ബോക്സിംഗിലൂടെ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മൂന്നാമത്തെ വ്യക്തിഗത മെഡല്‍ ഉറപ്പാക്കിയ വിജേന്ദ്രര്‍ ഇടിക്കൂട്ടിലേക്ക് വീണ്ടും ഇറങ്ങും. സെമി ഫൈനല്‍ മത്സരത്തിനായി ഇറങ്ങുന്ന ഇന്ത്യന്‍ താരം ഫൈനല്‍ തന്നെയാണ് ലക്ഷ്യമിടുന്നത്. ക്യൂബന്‍ താരമായ എമിലിയോ ബയോക്സിനെയാണ് ഇന്ത്യന്‍ താരത്തിനു എതിരാളി.
ഒരുമെഡല്‍ ഉറപ്പാക്കിയിരിക്കുന്ന ഇന്ത്യന്‍ താരത്തിനു 100 ശതമാനം പോരാട്ടം തന്നെ പുറത്തെടുക്കാനാകുമെന്ന് പരിശീലകന് ജി എസ് സന്ധു വ്യക്തമാക്കി. ഇന്ത്യന്‍ താരത്തിനു സെമി ഫൈനലില്‍ കനത്ത പോരാട്ടം തന്നെ നടത്തേണ്ടി വരും. പാന്‍ അമേരിക്കന്‍ ചാമ്പ്യനായ എമിലിയോ ലോക മൂന്നാം നമ്പര്‍ ബോക്സിംഗ് താരമാണ്.
സ്വര്‍ണ്ണ നേട്ടത്തിലേക്ക് ഉയരാനുള്ള ആത്മ വിശ്വാസവും ഇന്ത്യന്‍ താരത്തിനുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.45 നാണ് ഇന്ത്യന്‍ താരത്തിന്റെ മത്സരം. ഒരു കടുത്ത ദൈവ വിശ്വാസി കൂടിയായ ഇന്ത്യന്‍ പ്രതീക്ഷ മത്സരത്തിനു മുമ്പ് തികഞ്ഞ പ്രാര്‍ത്ഥനയിലാണ്. താരത്തിന്റെ നേട്ടത്തിനായി ഇന്ത്യ ഒട്ടാകെയും പ്രതീക്ഷയുമായി കാത്തിരിക്കുന്നു.