ആദിപരാശക്തി അക്ഷരദേവതയായി കുടികൊള്ളുന്ന ഇടമാണ് കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രം. മലയാളദേശത്തിന്‍റെ വടക്കു ഭാഗത്തിന്‍റെ കാവല്‍ ശക്തിയായി കാണുന്നതും ഈ ശക്തിസ്വരൂപിണിയെയാണ്.
സ്ത്രീശക്തിയുടെ പരമമായ പ്രതീകമാണ് ആദിപരാശക്തി. അക്ഷരദേവതയായ ശക്തിസ്വരൂപിണിയാണ് മൂകാംബികയിലുള്ളത്.
ചതുര്‍ബാഹുവായ ദേവീരൂപമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്നത്. ഈ പ്രതിഷ്ഠയ്‌ക്ക് മുന്നിലെ ജ്യോതിര്‍ലിംഗം സ്വയംഭുവാണെന്നാണ് വിശ്വാസം. ശ്രീചക്രഭാവാത്മകമായ ജ്യോതിര്‍ലിംഗമാണത്.
ശംഖും ചക്രവും വരവും അഭയമുദ്രയും നാലുകൈകളിലായി ഏന്തി പത്മാസനത്തിലിരിക്കുന്ന ദേവീ രൂപം ആദിശങ്കരന്‍റെ നിര്‍ദേശപ്രകാരമാണ് പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം.
ശങ്കരപീഠത്തില്‍ നവാക്ഷരീകലശപ്രതിഷ്ഠ നടത്തുന്നതാണ് നവരാത്രി പൂജയിലെ പ്രത്യേകത. പാരമ്പര്യമായി ഈ പൂജക്ക് അനുമതി സിദ്ധിച്ചിട്ടുള്ള കുടുംബങ്ങളിലെ വിവാഹിതരായ യുവതികളെ ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തില്‍ വരെ പ്രവേശനം നല്‍കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
നവരാത്രിപൂജയോട് അനുബന്ധിച്ചാണ് മൂകാംബികയിലെ പ്രധാന പൂജകളെല്ലാം നടക്കുന്നത്. വിദ്യാരംഭം കുറിക്കുന്ന നവരാത്രികാലത്ത് മൂകാംബിക ദര്‍ശനം പരമപുണ്യമാണ്. കൊല്ലൂര്‍മൂകാംബികയ്ക്ക് മുന്നില്‍ വിദ്യ ആരംഭിക്കാന്‍ കഴിയുന്നത് പരമമായ ഭാഗ്യമായാണ് കരുതുന്നത്.
മഹാനവമി ദിവസമാണ് പ്രശസ്തമായ ശാരദാവിസര്‍ജ്ജന ചടങ്ങ് നടക്കുന്നത്. നവാക്ഷരീകലശം സ്വയംഭൂലിംഗത്തില്‍ അഭിഷേകം ചെയ്യുന്നതാണ് ഈ പൂജ.
നവരാത്രിക്കാലമാണ് മൂകാംബികയിലെ ഏറ്റവും പ്രധാനമായ കാലഘട്ടം. മൂംകാബികയില്‍ വിദ്യാരംഭം കുറിക്കുന്നത് പുണ്യമായി കുരുതുന്നു. കലയുടെയും സാഹിത്യത്തിന്‍റെയും ഉപാസകരെല്ലാം പ്രാര്‍ത്ഥിക്കുന്നത് മൂകാംബികയെയാണ്.
വടക്ക് കൊല്ലൂര്‍ മൂകാംബിക, തെക്ക് കന്യാകുമാരി, കിഴക്ക് പാലക്കാട് ഹേമാംബിക, പടിഞ്ഞാറ് കൊടുങ്ങല്ലൂര്‍ ഭദ്രാംബിക എന്നീ നാല് ദേവീരൂപങ്ങളുടെ കാവലിലാണ് മലയാളദേശമെന്നാണ് പറഞ്ഞു വരുന്നത്.