സീതയെ വീണ്ടെടുക്കാനായി ശ്രീരാമചന്ദ്രനാണ് ആദ്യം നവരാത്രി വ്രതം നോറ്റത് എന്നാണ് ഐതീഹ്യം. ഒമ്പത് ദിനം ദേവീ പൂജ നടത്തി വ്രതം നോറ്റ ശ്രീരാമന് സീതാ ദേവിയെ വീണ്ടെടുത്തു. സര്‍വകാര്യ സിദ്ധിക്കും ഒപ്പം വിദ്യാ വിജയത്തിനുമാണ് നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്.
അമാവാസി മുതലാണ് വ്രതം തുടങ്ങേണ്ടത്. രാവിലെ കുളി കഴിഞ്ഞ് ക്ഷേത്ര ദര്‍ശനം നടത്തണം. ദിനവും ഒരു നേരം മാത്രമേ അരിയാഹാരം പാടുള്ളൂ. വിദ്യാലാഭത്തിനായി സരസ്വതീ ദേവിയെയാണ് ഭജിക്കേണ്ടത്.
“സരസ്വതി നമസ്തുഭ്യം വരദേ കാമ രൂപിണേ വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതു മേ സദാ” - എന്ന മന്ത്രം വ്രതദിനങ്ങളില്‍ ഉരുവിടുന്നത് അതി ശ്രേഷ്ഠമായി കണക്കാക്കുന്നു.
എല്ലാ ദിവസവും വ്രതം നോക്കാന്‍ കഴിയാത്തവര്‍ സപ്തമി, അഷ്ടമി, നവമി എന്നീ ദിവസങ്ങളില്‍ വ്രതം നോക്കണം. മഹാകാളി, മഹാ ലക്ഷ്മി. സരസ്വതി എന്നീ ദേവീ ഭാവങ്ങളെയാണ് ഈ ദിനങ്ങളില്‍ പൂജിക്കേണ്ടത്. എന്നിരിക്കിലും, ഒമ്പത് ദിവസത്തെ വ്രതമാണ് അത്യുത്തമമായി കണക്കാക്കുന്നത്.
നവരാത്രി വ്രതകാലത്ത് സന്ധ്യയ്ക്ക് സൌന്ദര്യ ലഹരിയിലെ ഓരോ ശ്ലോകങ്ങളും പാരായണം ചെയ്താല്‍ കുടുംബത്തില്‍ ഐശ്വര്യം കുടിയിരിക്കുമെന്നാണ് വിശ്വാസം. ഒമ്പത് തിരിയിട്ട നിലവിളക്കിനു മുന്നില്‍ വേണം ശ്ലോകങ്ങള്‍ അര്‍ത്ഥം മനസ്സിലാക്കി പാരായണം ചെയ്യേണ്ടത്.