ജമൈക്കന്‍ താരമായ ഉസൈന്‍ ബോള്‍ട്ട് റെക്കോഡ് ബുക്കിലേക്ക് കയറാന്‍ ഒരുങ്ങുകയാണ്. വെള്ളിയാഴ്ച നടക്കുന്ന സ്പ്രിന്‍റ് മത്സരങ്ങളിലൂടെ മൂന്നാം സ്വര്‍ണ്ണമാണ് ജമൈക്കന്‍ താരം ലക്‌ഷ്യമിടുന്നത്. 4x100 മീറ്റര്‍ മത്സരത്തില്‍ താരത്തിനൊപ്പം 100 മീറ്ററിലെ പ്രധാന എതിരാളിയായ അസാഫാ പവലും ജമൈക്കയ്ക്കായി മത്സരിക്കുന്നുണ്ട്.
നീന്തല്‍ കുളത്തില്‍ അമേരിക്കന്‍ താരം മൈക്കല്‍ ഫെല്പ്‌സ് കണ്ടെത്തിയ നേട്ടം ട്രാക്കില്‍ കണ്ടെത്താനുള്ള നീക്കമാണ് ബോള്‍ട്ട് നടത്തുന്നത്. 100 മീറ്ററിലും 200 മീറ്ററിലും ലോകറെക്കോഡോടെ സ്വര്‍ണ്ണമണിഞ്ഞ താരത്തിന് റിലേയിലും ലോക റെക്കോഡ് തികയ്‌ക്കാനായാല്‍ വമ്പന്‍ നേട്ടമായി തീരും.
പ്രധാന എതിരാളികളായ അമേരിക്കയും ബ്രിട്ടനും യോഗ്യത നേടാനാകാതെ പുറത്ത് പോയത് കരീബിയയില്‍ നിന്നുള്ള രാജ്യത്തിന്‍റെ കാര്യം കൂടുതല്‍ എളുപ്പമാക്കി. വെള്ളിയാഴ്ച 21 ഫൈനല്‍ മത്സരങ്ങള്‍ നടക്കാനിരിക്കെ ഏതാനും മത്സരങ്ങളില്‍ കൂടി വിജയം കണ്ടെത്താനാണ് അമേരിക്കയുടെയും ജമൈക്കയുടെയും ശ്രമം.
ഒളിമ്പിക്‍സ് രണ്ട് ദിവസം കൂടി മാത്രം അവശേഷിക്കുമ്പോള്‍ മെഡല്‍ നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത് ആതിഥേയരായ ചൈനയാണ്. 46 സ്വര്‍ണ്ണവുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന അവര്‍ക്ക് പിന്നില്‍ 29 സ്വര്‍ണ്ണവുമായി അമേരിക്കയും 17 സ്വര്‍ണ്ണവുമായി ബ്രിട്ടനും 16 സ്വര്‍ണ്ണവുമായി റഷ്യയും നില്‍ക്കുന്നു.