ജോര്‍ജ്ജിയയ്‌ക്ക് ആശ്വാസം മനിഷര്‍

ബുധന്‍, 13 ഓഗസ്റ്റ് 2008 (18:05 IST)
PROPRO
റഷ്യയുടെ കനത്ത ആക്രമണങ്ങള്‍ക്ക് മുന്നില്‍ പകച്ചുപോയ ജോര്‍ജ്ജിയയ്‌ക്ക് സന്തോഷത്തിനുള്ള വക ബുധനാഴ്ച ബീജിംഗില്‍ നിന്നും ലഭിച്ചു. ജോര്‍ജ്ജിയയുടെ ഗുസ്തി താരം മാനിഷര്‍ വിര്‍ക്ക്വേലിയ ഒളിമ്പിക്‍സില്‍ സ്വര്‍ണ്ണനേട്ടം നടത്തി. 74 കിലോ ഗ്രീക്കോ-റോമന്‍ ഗുസ്തിയിലാണ് മനിഷര്‍ സ്വര്‍ണ്ണം കണ്ടെത്തിയത്.

ചൈനീസ് താരം ചാംഗ് യോംഗ് സിയാംഗിനെ പരാജയപ്പെടുത്തിയാണ് ജോര്‍ജ്ജിയ ഗുസ്തിയില്‍ ഒന്നാമതെത്തിയത്. നിലവിലെ ഒളിമ്പിക്‍സ് ചാമ്പ്യന്‍ കൂടിയാണ് ചാംഗ്. ഒന്നാം ഭാഗത്തില്‍ 6-0 കണ്ടെത്തിയ മനിഷര്‍ രണ്ടാമത്തെ ഭാഗത്ത് 3-0 പോയിന്‍റ് കണ്ടെത്തി. ബീജിംഗില്‍ ജോര്‍ജ്ജിയ കണ്ടെത്തുന്ന ആദ്യ സ്വര്‍ണ്ണമാണിത്.

ഫ്രഞ്ച് താരം ക്രിസ്റ്റഫ് ഗ്വാനോട്ട് ഈ വിഭാഗത്തില്‍ വെങ്കല മെഡലിനു അര്‍ഹനായി. ഗുസ്തി വേദിയില്‍ ഫ്രാന്‍സിനും സന്തോഷത്തിന്‍റെ ദിനമായിരുന്നു ബുധനാഴ്ച. 84 വര്‍ഷത്തിനു ശേഷം ഒളിമ്പിക്‍സില്‍ ഗുസ്തി ഇനത്തില്‍ ആദ്യമായി ഫ്രാന്‍സ് സ്വര്‍ണ്ണം കണ്ടെത്തിയത് സ്റ്റീവ് ഗ്വെനോട്ടിലൂടെ ആയിരുന്നു.

ഗ്രീക്കോ റോമന്‍ വിഭാഗത്തിലെ 64 കിലോ ഇനത്തിലായിരുന്നു ഗ്വെനോട്ടിന്‍റെ സ്വര്‍ണ്ണ നേട്ടം. 74 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയ ക്രിസ്റ്റോഫ് ഗ്വാനോട്ട് സ്റ്റീവിന്‍റെ ജേഷ്ഠനാണ്. 22 കാരനായ ഗ്വാനോട്ട് കീഴടക്കിയത് കിര്‍ഗിസ്ഥാന്‍റെ ബഗലീവിനെ ആയിരുന്നു. 3-0, 3-1 എന്ന സ്കോറിനായിരുന്നു വിജയം. ഉക്രയിന്‍ താരം അര്‍മന്‍ വര്‍ദ്യാനും ബലാറസിന്‍റെ സിയാമിയോനുവും സംയുക്തമായി വെങ്കല മെഡലിന് അര്‍ഹരായി.

വെബ്ദുനിയ വായിക്കുക