നിതാഖാത്തിനെ തുടര്‍ന്ന് വിദേശ തൊഴിലാളികള്‍ക്ക് പദവി ശരിയാക്കാനുള്ള പ്രഖ്യാപനം വന്നശേഷം രാജ്യത്തെ വിവിധ കമ്പനികളില്‍ 6000 ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നേടാന്‍ സാധിച്ചതായി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായിയെ ഉദ്ധരിച്ച് ഒരു പ്രാദേശിക പത്രം വ്യക്തമാക്കി. ഇക്കഴിഞ്ഞ ഏപ്രിലിലാണ് തൊഴില്‍ താമസ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവര്‍ക്ക് പദവി ശരിയാക്കാന്‍ സമയമനുവദിച്ച് പ്രഖ്യാപനമുണ്ടായത്. പതിനായിരത്തിലധികം പേര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റം, ഇഖാമ പുതുക്കല്‍, പ്രഫഷന്‍ മാറ്റം തുടങ്ങി പദവി ശരിയാക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ചെയ്തൂകൊടുത്തിട്ടുണ്ട്.
തൊഴിലന്വേഷകരായ ആളുകള്‍ കോണ്‍സുലേറ്റിലത്തെുമ്പോള്‍ കമ്പനികളെ വിളിച്ച് പദവി ശരിയാക്കിയ ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനകം മൂന്ന് തൊഴില്‍മേളകള്‍ സംഘടിപ്പിച്ചു. രാജ്യത്തെ 200 ഓളം സൗദി, ഇന്ത്യന്‍ കമ്പനികള്‍ മേളയില്‍ പങ്കെടുത്തിരുന്നു. ഇതിലൂടെ 6000 ഓളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ നേടിക്കൊടുത്തു. 95 ശതമാനം തൊഴിലാളികളും കരാര്‍, സാങ്കേതിക മേഖലയിലാണ് ജോലി നോക്കിയത്. ബാക്കിയുള്ളവര്‍ എന്‍ജിനീയറിങ്, അക്കൗണ്ടിങ്, ഹോട്ടല്‍ തുടങ്ങിയ മേഖലകളിലാണെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
സൗദി ഗവണ്‍മെന്‍റ് നല്‍കിയ സമയപരിധി ഉപയോഗപ്പെടുത്തി പദവി എത്രയും വേഗം ശരിയാക്കേണ്ടതിന്‍െറ പ്രാധാന്യം തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്. തൊഴില്‍മേഖല വ്യവസ്ഥാപിതമാക്കാന്‍ അതാവശ്യമാണ്. പാസ്പോര്‍ട്ട് സംബന്ധമായ കാര്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ ചിലരുടെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കോണ്‍സുലേറ്റ് ചില പ്രയാസങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. പാസ്പോര്‍ട്ട് സ്പോണ്‍സറുടെ അടുക്കല്‍ നിന്ന് നഷ്ടപ്പെട്ടതിനാല്‍ എന്‍ട്രി നമ്പറോ പാസ്പോര്‍ട്ട് കോപ്പിയോ ഇല്ലാത്തവരുണ്ട്. സൗദി പാസ്പോര്‍ട്ട് അധികൃതരുമായി ബന്ധപ്പെട്ട് ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.