്‍ക്കുകയായിരുന്നു. മലയാള സിനിമ കേരളത്തിലേക്ക് പോയതോടെ ചെന്നൈയിലെ താമസത്തിന് പ്രസക്തിയില്ലെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം.

80 കളില്‍ ഹിറ്റായ നിരവധി രവീന്ദ്ര ഗാനങ്ങള്‍ ഇപ്പോഴും മലയാളികളുടെ മനസിലുണ്ട്. തേനും വയമ്പും..., ഒറ്റക്കമ്പീ നാദം... തുടങ്ങി എത്രയെത്ര ഗാനങ്ങള്‍ ആ വീടിന്‍റെ അകത്തളില്‍ നിന്ന് നമ്മില്‍ സാന്ദ്രമധുരമായ് പതിയുകയും ചെയ്തിട്ടുണ്ട്.

ആത്മാവിനെ തൊട്ടുണര്‍ത്തുന്ന മെലഡികളാണ് രവീന്ദ്രന്‍ നല്‍കിയത്. ദേശീയ അവാര്‍ഡും സംസ്ഥാന പുരസ്കാരങ്ങളും ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള രവീന്ദ്രന്‍ നൂറ്റമ്പതിലധികം ചിത്രങ്ങളിലായി എണ്ണൂറോളം ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കി.

സീന്‍ - പതിനൊന്ന്
ദേവരാജന്‍റെ വീട്
പകല്‍

FILEFILE
നുങ്കമ്പാക്കത്തെ കാംദാര്‍ നഗറിലാണ് സംഗീതത്തിന്‍റെ ഒരു സര്‍വകലാശാലയായിരുന്ന ദേവരാജന്‍ താമസിച്ചിരുന്നത്. ഈ തെരുവ് മലയാളി ഒരിക്കലും മറന്നു കൂടാത്തതാണ്. കാംദാര്‍ നഗറിലെ വീട്ടില്‍ നിന്നാണ് മലയാള സംഗീതം ദേവരാജസ്പര്‍ശത്തിലൂടെ അന്യഭാഷാ സംഗീതത്തിന്‍റെ സ്വാധീനത്തില്‍ നിന്ന് മുക്തമാകുന്നത്. ദേവരാജ സ്മൃതികളുണര്‍ത്തുന്ന ചെന്നൈയിലെ വീട്ടില്‍ അദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും താമസിക്കുന്നുണ്ട്.

കൊല്ലത്തിനടുത്തുള്ള പറവൂരില്‍ ജനിച്ച ദേവരാജന്‍ നാടകങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. പറവൂര്‍ ജി ദേവരാജന്‍ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കാലം മാറുന്നു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്.

1955ല്‍ മലയാള സിനിമാസംഗീത രംഗത്ത് പ്രവേശിച്ചതുമുതല്‍ കാംദാറിലെ വീട് ആരാധകരെയും സംഗീത ആസ്വാദകരെയും കൊണ്ട് നിറഞ്ഞിരുന്നു. ഒട്ടേറെപ്പേര്‍ക്ക് ദേവരാജന്‍ അരങ്ങൊരുക്കുകയുംചെയ്തു.

FILEFILE
ദേവരാജന്‍റെ കീഴില്‍ പഠിച്ചിറങ്ങിയവര്‍ പില്‍ക്കാലത്ത് സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാല്‍ മാത്രം മതി ആ ഗുരുവിന്‍റെ പ്രതിഭാവിലാസം അറിയാന്‍. യേശുദാസും ജയചന്ദ്രനും എല്ലാം പ്രശ്സ്തിയിലേക്ക് ഉയരുന്നത് ദേവരാജ സംഗീതത്തിലൂടെയാണ്. ദേവരാജന്‍റെ കൂടെ വയലിനിസ്റ്റായി നിന്നയാളാണ് ഇളയരാജ. ദേവരാജന്‍റെ മറ്റൊരു സഹായിയായ ജോണ്‍സണും പിന്നീട് മലയാളത്തില്‍ ശ്രദ്ധേയനായി.

മലയാള സിനിമാ സംഗീതത്തില്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ രാഗങ്ങള്‍ പ്രയോഗിച്ചിട്ടുള്ളത് ദേവരാജനായിരിക്കും. വയലാര്‍ - ദേവരാജന്‍ കൂട്ടുകെട്ട് മലയാളത്തിന് നന്മയുള്ള ഒട്ടെറെ ഗാനങ്ങള്‍ മലയാളത്തിന് നല്‍കി. പില്‍ക്കാലത്ത് വയലാറിന്‍റെ മകന്‍ ശരത്ചന്ദ്രവര്‍മ്മ ഗാനരചയിതാവായി മാറി. ശരത്തിന്‍റെ ആദ്യ ചിത്രമായ ‘എന്‍റെ പൊന്നു തമ്പുരാ’നും ഈണം നല്‍കിയത് ദേവരാജനായിരുന്നു എന്നത് ദൈവീകമായ ഒരു യാദൃശ്ചികത.
-കട്ട്-






സീന്‍ - പന്ത്രണ്ട്
ബഹദൂറിന്‍റെ വീട്

FILEFILE
ഭാസി - ബഹദൂര്‍ കൂട്ടുകെട്ട് മലയാള സിനിമയെ അടക്കിവാണ ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് മദിരാശിയില്‍ ബഹദൂര്‍ താമസിച്ചിരുന്നത് നുങ്കമ്പാക്കത്താണ്. നുങ്കമ്പാക്കത്തെ ‘റുക്കിയ മന്‍സില്‍‘ എന്ന വീട്ടിലെ മതിലില്‍ ഇപ്പോഴും പി കെ ബഹദൂര്‍ എന്ന പേരുണ്ട്. മതിലിലെ അക്ഷരങ്ങളില്‍ നിന്ന് ‘പി‘ എന്ന അക്ഷരം മാഞ്ഞു പോകാന്‍ തുടങ്ങിയിരിക്കുന്നു. നിശബ്ദമായ ഒരു ചിരി അവിടെ ഇപ്പോഴും തങ്ങിനില്‍ക്കുന്നതു പോലെ. ബഹദൂര്‍ എന്ന നിഷ്കളങ്കനായ മനുഷ്യന്‍റെ സാന്നിധ്യം അവിടത്തെ കാറ്റില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.

1935ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ച പി കെ കുഞ്ഞാലിയാണ് പിന്നീട് മലയാള സിനിമയിലെ ചിരിയുടെ തമ്പുരാനായ ബഹദൂറായി മാറിയത്. തമിഴിലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി ബഹദൂറിനെ ബന്ധിപ്പിക്കുന്ന ഒരു സംഗതിയുണ്ട്. രജനിയെപ്പോലെ ആദ്യകാലത്ത് ബഹദൂറും ഒരു പ്രൈവറ്റ് ബസ് കണ്ടക്ടറായിരുന്നു. മദിരാശി പട്ടണവും കേരളവും ബഹദൂറിന് ഏറ്റവും ഇഷ്ടമുള്ള ദേശങ്ങളായിരുന്നു.

സിനിമയില്‍ സജീവമായിരുന്ന കാലത്ത് ജീവിച്ചത് എറെയും മദിരാശിയിലായിരുന്നെങ്കില്‍ കെ സി ലാബ് എന്ന പേരിലൊരു പ്രോസസിംഗ് സ്റ്റുഡിയോ തുടങ്ങിയത് തിരുവനന്തപുരത്തായിരുന്നു. സിനിമ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ഒക്കെ ചെയ്തിരുന്നെങ്കിലും അവയിലൊക്കെ പരാജയമായിരുന്നു ബഹദൂറിന് വിധിച്ചിരുന്നത്.

