എന്‍ആര്‍ഐ നിക്ഷേപം മൈക്രോഫിനാന്‍സിലേക്ക്

ശനി, 27 ഒക്‌ടോബര്‍ 2007 (14:16 IST)
PROPRO
വിദേശ ഇന്ത്യക്കാരുടെ നിക്ഷേപങ്ങള്‍ മൈക്രോ ഫൈനന്‍സ്‌ മേഖലയിലേക്ക്‌ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന്‌ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. അബുദാബിയില്‍ ഇന്ത്യന്‍ എംബസിയില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൈക്രോ ഫൈനന്‍സിന്‍റെ പ്രാധാന്യത്തെ കുറിച്ചു പറഞ്ഞ അദ്ദേഹം സ്ത്രീ ശാക്തീകരണത്തിലൂടെ ഇന്ത്യന്‍ ഗ്രാമങ്ങളെ സ്വയം പര്യാപ്തമാകുന്നതിന്‌ മൈക്രോ ഫിനാന്‍സിംഗ്‌ സംവിധാനം ഏര്‍പ്പെടുത്തുമെന്നു വിശദമാക്കി. വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ഈ മേഖലയില്‍ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്‌ സംബന്ധിച്ച പദ്ധതികള്‍ 2008 ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രവാസി സംഗമത്തില്‍ പദ്ധതി പ്രഖ്യാപിക്കുമെന്ന്‌ രവി വ്യക്തമാക്കി.

ഇക്കുറി കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്‌ വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതികള്‍ക്കാകും.

വിദേശ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ടിംഗ്‌ രംഗത്തെ തെറ്റായ പ്രവണതകളും കബളിപ്പിക്കലും ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ഏറെക്കുറെ വിജയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക