പരാജയം യു എസ് വിലയിരുത്തും

വെള്ളി, 22 ഓഗസ്റ്റ് 2008 (15:27 IST)
PROPRO
ഒളിമ്പിക്സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍ നേരിട്ട തിരിച്ചടികള്‍ പോസ്റ്റ്മാര്‍ട്ടം ചെയ്യാന്‍ ഒരുങ്ങുകയാണ് യു എസ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്. അമേരിക്കന്‍ സ്പ്രിന്‍റര്‍മാര്‍ ജമൈക്കന്‍ താരങ്ങള്‍ക്ക് മുന്നില്‍ പരാജയപ്പെട്ടത് നിരാശാജനകമായതായി യു എസ് എ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് എക്സിക്യുട്ടീവ് വിലയിരുത്തി.

ലോകത്തിലെ ഏറ്റവും മികച്ച റിലേ ടീമായി വിലയിരുത്തപ്പെടുന്ന അമേരിക്കന്‍ ടീമിന് 4x100 മീറ്റര്‍ റിലേയില്‍ യോഗ്യത പോലും നേടാനായില്ല. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ബാറ്റണ്‍ കൈമാറുന്നതിലെ പിഴവ് അമേരിക്കയെ അയോഗ്യരാക്കി. അമേരിക്കന്‍ ടീം ബാറ്റണ്‍ താഴെയിട്ടത് നിരാശപ്പെടുത്തിയെന്ന് എക്സിക്യുട്ടീവ് ഓഫീസര്‍ ലോഗന്‍ പറഞ്ഞു.

യു എസ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് കാര്യത്തില്‍ ഒരു അവലോകനം ആവശ്യമാണെന്നും താരങ്ങളെ തെരഞ്ഞെടുക്കാനും അവര്‍ക്ക് പരിശീലനം നല്‍കാനും ഇത് ഗുണകരമാകുമെന്നും വിലയിരുത്തുന്നു. 1976 നു ശേഷം അമേരിക്കന്‍ ടീം സ്പ്രിന്‍റ് മത്സരങ്ങളില്‍ പരാജയപ്പെടുന്നത് ഇതാദ്യമായിട്ടാണ്. 2004 ഒളിമ്പിക്‍സ്, 2005, 07 ലോക ചാമ്പ്യന്‍ഷിപ്പികളിലും മെഡല്‍ പട്ടികയില്‍ ഒന്നാമതായിരുന്നു അവര്‍.

ഉസൈന്‍ ബോള്‍ട്ട് രണ്ടിനങ്ങളില്‍ കണ്ടെത്തിയ ലോക റെക്കോഡ് ഉള്‍പ്പടെ നാലിനങ്ങളില്‍ ജമൈക്കന്‍ അത്‌ലറ്റുകള്‍ സ്വര്‍ണ്ണം നേടിയിരുന്നു. അതേ സമയം അമേരിക്കന്‍ ടീമില്‍ ഉണ്ടായിരുന്ന ലോക ചാമ്പ്യന്‍ ടൈസണ്‍ ഗേയ്ക്ക് മെച്ചപ്പെട്ട പ്രകടനം പോലും നടത്താനായില്ല. 100 മീറ്ററില്‍ യോഗ്യത നേടാനാകാതെ പോയ ടൈസന്‍ ഗേ 200 മീറ്ററില്‍ നിന്നും പിന്‍‌മാറുകയും ചെയ്തു. അലിസണ്‍ ഫെലിക്സിനും സാന്യാ റിച്ചാഡിനും സ്വര്‍ണ്ണം നേടാനായില്ല.

വെബ്ദുനിയ വായിക്കുക