FILEFILE
ചിത്രമേള, കടല്‍പ്പാലം, സി ഐ ഡി നസീര്‍, വാഴ്‌വേ മായം, അഗ്നിപുത്രി, പണിതീരാത്ത വീട്, രതിനിര്‍വേദം, ആരവം, പാളങ്ങള്‍, കുറുക്കന്‍റെ കല്യാണം, അപ്പുണ്ണി, അടിയൊഴുക്കുകള്‍, കാതോട് കാതോരം, രേവതിക്കൊരു പാവക്കുട്ടി, നാരദന്‍ കേരളത്തില്‍, സ്ഫടികം തുടങ്ങിയവയാണ് ബഹദൂറിന്‍റെ പ്രധാന ചിത്രങ്ങള്‍. അവസാന ചിത്രം ലോഹിതദാസ് സംവിധാനം ചെയ്ത ‘ജോക്കര്‍’ ആയിരുന്നു.

“ജോക്കര്‍ കരയാന്‍ പാടില്ല. കരച്ചില്‍ വന്നാലും ഉച്ചത്തില്‍ ഉച്ചത്തില്‍ ചിരിക്കണം. ചിരിപ്പിക്കാന്‍ വേണ്ടി കരഞ്ഞോ” എന്ന് അവസാന ചിത്രത്തില്‍ ബഹദൂര്‍ പറയുന്നത് മലയാളികളുടെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നു.

-കട്ട്-





സീന്‍ - പതിമൂന്ന്
സായന്തനം
മീനമ്പാക്കം എയര്‍പോര്‍ട്ട്

പുതിയ എക്കോണമിയുടെ ഇരമ്പല്‍ കേള്‍ക്കുന്നില്ലേ? നമ്മളിപ്പോള്‍ മീനമ്പാക്കം എയര്‍പോര്‍ട്ടിലാണ്. പഴയ മദിരാശി റെയില്‍‌വേ സ്റ്റേഷനൊന്നും ഇപ്പോള്‍ താരങ്ങള്‍ക്കെന്നല്ല, അതാവശ്യം വരുമാനമുള്ള മലയാളികള്‍ക്കാര്‍ക്കും വേണ്ട. രണ്ട് മണിക്കൂര്‍ കൊണ്ട് കൊച്ചിയിലും തിരുവനന്തപുരത്തും എത്താമെന്നിരിക്കെ, പകുതിയിലേറെ ദിവസം മടുപ്പിക്കുന്ന യാത്ര പ്രദാനം ചെയ്യുന്ന ട്രെയിനുകള്‍ ആര്‍ക്കുവേണം? എയര്‍പ്പോര്‍ട്ടില്‍ മുഴുവന്‍ മലയാളി മുഖങ്ങള്‍. ഓണത്തിന് നാട്ടില്‍ പോവുന്നവര്‍. പെട്ടിയിലാക്കിയ റീലുകളില്‍ നിന്ന് ഡിജിറ്റലായി സിനിമ തീയേറ്ററുകളിലേക്ക് ഒഴുകിയെത്തുന്ന കാലമാണിത്. മദിരാശി സെന്‍‌ട്രല്‍ സ്റ്റേഷനില്‍ നിന്ന് മീനമ്പാക്കം എയര്‍പോര്‍ട്ടിലേക്ക് നമ്മുടെ താരങ്ങള്‍ മാറിയതില്‍ അത്ഭുതപ്പെടാനില്ല.

മലയാള സിനിമയുടെ പശിമയ്ക്ക് മദിരാശിയും പ്രാന്തപ്രദേശമായ കോടമ്പാക്കവും നല്‍കിയ സംഭാവനകളുടെ ഓര്‍മ്മകളുമായി ഞങ്ങളും പറക്കട്ടെ, കേരളത്തിന്‍റെ പച്ചപ്പിലേക്ക്.
ശുഭം.
-കട്ട്-

(സ്ക്രിപ്റ്റ് - പ്രദീപ് ആനക്കൂട്, ബിജു ഗോപിനാഥന്‍, മനോജ് വാഴമല, ബെന്നി ഫ്രാന്‍സീസ്
ക്യാമറ - ഗോപകുമാര്‍)