നിതാഖാത്: സൗദിയില്‍നിന്ന് മടങ്ങുന്നവരെ നാട്ടിലെത്തിക്കാന്‍ പ്രത്യേകവിമാനം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യും

വെള്ളി, 7 ജൂണ്‍ 2013 (15:43 IST)
PRO
നിതാഖാത് നിയമപ്രകാരം സൗദിയില്‍നിന്ന് മടങ്ങുന്നവരെ നാട്ടിലെത്തിക്കാന്‍ പ്രത്യേകവിമാനം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുമെന്ന് പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട നിയമസഭാ സമിതി. സൗദി അറേബ്യയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കായി നിയമസമസഭാ സമിതി മലപ്പുറത്ത് സിറ്റിങ് നടത്തി.

തൊഴില്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള വിശദമായ റിപ്പോര്‍ട്ട് അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ് സമര്‍പ്പിക്കുമെന്ന് സമിതി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി വ്യക്തമാക്കി. സൌദിയില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങേണ്ടി വന്ന തങ്ങള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ പലിശ രഹിത വായ്പയായി സഹായം നല്‍കണമെന്ന് നിയമസമസഭാ സമിതിയുടെ സിറ്റിങ്ങിനെത്തിയവര്‍ ആവശ്യപ്പെട്ടു. .

നാട്ടിലെത്തിയവര്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമുണ്ടാക്കണം. സൌദിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും പ്രവാസി ക്ഷേമകാര്യ ഓഫീസില്‍ നിന്നും മോശമായ പെരുമാറ്റമുണ്ടാവുന്നതായി സിറ്റിങ്ങില്‍ പരാതി ഉയര്‍ന്നു.

നിതാഖാതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പായി ആയിരക്കണക്കിന് പേര്‍ നാട്ടിലേക്ക് വരാന്‍ ഇന്ത്യന്‍ എംബയിലെത്തിയിട്ടുണ്ട്. ഇവര്‍ക്കായി പ്രത്യേക വിമാന സര്‍വീസ് ഏര്‍പ്പെടുത്തണമെന്ന് അടിയന്തരമായി സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും സമിതി ചെയര്‍മാന്‍ വ്യക്തമാക്കി. സമിതി അംഗങ്ങളായ കെ.വി അബ്ദുല്‍‌ഖാദര്‍, എ പി അബ്ദുല്ലക്കുട്ടി എന്നിവരും സിറ്റിങ്ങില്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക