ബ്രസീലിന്‍റെ സൂപ്പര്‍ പടയെ തെല്ലും ഭയക്കാതെ പോരാടിയ അമേരിക്കന്‍ വനിതാ ടീം ഒളിമ്പിക്‍സ് സ്വര്‍ണ്ണം നിലനിര്‍ത്തി. വ്യാഴാഴ്ച നടന്ന ഫൈനലില്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കീഴടക്കിയത്. നാല് വര്‍ഷം മുമ്പ് ഏതന്‍സില്‍ അധിക സമയത്തെ ഗോളിനു കീഴടക്കിയതിന്‍റെ സമാന പ്രകടനം പുറത്തെടുക്കുക ആയിരുന്നു.
ബ്രസീലിയന്‍ മുന്നേറ്റക്കാരിലെ പ്രമുഖരായ മാര്‍ത്തയുടെയും ക്രിസ്റ്റിയന്‍റെയും സമ്മര്‍ദ്ദത്തെ സമര്‍ത്ഥമായി അതിജീവിക്കാന്‍ അമേരിക്കന്‍ പ്രതിരോധത്തിനു കഴിഞ്ഞതാണ് അവര്‍ക്ക് വിജയം പകര്‍ന്ന് നല്‍കിയത്. കളിയുടെ അവസാന സമയത്ത് അമേരിക്കന്‍ താരം കാര്‍ലി ലോയ്‌ഡായിരുന്നു വിജയം കുറിച്ച ഗോള്‍ ബ്രസീലിയന്‍ വലയില്‍ പതിപ്പിച്ചത്.
വര്‍ക്കേഴ്സ് സ്റ്റേഡിയത്തില്‍ ആക്രമണ പ്രത്യാക്രമണങ്ങള്‍ ഉയര്‍ത്തി ഇരു ടീമുകളും ഒട്ടേറെ ഗോള്‍ അവസരങ്ങള്‍ ഒരുക്കിയതിനാല്‍ വിരസമല്ലാത്ത ഒരു മത്സരമായിരുന്നു കാണികള്‍ക്ക് ലഭിച്ചത്. ഈ വിജയം അമേരിക്കന്‍ ടീമിനു മധുരമായ ഒരു പക വീട്ടല്‍ കൂടിയായി. ലോകകപ്പ് സെമിയില്‍ അമേരിക്ക ബ്രസീലിനോട് 4-0 നു പരാജയപ്പെട്ടിരുന്നു.
തുടക്കത്തില്‍ തന്നെ ബ്രസീല്‍ ഗോള്‍ സ്കോര്‍ ചെയ്യേണ്ടതായിരുന്നു എന്നാല്‍ ക്രിസ്റ്റിയന്‍റെ ശ്രമം അമേരിക്കന്‍ ഗോളി ഹോപ് സോളോ സധൈര്യം രക്ഷപ്പെടുത്തുക ആയിരുന്നു. തൊട്ട് പിന്നാലെ തന്നെ അമേരിക്കന്‍ പ്രതിരോധം കീറിമുറിച്ച് മുന്നേറിയ മാര്‍ത്ത ഗോള്‍ വരെയെത്തിയെങ്കിലും ഷോട്ട് ലക്‍ഷ്യത്തില്‍ നിന്നും ഒട്ടേറെ മാറി പുറത്തേക്ക് പോയി.