ഒളിമ്പിക്‍സിലെ ഏറ്റവും ശ്രദ്ധേയമായ ഹീറ്റ്‌സ് മത്സരങ്ങള്‍ വെള്ളിയാഴ്ച തുടങ്ങും. ഏറ്റവും വേഗമേറിയ മൂന്ന് പേരില്‍ ആരൊക്കെ ഫൈനല്‍ മത്സരത്തിനുണ്ടാകുമെന്ന് വെള്ളിയാഴ്ച അറിയാം. 100 മീറ്റര്‍ ഫൈനല്‍ ശനിയാഴ്ച നടക്കും.
നിലവിലുള്ള ലോകറെക്കോഡുകാരന്‍ ഉസൈന്‍ ബോള്‍ട്ട്, അമേരിക്കക്കാരന്‍ ടൈസന്‍ ഗേ ജമൈക്കക്കാരായ മുന്‍ ലോകറെക്കോഡുകാരന്‍ അസഫാ പവല് എന്നിവരില്‍ ആര് ലോക ചാമ്പ്യനാകുമെന്ന കാത്തിരിപ്പിലാണ് ലോകം.
ചൈനയുടെ ലിയൂ സിയാങ്ങും ക്യൂബയുടെ ഡയ്‌റന്‍ റോബിള്‍സും നേര്‍ക്ക് നേര്‍ വരുന്ന 110 മീറ്റര്‍ ഹര്‍ഡില്‍സ്, എത്യോപ്യന്‍ പോരാളികള്‍ പ്രമുഖരാകുന്ന 10000 മീറ്റര്‍ മത്സരം എന്നിവയിലാണ് മറ്റ് പോരാട്ടങ്ങള്‍.
ദീര്‍ഘദൂര ഓട്ടത്തെ പ്രണയിക്കുന്ന എത്യോപ്യയുടെ പ്രതീക്ഷകള്‍ മൂന്നു തവണ ലോകചാമ്പ്യന്‍പട്ടം നേടിയ തിരുണിഷ് ഡിബാബയും സഹോദരി എജുഗേയഹു ഡിബാബയും മെസ്താവെറ്റ് തുഫയുമാണ്.
20 കിലോമീറ്റര്‍ നടത്തം, വനിതകളുടെ ഷോട്ട്പുട്ട്, വനിതകളുടെ ഹെപ്റ്റാത്തലണ്‍, പുരുഷന്മാരുടെ 100 മീറ്റര്‍ എന്നീ ഇനങ്ങളിലാണ് ശനിയാഴ്ച ഫൈനല്‍ നടക്കുന്നത്. വനിതകളുടെ സ്റ്റീപ്പിള്‍ചേസ്, മാരത്തണ്‍, ട്രിപ്പിള്‍ ജംപ്, 100 മീറ്റര്‍, പുരുഷന്മാരുടെ ഹാമര്‍ത്രോ, 10000 മീറ്റര്‍ എന്നീ ഇനങ്ങളുടെ ഫൈനല്‍ ഞായറാഴ്ച നടക്കും.