ഉത്തരേന്ത്യയില്‍ ആയുധപൂജയും ദക്ഷിണേന്ത്യയില്‍ അക്ഷരപൂജയുമായാണ് ദുര്‍ഗ്ഗാഷ്ടമി ആഘോഷിക്കുന്നത്. ദക്ഷിണ ഭാരതത്തില്‍ ഈ ദിനം സരസ്വതി പൂജയാണ് നടത്തുന്നത്‍. ദേവീക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ ലളിതാസഹസ്ര നാമത്തോടെ പൂജാകര്‍മ്മങ്ങള്‍ ആരംഭിച്ചു.
ദൂര്‍ഗ്ഗാഷ്ടമി ദിവസം രാവിലെ ദേവീമഹാത്മ്യത്തിലെ പതിനൊന്നാം അധ്യായം വായിക്കണമെന്നാണ് ആചാര്യന്മാര്‍ നിര്‍ദേശിക്കുന്നത്. ദേവിയുടെ മൂന്ന് ഭാവങ്ങളായ ദുര്‍ഗ്ഗ, സരസ്വതി, ലക്ഷ്മി എന്നിവയാണ് മൂന്ന് ദിവസങ്ങളില്‍ ആരാധിക്കുക.
നവരാത്രി കാലത്തെ ആദ്യ മൂന്ന് ദിവസം ദുര്‍ഗ്ഗദേവിക്കും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിക്കും ബാക്കി മൂന്ന് ദിവസം സരസ്വതിക്കും ആണ് പ്രധാനം. ദുര്‍ഗ്ഗാ ദേവിയെ ഇച്ഛയുടെ ശക്തിയായാണ് കരുതുന്നത്. സരസ്വതിദേവിയെ ‘ജ്ഞാന’ ശക്തിയായും ലക്ഷ്മി ദേവിയ ‘ക്രിയ’ ശക്തിയായും സങ്കല്‍പിച്ചിരിക്കുന്നു.
ശാന്ത ഭാവത്തിലും രൗദ്രഭാവത്തിലും ഇരിക്കുന്ന ദുര്‍ഗ്ഗയുടെ രൂപങ്ങളാണ് പര്‍വ്വതിയും അന്ന പൂര്‍ണ്ണേശ്വരിയും ഭവാനിയും ജഗദംബികയും ഹൈമവതിയുമെല്ലാം. ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ വീടുകളിലും ക്ഷേത്രങ്ങളിലും ബൊമ്മക്കൊലു ഒരുക്കുന്നു.
മഹാദശമി ദിവസം രാവിലെ ശങ്കരാചാര്യരുടെ കനകധാരസ്തവം ചൊല്ലണമെന്നാണ്. വിജയദശമി ദിവസം രാവിലെ ലളിതസഹസ്രനാമം ജപിക്കണം.
ദേവിമഹാത്മ്യത്തിലെ പതിനൊന്നാം അദ്ധ്യായം നിത്യേന പാരായണം ചെയ്യുന്നത് സര്‍വ്വപാപങ്ങളും അകലും എന്നാണ് വിശ്വാസം. നാല്‍പത്തിയൊന്ന് ദിവസം സന്ധ്യാനേരങ്ങളില്‍ കുളികഴിഞ്ഞ് ചുമന്ന കരയുള്ള വസ്‌ത്രംധരിച്ച് ചുവന്ന പൊട്ട് തൊട്ട് ഒമ്പത് തിരിയിട്ട വിളക്ക് കൊളുത്തി ദേവിരൂപം മനസില്‍ ആവാഹിച്ച് ചുവന്ന പൂക്കള്‍ അര്‍പ്പിച്ചുകൊണ്ട് ദേവിമഹാത്മ്യം പാരായണം ചെയ്യണം.
ദേവിയെ സ്വന്തം അമ്മയായി സങ്കല്‍പിച്ച് പൂജിക്കുന്നതാണ് നവരാത്രിസങ്കല്‍പത്തിന്‍റെ ധന്യത.